ADVERTISEMENT

ബെംഗളൂരു ∙ ജോലിയിൽ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി ശുചീകരണ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് മൂന്നാം ദിനം പിന്നിട്ടതോടെ നഗരത്തിൽ അങ്ങിങ്ങ് കുമിഞ്ഞു കൂടി മാലിന്യം.  കെആർ മാർക്കറ്റ്, റസൽ മാർക്കറ്റ് തുടങ്ങിയ വ്യാപാര കേന്ദ്രങ്ങളിലും പാതയോരങ്ങളിലും മാലിന്യക്കൂമ്പാരം ഉയർന്നതോടെ ദുർഗന്ധം മൂലം വഴി നടക്കാൻ പറ്റാത്ത സ്ഥിതിയായി. മൂക്കു പൊത്തിവേണം മിക്ക  പ്രദേശങ്ങളൂടെയും കടന്നുപോകാൻ. 5000 ടൺ മാലിന്യമാണ് നഗരം പ്രതിദിനം പുറന്തള്ളുന്നത്. 

ഇതിലേറെയും അപ്പാർട്മെന്റുകളിലും വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും നിന്നുള്ളവയാണ്. ഇവിടങ്ങളിൽ മാലിന്യം നീക്കുന്ന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് കഴിഞ്ഞ 3 ദിവസമായി ജോലിയിൽ നിന്നു വിട്ടുനിൽക്കുന്നത്. സമരം ഒത്തുതീർപ്പാകാതെ മുന്നോട്ടു പോയാൽ, വരും ദിവസങ്ങളിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾക്കു കൂടി ഇതു വഴിയൊരുക്കുമെന്ന് നഗരവാസികൾ ആശങ്കപ്പെടുന്നു. മഴ തുടരുന്നതിനിടെ ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികളും വ്യാപകമാണ്. 

പ്രശ്നം സർക്കാർ കേൾക്കണം

നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലായതോടെ നിർത്തിയിട്ടിരിക്കുന്ന മാലിന്യവണ്ടികൾ.

ബിബിഎംപി പരിധിയിലുള്ള പൗരകർമികർ ഉൾപ്പെടെ അയ്യായിരത്തിലധികം ശുചീകരണ തൊഴിലാളികളാണു ഫ്രീഡം പാർക്കിൽ പണിമുടക്ക് തുടരുന്നത്. ഇതിൽ സർക്കാർ നേരിട്ട് ശമ്പളം നൽകുന്ന വിഭാഗത്തെ ജോലിയിൽ സ്ഥിരപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ശനിയാഴ്ച ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും, രേഖാപരമായ ഉറപ്പുവേണമെന്ന നിലപാടിലാണ് ഈ വിഭാഗം. അതേസമയം കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരിൽ ഏറിയ പങ്കിനും 12000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. 18000 രൂപ മാസശമ്പളം നൽകുന്നതായി കരാറുകാർ അവകാശപ്പെടുമ്പോൾ, ബാക്കി പണം ഏവിടേക്കാണ് പോകുന്നതെന്ന് അറിയില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. ഈ പ്രശ്നങ്ങൾ സർക്കാർ കേൾക്കാൻ തയാറാകും വരെ പണിമുടക്ക് തുടരുമെന്നും അവർ വ്യക്തമാക്കി. 

ബ്ലാക് സ്പോട്ട് ചൂണ്ടിക്കാട്ടൂ; സർട്ടിഫിക്കറ്റ് നേടൂ

ജൈവ മാലിന്യവും കെട്ടിട അവശിഷ്ടങ്ങളും മറ്റും നഗരനിരത്തുകളിൽ പുറന്തള്ളുന്നവരെ ചൂണ്ടിക്കാണിക്കുകയോ ഇതു സംബന്ധിച്ച തെളിവു നൽകുകയോ ചെയ്യുന്നവർക്ക് ‘പരിസര ഹിതൈഷി’ സർട്ടിഫിക്കറ്റ് നൽകാൻ ബിബിഎംപി. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടില്ല. 

നഗരജനതയെ വലയ്ക്കുന്ന മാലിന്യ കൂമ്പാരങ്ങളായ ബ്ലാക് സ്പോട്ടുകൾക്ക് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം ലഭിച്ചാൽ കടുത്ത പിഴ ഈടാക്കുമെന്നും ബിബിഎംപി സർക്കുലറിലുണ്ട്. ബ്ലാക് സ്പോട്ടുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്ത ശേഷം ഇവിടങ്ങളിൽ വീണ്ടും മാലിന്യം തള്ളുന്നില്ലെന്ന് ഉറപ്പുവരുത്താനായി 3 മാസത്തേക്ക് ഗാർഡുമാരെ നിയോഗിക്കും. ഇത്തരം സ്ഥലങ്ങളിൽ സിസി ടിവികളും സ്ഥാപിക്കും

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com