ബെംഗളൂരു∙ നഗരത്തിലെ പാർക്കിങ് കേന്ദ്രങ്ങളിൽ 10 ശതമാനം സ്ഥലം സൈക്കിൾ പാർക്കിങ്ങിന് നീക്കിവയ്ക്കണമെന്ന നിർദേശവുമായി നഗരഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്). സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടും പാർക്കിങ് സ്ഥലമില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. ചില മാളുകളിലും അപ്പാർട്മെന്റുകളിലും മെട്രോ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ സൈക്കിൾ പാർക്കിങ്ങിന് സ്ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും ബിഎംടിസി ബസ് ഡിപ്പോ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സൈക്കിൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള സൗകര്യം നിലവിലില്ല.
സ്മാർട്ട് സിറ്റി പദ്ധതിയിൽ കൂടുതൽ റോഡുകളിൽ സൈക്കിൾ ട്രാക്ക് ഉൾപ്പെടെ നിർമിച്ചതോടെ വാഹനത്തിരക്കിൽപ്പെടാതെ സുരക്ഷിതമായി യാത്ര ചെയ്യാമെന്നതാണു കൂടുതൽ പേരെ ഇതിലേക്ക് ആകർഷിക്കുന്നത്. റോഡരികിലും മറ്റും പാർക്ക് ചെയ്യുന്ന സൈക്കിളുകൾ മോഷണം പോകുന്നതും പതിവാണ്. 2017ൽ നഗരത്തിൽ സൈക്കിൾ ഷെയറിങ് പദ്ധതി ആരംഭിച്ചിരുന്നെങ്കിലും ഇപ്പോൾ ഇത് കാര്യക്ഷമമല്ല. പാർക്കിങ് സൗകര്യത്തിന്റെ അപര്യാപ്തതയാണു പദ്ധതി പരാജയപ്പെടാൻ ഇടയാക്കിയതെന്ന് ആരോപണം ഉയർന്നിരുന്നു.
സൗജന്യ പാർക്കിങ് വേണം
സൗജന്യ പാർക്കിങ് അനുവദിക്കണമെന്ന് സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മ. വായുമലിനീകരണം രൂക്ഷമായ നഗരത്തിൽ പരിസ്ഥിതി സൗഹാർദ യാത്ര പ്രോത്സാഹിപ്പിക്കാൻ സൈക്കിൾ സവാരിക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലെ ചർച്ച് സ്ട്രീറ്റിൽ മാത്രമാണ് നടപ്പാതയിൽ സൈക്കിൾ സൗജന്യമായി പാർക്ക് ചെയ്യാനുള്ള ഡോക്കിങ് സ്റ്റാൻഡുകളുള്ളത്. വാരാന്ത്യങ്ങളിൽ ചർച്ച് സ്ട്രീറ്റിൽ വാഹനഗതാഗതം നിരോധിച്ചതോടെ സൈക്കിളുമായാണ് കൂടുതൽ പേർ ഷോപ്പിങ്ങിനും മറ്റും എത്തുന്നത്. സമീപത്തെ കബൺ പാർക്കും സൈക്കിൾ സവാരിക്കാരുടെ ഇഷ്ടകേന്ദ്രമാണ്. മടക്കി ഉപയോഗിക്കാവുന്ന (ഫോൾഡബിൾ) സൈക്കിളുകൾ മെട്രോ ട്രെയിനിൽ കൊണ്ടുപോകാൻ അനുമതിയുണ്ട്.
സ്ഥലം കണ്ടെത്താൻ നിർദേശം നൽകി: വി.മഞ്ജുള (ഡൽറ്റ് കമ്മിഷണർ)
"ബിബിഎംപിയുടെ 8 സോണുകളിൽ സൈക്കിൾ പാർക്കിങ്ങിനുള്ള സ്ഥലങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളിലും കോളജുകളിലും സൈക്കിൾ പാർക്കിങ് സ്ഥലം നേരത്തെ നിർബന്ധമാക്കിയിട്ടുണ്ട്. ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ കൂടുതലായി സൈക്കിളിൽ ഓഫിസിലെത്തുന്നുണ്ട്. ടെക്പാർക്കുകളിൽ ചില മാനേജ്മെന്റുകൾ സൗജന്യമായി പാർക്കിങ് സൗകര്യം അനുവദിക്കുന്നുണ്ട്."