അടഞ്ഞ് മെട്രോ കവാടങ്ങൾ; പ്രതിഷേധം വാതിലുണ്ട്, പ്രവേശനമില്ല

Metro-gates
കബൺ മെട്രോ സ്റ്റേഷനിലെ ഇൻകം ടാക്സ് ഓഫിസിനു സമീപം വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന പ്രവേശന കവാടം
SHARE

ബെംഗളൂരു∙ മെട്രോ സ്റ്റേഷൻ കവാടങ്ങളിൽ ചിലത് പൂർണമായി അടഞ്ഞു കിടക്കുന്നതിനും മറ്റു ചിലയിടങ്ങളിൽ രാത്രി 10 ന് മുൻപ് അടയ്ക്കുന്നതിനും എതിരെ പ്രതിഷേധവുമായി യാത്രക്കാർ. മതിയായ കാരണങ്ങളില്ലാതെയുള്ള നടപടി റോഡുകൾ കടക്കാൻ അടക്കം ബുദ്ധിമുട്ടുണ്ടാക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. 

കബൺ പാർക്ക്, കെആർ മാർക്കറ്റ്, കെഎസ്ആർ, ബയ്യപ്പനഹള്ളി, നാഷനൽ കോളജ്, വിധാൻ സൗധ ഉൾപ്പെടെയുള്ള മെട്രോ സ്റ്റേഷനുകളിലെ ചില കവാടങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. കബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ ഇൻകം ടാക്സ് ഓഫിസിനു സമീപത്തു നിർമിച്ച കവാടം സ്ഥിരമായി അടച്ചിട്ടിരിക്കുകയാണ്. 

ഉദ്ഘാടന ദിവസം തുറന്ന കവാടം സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി അടയ്ക്കുകയായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപമുള്ള കവാടവും മാസങ്ങളായി തുറക്കാറില്ല. ഇതോടെ രാവിലെയും വൈകുന്നേരങ്ങളിലും ഏറെ തിരക്കേറിയ രാജ്ഭവൻ റോഡ് യാത്രക്കാർ കടക്കേണ്ടതായി വരുന്നു. പ്രദേശത്തെ ഗതാഗതക്കുരുക്ക് കൂടാനും ഇതു കാരണമാകുന്നുണ്ട്.  

മെട്രോയുടെ അവസാന ട്രെയിൻ രാത്രി 11.30നാണ് മജസ്റ്റിക് സ്റ്റേഷൻ പിന്നിടുന്നത്. എന്നാൽ പല ഗേറ്റുകളും രാത്രി 10 നു മുൻപ് അടയ്ക്കുന്നതായി പരാതിയുണ്ട്. മുന്നറിയിപ്പില്ലാതെ കവാടങ്ങൾ അടച്ചതോടെ അവസാന ട്രെയിൻ പിടിക്കാൻ തിരക്കേറിയ റോഡ് കടന്നു വേണം എതിർവശത്തെ കവാടത്തിൽ എത്താൻ. ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കവാടങ്ങൾ അടച്ചിടുന്നതെന്നാണ് ബിഎംആർസിയുടെ വിശദീകരണം. വാരാന്ത്യങ്ങളിൽ പകൽസമയത്തും കവാടങ്ങൾ അടച്ചിടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തുറന്ന കവാടങ്ങളിലാണെങ്കിൽ സുരക്ഷ പരിശോധനയ്ക്കായി യാത്രക്കാരുടെ നീണ്ട ക്യൂവാണ്.

ഞായറാഴ്ചകളിൽ നേരത്തേ തുടങ്ങണമെന്ന് ആവശ്യം

ഞായറാഴ്ചകളിൽ മെട്രോ സർവീസ് ഒരു മണിക്കൂർ മുൻപേയെങ്കിലും തുടങ്ങണമെന്ന ആവശ്യം ശക്തം. നിലവിൽ രാവിലെ 7 മുതലാണ് സർവീസ്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ 5 നാണ് മെട്രോ സർവീസ് ആരംഭിക്കുന്നത്. ഞായറാഴ്ചകളിലാണ് പ്രവേശന പരീക്ഷകൾക്കും മറ്റുമായി വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽ പേർ എത്തുന്നത്. മെട്രോയുടെ സമയമാറ്റം അറിയാതെ എത്തുന്ന പലരും സ്റ്റേഷനുകളിലെത്തി മടങ്ങുകയാണ് പതിവ്. വിനോദസഞ്ചാരികളും ഞായറാഴ്ചകളിൽ ധാരാളമായി മെട്രോയെയാണ് ആശ്രയിക്കുന്നത്. വാരാന്ത്യ അറ്റകുറ്റപ്പണികൾ ശനിയാഴ്ച രാത്രിയാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ഞായറാഴ്ച സർവീസ് വൈകി ആരംഭിക്കുന്നതെന്നാണ് ബിഎംആർസി നൽകുന്ന വിശദീകരണം.

യാത്രക്കാർക്ക് അനുകൂലമായ നടപടി സ്വീകരിക്കും

കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം കുറഞ്ഞപ്പോഴാണ് സുരക്ഷ ഉൾപ്പെടെയുള്ള കാരണങ്ങൾ കണക്കിലെടുത്ത് കവാടങ്ങൾ പൂട്ടിയിട്ടത്. മാറിയ സാഹചര്യങ്ങൾ പരിശോധിച്ച് യാത്രക്കാർക്ക് അനുകൂലമാകുന്ന നടപടികൾ സ്വീകരിക്കും. 

യശ്വന്ത് ചവാൻ (ചീഫ് പിആർഒ ബിഎംആർസി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}