ADVERTISEMENT

ബെംഗളൂരു ∙ തടാക, മഴവെള്ളക്കനാൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പാർപ്പിടങ്ങൾ ഉൾപ്പെടെ ഇടിച്ചു നിരത്തുന്നതു തുടരുന്നു. ശാന്തിനഗർ ലേഔട്ടിൽ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ച വീട് ബിബിഎംപി അധികൃതർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തി. പപ്പയ്യ നഗർ ലേഔട്ടിൽ നാലുനില കെട്ടിടം പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കെട്ടിടങ്ങളിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് അന്തേവാസികൾക്കു നിർദേശം നൽകിയതിനു ശേഷമാണ് നടപടിയെന്നു ബിബിഎംപി അധികൃതർ അറിയിച്ചു. മേഖലയിലെ ശേഷിക്കുന്ന മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനായി ബന്ധപ്പെട്ടവർക്ക് നോട്ടിസ് നൽകിയെന്ന് മഹാദേവപുര സോണൽ കമ്മിഷ്ണർ ത്രിലോക് ചന്ദ്ര പറഞ്ഞു. 

സർജാപുരയിലെ ഗ്രീൻവുഡ് റീജൻസിയിൽ കയ്യേറ്റം ഒഴിപ്പിക്കൽ പൂർത്തിയായി. മാറത്തഹള്ളിയിൽ മഴവെള്ളക്കനാൽ കയ്യേറി സ്വകാര്യ വ്യക്തി നിർമിച്ചിരുന്ന പാലവും പൊളിച്ചുനീക്കി. 

പൊളിക്കണം, അറുനൂറിലേറെ 

കയ്യേറ്റങ്ങൾ

 

ബിബിഎംപി പരിധിയിലെ 8 സോണുകളിലായി കണ്ടെത്തിയത് 2,626 അനധികൃത കയ്യേറ്റങ്ങൾ. ഇവയിൽ ഇനിയും ഇടിച്ചുനിരത്താനുള്ളത് അറുനൂറിലേറെയെണ്ണം. ഒഴിപ്പിച്ച കയ്യേറ്റങ്ങളുടെ എണ്ണം രണ്ടായിരം കടന്നിട്ടുണ്ട്. 52 കയ്യേറ്റങ്ങളിൽ ഉടമസ്ഥർ കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇവ അനധികൃതമായി നിർമിച്ചവയാണെന്നതിനു കൃത്യമായ തെളിവുള്ളതിനാൽ ഒഴിപ്പിക്കൽ നടപടികളെ ബാധിക്കില്ലെന്നു ബിബിഎംപി അധികൃതർ പറഞ്ഞു.

 

മഴയിലെ നഷ്ടക്കണക്ക്,

336 കോടി

 

കഴിഞ്ഞ ദിവസങ്ങളിലെ മഴ നഗരത്തിലെ റോ‍ഡുകളിൽ 336 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി ബിബിഎംപി. 396 കിലോമീറ്റർ റോഡിനു മഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. ബൊമ്മനഹള്ളിയിൽ 4 കോടി മുടക്കി നിർമിച്ച 3 കിലോമീറ്റർ നടപ്പാത തകർന്നു. മഹാദേവപുര സോണിൽ മാത്രം 165 കിലോമീറ്റർ റോഡ് തകർന്ന് 245 കോടി രൂപയുടെ നഷ്ടമുണ്ടായി. ആകെ 7,700 വീടുകൾ തകർന്നു. 10,000 രൂപയുടെ നഷ്ടപരിഹാരം ഓരോ കുടുംബത്തിനും നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങൾ വരുത്തിയ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാരിന്റെ സഹായം തേടിയതായി ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com