ബെംഗളൂരു∙ ബിഎംടിസി ബസ് പാസിനായി ഏർപ്പെടുത്തിയ ടുമോക്ക് ആപ്പിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു. സ്റ്റുഡന്റ് പാസും ഇനി ആപ് വഴി. പുതിയ അധ്യായനവർഷം തന്നെ പദ്ധതി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന്് ടുമോക്ക് ആപ് സിഇഒ ഹിരൺമയി മാലിക് പറഞ്ഞു. ഏപ്രിൽ ആദ്യവാരം ആരംഭിച്ച ടുമോക്ക് ആപ് ഉപയോഗിച്ച് 2 മാസത്തിനുള്ളിൽ 5000 പേർ പ്രതിമാസ പാസ് ബുക്ക് ചെയ്തിട്ടുണ്ട്.
കാഷ് ബാക്ക് സൗകര്യവും ആപ് നൽകുന്നുണ്ട്. ബിഎംടിസി ബസ് കൗണ്ടറുകളിൽ നിന്ന് മാത്രം നൽകിയിരുന്ന പ്രതിമാസ പാസ് ആപ് ഉപയോഗിച്ച് എടുക്കാൻ സാധിച്ചതോടെ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ജൂൺ മാസത്തിലെ പാസ് ഇന്ന് മുതൽ ആപ് ഉപയോഗിച്ച് എടുക്കാമെന്നും ഹിരൺമയി പറഞ്ഞു. മൊബൈൽ നമ്പറും പേരും നൽകുന്നതിനു പുറമേ സെൽഫി ചിത്രവും പാസിനായി അപ്‌ലോഡ് ചെയ്യണം.
യുപിഐ പേയ്മെന്റ് വഴി പണമടയ്ക്കാം. ബുക്ക് ചെയ്യുന്നതിന് 30 മിനിറ്റാണ് ആക്ടിവേഷൻ സമയം. ടുമോക് ആപ്പിലെ ക്യുആർ കോഡ് കണ്ടക്ടറുടെ ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രത്തിൽ (ഇടിഎം) സ്കാൻ ചെയ്യുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പ്, മെട്രോ സ്റ്റേഷൻ, ടിക്കറ്റ് നിരക്ക്, ബസ് നമ്പർ, റൂട്ട് എന്നിവയും ടുമോക്കിലൂടെ അറിയാം.