ADVERTISEMENT

ബെംഗളൂരു∙ കബൺ പാർക്ക് മെട്രോ സ്റ്റേഷനു സമീപം സൈക്കിൾ ട്രാക്കിൽ അപകടക്കുഴികൾ വ്യാപകം. രാജ്ഭവൻ റോഡിൽ സ്മാർട്സിറ്റി പദ്ധതി പ്രകാരം നിർമിച്ച സൈക്കിൾ ട്രാക്കിലാണു കുഴികൾ രൂപപ്പെട്ടത്. ട്രാക്കിനോട് ചേർന്നുള്ള നടപ്പാത‌യും തകർന്ന നിലയിലാണ്. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ നടപ്പാതയിലും ട്രാക്കിലുമായി വലിച്ചെറിഞ്ഞ നിലയിലാണുള്ളത്.

കൃത്യമായ പാർക്കിങ് സ്ഥലം ഉണ്ടായിട്ടും വാഹനങ്ങൾ സൈക്കിൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ ട്രാക്കിലേക്ക് കയറ്റി പാർക്ക് ചെയ്യുന്നതും പതിവാണ്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. റിച്ച്മോണ്ട് റോഡ്, റസി‍ഡൻസി റോഡ് ഉൾപ്പെടെ നഗരത്തിലെ പ്രധാന സൈക്കിൾ ട്രാക്കുകളിൽ അപകടക്കുഴികളുണ്ട്. അറ്റകുറ്റപ്പണികളുടെ ചുമതല സംബന്ധിച്ച് ബിബിഎംപിയും സ്മാർട്ട്സിറ്റിയും തമ്മിൽ തർക്കം നിലനിൽക്കുന്നത് നവീകരണ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ആക്ഷേപമുണ്ട്.

ഔട്ടർ റിങ് റോഡിൽ സൈക്കിൾ യാത്രയ്ക്ക് സുരക്ഷയില്ല

ഔട്ടർ റിങ് റോഡിൽ മെട്രോ നിർമാണത്തിന്റെ ഭാഗമായി സൈക്കിൾ യാത്രക്കാർക്കുള്ള സുരക്ഷ സംവിധാനങ്ങൾ നീക്കം ചെയ്തതായി പരാതി. സൈക്കിൾ ട്രാക്കിൽ നിർമിച്ചിരുന്ന ബൊള്ളാർഡുകളാണ് (ഇരുമ്പ് തൂണുകൾ) നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി നീക്കം ചെയ്തത്. ട്രാക്കുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടികൾ വൈകുന്നതിനെതിരെ പരാതികൾ വ്യാപകമാകുന്നതിനിടെ സുരക്ഷാ സംവിധാനങ്ങൾ കൂടി നീക്കം ചെയ്തത് വൻ അപകടങ്ങൾക്കു കാരണമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. അപകടം ഒഴിവാക്കാൻ ഉടൻ നടപടി ആവശ്യമാണെന്ന് ബെംഗളൂരു ബൈസിക്കിൾ മേയർ സത്യ ശങ്കരൻ പറഞ്ഞു.

അരവിന്ദ് മോഹൻ, കോറമംഗല

"സെൻട്രൽ ഡിസ്ട്രിക്ടിലെ പല സൈക്കിൾ ട്രാക്കുകളും തകർന്ന നിലയിലാണ്. ട്രാക്കിനു സമീപത്തെ മരങ്ങൾ അപകടമുണ്ടാക്കുന്ന തരത്തിൽ വളർന്നിട്ടും നീക്കം ചെയ്യാൻ നടപടി ഉണ്ടാകുന്നില്ല. മികച്ച സംവിധാനങ്ങൾ നിർമിച്ച ശേഷം ഇവ പരിപാലിക്കാൻ അധികൃതർ തയാറാകാത്തത് നിരാശാജനകമാണ്." 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com