ADVERTISEMENT

ബെംഗളൂരു∙ തന്റെ ജീവിതമാണു തന്റെ സന്ദേശമെന്ന് ഉറക്കെ പ്രഖ്യാപിച്ച രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലാണു കുമാരകൃപ റോഡിലെ ഗാന്ധി ഭവൻ. ജനനം മുതൽ മരണം വരെയുള്ള ഗാന്ധിയുടെ അപൂർവ ചിത്രങ്ങളും ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങളും അദ്ദേഹത്തിന്റെ എണ്ണമറ്റ പ്രതിമകളും ഇവിടത്തെ മ്യൂസിയത്തിലുണ്ട്. 

ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ സ്വപ്നങ്ങളെ നെഞ്ചിലേറ്റിയ മഹാത്മാവിന്റെ ഓർമകളാണ് ഗാന്ധി ഭവനിൽ എത്തുന്നവർക്ക് വഴികാട്ടിയാകുന്നത്. 1965–ൽ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ ആണ് ഗാന്ധി ഭവൻ ഉദ്ഘാടനം ചെയ്തത്. ഗാന്ധിയൻ ആദർശങ്ങൾ തലമുറകളിലേക്കു പകർന്നു നൽകുകയായിരുന്നു ലക്ഷ്യം. ഗാന്ധി സ്മാരക നിധിയെന്ന ആദ്യ പേരു പിന്നീട് ഗാന്ധി ഭവൻ എന്നു മാറ്റുകയായിരുന്നു. മ്യൂസിയത്തിനു പുറമേ പൊതുപരിപാടികൾ സംഘടിപ്പിക്കുന്ന 4 ഓഡിറ്റോറിയങ്ങളും ഇവിടെയുണ്ട്. 

ഗുണമേന്മയുള്ള ഖാദി ഉൽപന്നങ്ങൾ ലഭിക്കുന്ന വിപണന കേന്ദ്രവും ഇതിന്റെ ഭാഗമായുണ്ട്. ഹുബ്ബള്ളിയിലെ ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘ് നിർമിച്ച ദേശീയ പതാകയും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ ഇവിടെ ന്യായ വിലയ്ക്ക് ലഭിക്കും. ശിവാനന്ദ സർക്കിളിനു സമീപമാണു ഗാന്ധി ഭവൻ സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10.30 മുതൽ സൗജന്യമായി മ്യൂസിയം സന്ദർശിക്കാം. 

കാണാം, അപൂർവ ഗാന്ധി ചിത്രങ്ങൾ

ഗാന്ധിജിയുടെ ഗുജറാത്തിലെ ബാല്യം, ബ്രിട്ടനിലെ നിയമ പഠനകാലം, ദക്ഷിണാഫ്രിക്കയിൽ വർണ വിവേചനത്തിന് എതിരായുള്ള സമരം, സ്വാതന്ത്ര്യസമരം എന്നിവ ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് ഗാന്ധി ഭവനിലെ മ്യൂസിയം. പത്നി കസ്തൂർബയൊടൊപ്പമുള്ള ചിത്രം, കുടുംബചിത്രങ്ങൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും പരിചയപ്പെടാം.

ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സമ്മേളനങ്ങളുടെയും ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവും ദണ്ഡി മാർച്ചും അടക്കം സമര മുഖത്തെ ഗാന്ധിയുടെ വിവിധ മുഖങ്ങൾ ഇവിടെ കാണാം. ജവാഹർലാൽ നെഹ്റു, ഗോപാലകൃഷ്ണ ഗോഖലെ, രവീന്ദ്രനാഥ് ടഗോർ, ആനി ബസന്റ് എന്നിവർക്ക് ഗാന്ധിജി തന്റെ കൈപ്പടയിൽ എഴുതിയ കത്തുകളും ഇവിടെയുണ്ട്. 1942ൽ ക്വിറ്റ് സമരം പ്രഖ്യാപിച്ച് ഗാന്ധിജി നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗവും ഇവിടെ ചുമരിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com