അർധരാത്രി വരെ മെട്രോ ഓടിയേക്കും

namma-metro
SHARE

ബെംഗളൂരു∙ നമ്മ മെട്രോ രാത്രി 12 വരെ നീട്ടുന്ന കാര്യം പരിഗണനയിലെന്ന് ബിഎംആർസി. സമയം നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യത്തിൽ ചർച്ച നടക്കുകയാണെന്നു ബിഎംആർസി ചീഫ് പിആർഒ യശ്വന്ത് ചവാൻ പറഞ്ഞു. നിലവിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 5 മുതൽ രാത്രി 11 വരെയാണു മെട്രോ പ്രവർത്തനം. ഞായറാഴ്ചകളിൽ 7 മുതൽ രാത്രി 11 വരെയും. 

ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികൾക്കു രാത്രിയിലെ ഇടവേള ആവശ്യമുണ്ടെന്നാണു ബിഎംആർസിയുടെ വിശദീകരണം. കഴിഞ്ഞ ഞായറാഴ്ച ട്വന്റി–20 മത്സരത്തോടനുബന്ധിച്ചു രാത്രി 1.30 വരെ മെട്രോ പ്രവർത്തിച്ചിരുന്നു. 

ക്രിക്കറ്റ് മത്സരമുള്ള ദിവസം മാത്രമല്ല, എല്ലാ ദിവസവും മെട്രോ കൂടുതൽ സമയം പ്രവർത്തിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. സിംഗപ്പൂർ, ദുബായ്, മുംബൈ നഗരങ്ങൾ പോലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗതാഗത സംവിധാനം നഗരവികസനത്തിന് ആവശ്യമാണെന്ന് വേണമെന്ന് യാത്രക്കാർ പറയുന്നു. 

നാഗസന്ദ്ര പാതയിൽ തിരക്കേറി

ഐകിയ ഹോം ഫർണിഷിങ് സ്റ്റോർ തുറന്നതിനെ തുടർന്ന് നാഗസന്ദ്ര പാതയിൽ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സ്റ്റോർ  ഉദ്ഘാടനം ചെയ്ത ബുധനാഴ്ച 19,266 പേരാണ് മെട്രോയിൽ യാത്രയ്‌ക്കെത്തിയത്. ചൊവ്വാഴ്ചത്തേതിലും 5467 യാത്രക്കാരുടെ വർധന. യാത്ര സുഗമമാക്കാൻ സ്റ്റോറിനെ മെട്രോ സ്റ്റേഷനുമായി നേരിട്ടു ബന്ധിപ്പിക്കുന്ന കാൽനട മേൽപാലം നിർമിക്കുന്നുണ്ട്. ഈ വർഷം അവസാനത്തോടെ ഇതിന്റെ നിർമാണം പൂർത്തിയാകും. കൂടുതൽ പേർ മെട്രോയെ യാത്രയ്‌ക്കായി തിരഞ്ഞെടുക്കുന്നത് ശുഭസൂചനയാണെന്നും വാരാന്ത്യദിനങ്ങളിൽ ഇതിലും കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിഎംആർസി അധികൃതർ പറഞ്ഞു.

രാത്രി ഗതാഗതം വേണം

കുറഞ്ഞത് രാവിലെ 3 മുതൽ രാത്രി 1 വരെയെങ്കിലും മെട്രോ പ്രവർത്തിക്കേണ്ടതുണ്ട്. പുലർച്ചെ മുതൽ കേരളത്തിൽ നിന്നുൾപ്പെടെ ബസുകളെത്തുന്നുണ്ട്. ഇങ്ങനെയെത്തുന്ന പലരും കൃത്യമായ ഗതാഗത സൗകര്യങ്ങൾ ലഭിക്കാതെ നഗരത്തിൽ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥയുണ്ട്. രാത്രി കൂടുതൽ സമയം പ്രവർത്തിക്കുന്നതു ഐ.ടി. മേഖലയിലുൾപ്പെടെ ജോലി ചെയ്യുന്നവർക്ക് ഏറെ ആശ്വാസകരമാകും.-ഐസക്ക്, മത്തിക്കര

ഓട്ടോ, ടാക്സി കൂലി കൂടുതൽ

മെട്രോ, ബസ് സർവീസുകളില്ലാത്തതിനാൽ രാത്രി 11–നുശേഷം ഓട്ടോ, ടാക്സി ഡ്രൈവർമാർ വലിയ തുകയാണ് കൂലിയായി ഈടാക്കുന്നത്. രാത്രിസമയം റോഡുകളിൽ യാത്രക്കാർ അക്രമിക്കപ്പെടുന്ന സംഭവങ്ങളും കൂടുന്നുണ്ട്. അതിനാൽ തന്നെ അറ്റകുറ്റപ്പണിക്കായുള്ള ചെറിയ ഇടവേള ഒഴികെ മുഴുവൻ സമയങ്ങളിലും സർവീസ് നടത്താൻ ബിഎംആർസി തയാറാകണം.-പ്രമോദ് ഉഡുപ, ജെപി നഗർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS