ADVERTISEMENT

ബെംഗളൂരു∙ റൈറ്റ് സഹോദരൻമാർ 1903ൽ പറത്തിയ ആദ്യ വിമാന മാതൃക, ചലിക്കുന്ന ദിനോസർ, ശാസ്ത്ര കൗതുകങ്ങൾ പരിചയപ്പെടുത്തുന്ന ത്രീഡി തിയറ്റർ അങ്ങനെ കസ്തുർബാ റോഡിലെ വിശ്വേശ്വരായ ശാസ്ത്ര സാങ്കേതിക മ്യൂസിയം സന്ദർശകർക്കായി കാത്തുവച്ചിരിക്കുന്ന അദ്ഭുതങ്ങൾ ഒട്ടേറെയാണ്.

4 നിലകളിലായി വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും വിശാലമായ ലോകമാണ് ഒരുക്കിയിരിക്കുന്നത്. 1962ൽ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്റുവാണ് വിശ്വേശ്വരായ ശാസ്ത്ര സാങ്കേതിക മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. രണ്ടാം നിലയിൽ സ്ഥിതി ചെയ്യുന്ന ബഹിരാകാശ സാങ്കേതിക വിദ്യയെക്കുറിച്ചു വിഭാഗമാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേഷ് ശർമയുടെ പ്രതിമ ഇവിടെയുണ്ട്. ഒപ്പം ബഹിരാകാശ യാത്രികരുടെ ഭക്ഷണം, അവരുടെ വസ്ത്രത്തിന്റെ പ്രത്യേകത എന്നിവ ചിത്രം സഹിതം വിവരിക്കുന്നു. ഒപ്പം ഇന്ത്യയുടെ ബഹിരാകാശ രംഗത്തെ നേട്ടങ്ങളും ഭാവിയിലെ ദൗത്യങ്ങളുമെല്ലാം സന്ദർശകർക്കു മുന്നിൽ എത്തിക്കുന്നുണ്ട്. 

കളികളിലൂടെ ശാസ്ത്രം പഠിക്കാം

കളികളിലൂടെ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താൻ സഹായിക്കുന്ന മാതൃകകളാണ് മ്യൂസിയത്തിലെ ഫൺ സയൻസ് വിഭാഗത്തിലുള്ളത്. മാജിക് വാട്ടർ ടാപ്പ്, വൈബ്രേറ്റിങ് സ്ട്രിങ്സ്, റൈസിങ് ബബിൾസ്, ഹെഡ് ഓൺ എ പ്ലേറ്റ് ഉൾപ്പെടെ വിവിധ ശാസ്ത്ര തത്വങ്ങളെ ആസ്പദമാക്കിയുള്ള 20ലധികം മാതൃകകളാണ് ഇവിടെയുള്ളത്. ഓരോ മാതൃകകളിലും ശാസ്ത്ര സംബന്ധമായ വിശദീകരണങ്ങളുമുണ്ട്.നൊബേൽ‍ പുരസ്കാരം, ഇലക്ട്രോണിക് സാങ്കേതിക വിദ്യ, ബയോ ടെക്നോളജി ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ വിവരങ്ങൾ നൽകുന്ന പ്രത്യേക വിഭാഗങ്ങളും മ്യൂസിയത്തിലുണ്ട്.

ആപ്പിലൂടെ ദിനോസറിന്റെ ചലനങ്ങൾ കാണാം

വിഐടിഎം ഡിനോ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് മ്യൂസിയത്തിലെ ദിനോസറിന്റെ മാതൃകയ്ക്കു ജീവൻ വയ്ക്കുന്നത് കാണാം. ഇതിനായി മ്യൂസിയത്തിലെ ദിനോസർ മാതൃകയെ മൊബൈലിലെ ആപ്പിലൂടെ നോക്കിയാൽ മതി. മ്യൂസിയത്തിലെ തിയറ്ററിലെ ത്രീഡി പ്രദർശനമുണ്ട്. രാവിലെ 11.15, ഉച്ചയ്ക്ക് 12.15, വൈകിട്ട് 3.15, 4.15 എന്നിങ്ങനെയാണ് സമയം. 40 രൂപയാണ് ടിക്കറ്റ് നിരക്ക്. കസ്തൂർബ റോഡിൽ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനു സമീപമാണ് വിശ്വേശ്വരായ ശാസ്ത്ര സാങ്കേതിക മ്യൂസിയം സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെയാണ് പ്രവർത്തന സമയം. 85 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com