ADVERTISEMENT

ബെംഗളൂരു∙ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ശിവാനന്ദ സർക്കിൾ മേൽപാലം പരീക്ഷണാടിസ്ഥാനത്തിൽ ഭാഗികമായി തുറന്നു. ശേഷാദ്രിപുരത്തു നിന്ന് റേസ് കോഴ്സ് റോഡിലേക്കുള്ള ഭാഗമാണ് തുറന്നത്.  പാലത്തിന്റെ ഉദ്ഘാടനം വൈകുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ടെന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. 

നേരത്തേ, സ്വാതന്ത്ര്യദിനത്തിൽ മേൽപാലം പൂർണമായും തുറക്കാൻ ബിബിഎംപി തീരുമാനിച്ചിരുന്നെങ്കിലും മഴയെത്തുടർന്ന് അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയായിരുന്നില്ല.റേസ് കോഴ്സ് റോഡിനെയും ശേഷാദ്രിപുരത്തെയും ബന്ധിപ്പിക്കുന്ന 492 മീറ്റർ സ്റ്റീൽ മേൽപാലത്തിന്റെ നിർമാണം 2017ലാണ് ആരംഭിച്ചത്. 

പാലം 90 ശതമാനം പൂർത്തിയായി മാസങ്ങളായിട്ടും ശേഷാദ്രിപുരം ഭാഗത്തെ അപ്രോച്ച് റോഡിന്റെ നിർമാണമാണ് പദ്ധതി വൈകിച്ചത്. റോഡ് നിർമാണത്തിനായി ഏറ്റെടുത്ത സ്ഥലത്തിന് മതിയായ നഷ്ടപരിഹാരം നൽകിയില്ലെന്ന് ആരോപിച്ച് ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. 2018 ഡിസംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിയുടെ നിർമാണ ചെലവ് 19.8 കോടിയിൽ നിന്ന് 39 കോടിയായി ഉയർന്നു. കോൺക്രീറ്റ് തൂണുകൾക്ക് പകരം ഇരുമ്പ് തൂണുകളാണ് പാലത്തെ താങ്ങി നിർത്തുന്നത്. ആദ്യം 6 തൂണുകൾ നിർമിക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് ഒടുവിൽ 16 തൂണുകളാണ് സ്ഥാപിച്ചത്.

കുരുക്കഴിയും; ബസ് യാത്രയും എളുപ്പം

പാലം നിർമാണം പാതിവഴിയിൽ നിലച്ചത് ശിവാനന്ദ സർക്കിളിൽ ഗതാഗതക്കുരുക്കിനു കാരണമായിരുന്നു. പണികൾക്കായി റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ വാഹനഗതാഗതം ഒരു വരി മാത്രമായി ചുരുങ്ങിയതാണ് കുരുക്ക് രൂക്ഷമാക്കിയത്. പാലത്തിലൂടെ ഗതാഗതം ഭാഗികമായിട്ടെങ്കിലും ആരംഭിച്ചത് റേസ് കോഴ്സ് റോഡ്, കുമാരകൃപ റോഡ്, യമുന ഭായ് റോഡ് എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കുറയാൻ കാരണമാകും. ശിവാജിനഗറിൽ നിന്ന് മല്ലേശ്വരം ഭാഗത്തേക്കുള്ള ബിഎംടിസി ബസുകൾക്കും ഇത് സഹായകമാകും. മേൽപാലം നിർമിക്കാൻ തുടങ്ങിയതോടെ ബസുകൾ വഴിതിരിച്ചു വിടുകയായിരുന്നു.

ഗതാഗതക്കുരുക്ക് കുറയ്ക്കാനാണ് ശിവാനന്ദ സർക്കിളിലെ മേൽപാലം ഭാഗികമായി തുറന്നത്. ശേഷിക്കുന്ന അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടരും. ഈ മാസം അവസാനത്തോടെ മേൽപാലം പൂർണമായും തുറന്നു കൊടുക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകേഷ്, (ബിബിഎംപി ചീഫ് എൻജിനീയർ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com