ബെംഗളൂരു ∙ ഇന്ന് സംസ്ഥാനത്തെത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമു ദസറ ഉദ്ഘാടനത്തിനു പുറമേ 28 വരെ ഒട്ടേറെ പരിപാടികളിൽ പങ്കെടുക്കും. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം ഏതെങ്കിലുമൊരു സംസ്ഥാനത്തു നടത്തുന്ന ആദ്യ സന്ദർശനം കൂടിയാണിത്. ഹുബ്ബള്ളി–ധാർവാഡ് മുനിസിപ്പൽ കോർപറേഷൻ സംഘടിപ്പിക്കുന്ന പൗരസ്വീകരണത്തിലും ഇന്ന് പങ്കെടുക്കുന്ന രാഷ്ട്രപതിക്ക് ധാർവാഡിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ പുതിയ ക്യാംപസ് ഉദ്ഘാടനവും നടത്താനുണ്ട്.
നാളെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) ബെംഗളൂരു ആസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ക്രയോജനിക് എൻജിൻ നിർമാണ കേന്ദ്രം ഉദ്ഘാടനം ചെയ്യും. തുടർന്ന് ദക്ഷിണമേഖലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്കു തറക്കല്ലിടും. സെന്റ് ജോസഫ്സ് സർവകലാശാലയുടെ ഉദ്ഘാടനച്ചടങ്ങിലും മുഖ്യാതിഥിയാകും. 28ന് ഡൽഹിയിലേക്ക് മടങ്ങും.