ADVERTISEMENT

ബെംഗളൂരു ∙ കെആർ പുരത്തെ യെല്ലമല്ലപ്പ ഷെട്ടി തടാകവുമായി ബന്ധപ്പെട്ട് ദീർഘകാലമായി പ്രദേശവാസികളെ വലയ്ക്കുന്ന മാലിന്യപ്രശ്നത്തിനു പരിഹാരമുണ്ടാക്കാൻ എൻസിസി രംഗത്ത്. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കടൽത്തീരങ്ങളും പുഴയോരങ്ങളും മറ്റും ശുചീകരിക്കുന്ന പുനീത് സാഗർ അഭിയാനു കീഴിലാണ് എൻസിസി കർണാടക ബറ്റാലിയൻ ശുചീകരണത്തിന് ഇറങ്ങിയത്.

ഗ്രൂപ്പ് കമാൻഡർ കേണൽ ബസന്ത് സിങ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആദ്യ 2 മണിക്കൂറിനുള്ളിൽ 60 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് ഇവർ ശേഖരിച്ചത്. 200 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന തടാകത്തിൽ അറവ് മാലിന്യങ്ങളും കോൺക്രീറ്റ് മാലിന്യങ്ങളും വർഷങ്ങളായി ‍നിക്ഷേപിക്കുന്നുണ്ട്. ചീഞ്ഞളിഞ്ഞ ഇവയുടെ രൂക്ഷഗന്ധം വർധിക്കുമ്പോൾ പ്രദേശവാസികൾ പരാതി നൽകും.

ഇടക്കാലത്തു ബിബിഎംപി ശുചീകരണം നടത്തിയിരുന്നു. തടാകത്തിനു ചുറ്റുവേലി ഉൾപ്പെടെ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. നേരത്തെ മീൻ വളർത്തൽ ഉൾപ്പെടെ ഉണ്ടായിരുന്ന തടാകത്തിൽ ഇപ്പോൾ മലിനീകരണം കാരണം മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയാണ്. 

ബിബിഎംപി പരിധിയിലെ തടാകങ്ങളിൽ വലുപ്പത്തിൽ ആദ്യ അഞ്ചിലുള്ള യെല്ലമല്ലപ്പ ഷെട്ടി തടാകതീരത്തെ കയ്യേറ്റവും മലിനീകരണവും ഒഴിപ്പിക്കണമെന്ന് നേരത്തേ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. സമീപത്തെ അപ്പാർട്മെന്റുകളിൽ മലിനജല സംസ്കരണ പ്ലാന്റുകൾ ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com