ADVERTISEMENT

മൈസൂരു∙ ദസറ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു വൊഡയാർ രാജകുടുംബത്തിന്റെ ആചാര ദർബാറിന് അംബാവിലാസ് കൊട്ടാരത്തിൽ തുടക്കമായി. വൊഡയാർ രാജകുടുംബത്തിലെ നിലവിലെ അവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ് വൊഡയാർ ആചാരചിഹ്നങ്ങളോടെ 10 ദിവസം സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന ചടങ്ങിന് തുടക്കംകുറിച്ച് ചാമുണ്ഡിതൊട്ടി പ്രതിഷ്ഠ നടത്തി. 

തുടർന്ന് നടന്ന കനകധാര അഭിഷേകത്തിന് യദുവീർ നേതൃത്വം നൽകി. ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള തീർഥജലം കൊണ്ടുള്ള പാദപൂജയ്ക്ക് യദുവീറിന്റെ ഭാര്യ ത്രിഷിക കുമാരി നേതൃത്വം നൽകി. ഒക്ടോബർ 3 വരെ വൈകിട്ട് 7 മുതൽ രാത്രി 8.30 വരെ ആചാരദർബാർ തുടരും. 

മൈസൂർ സിൽക്ക് സാരിയണിഞ്ഞ് രാഷ്ട്രപതി 

രാഷ്ട്രപതി ദ്രൗപദി മുർമു മൈസൂർ സിൽക്ക് സാരിയണിഞ്ഞാണു ദസറയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത്. മൈസൂരുവിലെ കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപറേഷന്റെ നെയ്ത്തുശാലയിൽ  സ്വർണകരയോട് കൂടി നെയ്തെടുത്ത സാരി ഒരാഴ്ച മുൻപ് തന്നെ രാഷ്ട്രപതി ഭവനിലെത്തിച്ചിരുന്നു. മകൾ ഇതിശ്രീ മുർമുവിനൊപ്പമാണ് രാഷ്ട്രപതി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. 

വർണവെളിച്ചത്തിൽ കൊട്ടാരനഗരി 

ദസറ ആഘോഷത്തിന് തിരിതെളിഞ്ഞതോടെ വർണ വെളിച്ചം വിതറി കൊട്ടാര നഗരി. 124 കിലോമീറ്റർ ദൂരത്തിലാണ് ദസറ ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്. സ്വർണനിറത്തിൽ മുങ്ങി നിൽക്കുന്ന അംബാവിലാസ് കൊട്ടാരം കാണാനായിരുന്നു തിരക്കേറെ. വൈകിട്ട് 7 മുതൽ രാത്രി 9 വരെയാണ് കൊട്ടാരത്തിലെ ദീപാലങ്കാരം. നഗരത്തിലെ പ്രധാന ജംക്‌ഷനുകളിൽ കന്നഡ നാടിന്റെ സാംസ്കാരിക തനിമ വ്യക്തമാക്കുന്ന മാതൃകകളാണ് ദീപാലങ്കാരത്തിൽ ഒരുക്കിയിരിക്കുന്നത്. 

2000 സ്പെഷൽ ബസുകൾ

പൂജ, ദസറ അവധി തിരക്കിനെ തുടർന്ന് 2000 സ്പെഷൽ ബസുകൾ അനുവദിച്ച് കർണാടക ആർടിസി. ബെംഗളൂരു–മൈസൂരു റൂട്ടിൽ 250 ബസുകൾ ഓടിക്കും. വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്കും കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, പുതുച്ചേരി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കുമാണ് 30 മുതൽ ഒക്ടോബർ 5 വരെ അധിക സർവീസുകൾ നടത്തുന്നത്. ബെംഗളൂരുവിൽ നിന്നുള്ള സ്പെഷൽ ബസുകൾ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്നാണു പുറപ്പെടുക. കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മൈസൂരുവിലേക്ക് എസി മൾട്ടി ആക്സിൽ ഫ്ലൈ ബസ് സർവീസും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com