ADVERTISEMENT

ബെംഗളൂരു∙ നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 5 ലക്ഷം കടന്നതോടെ ബിഎംആർസിയുടെ വരുമാനം കുതിച്ചുയർന്നു. കഴിഞ്ഞ 2 മാസത്തിനിടെയാണ് പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വർധന ഉണ്ടായത്. ജൂലൈയിൽ 1.45 കോടി പേരും ഓഗസ്റ്റിൽ 1.52 കോടി പേരും മെട്രോയിൽ യാത്ര ചെയ്തു. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കുമാണ് കൂടുതൽ പേരെ മെട്രോ യാത്ര തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. സമയനിഷ്ഠ പാലിച്ച് സർവീസുകൾ നടത്തുന്നതിനാൽ യുവജനങ്ങൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് മെട്രോയിലേക്ക് എത്തുന്നുണ്ട്. പ്രതിമാസം 2.25 കോടി രൂപയുടെ ലാഭത്തിലാണു മെട്രോ പ്രവർത്തിക്കുന്നതെന്നു ബിഎംആർസി എംഡി അൻജൂം പർവേസ് പറഞ്ഞു.

സ്മാർട് കാർഡ്  ഉപയോഗം കൂടി

നമ്മ മെട്രോ സ്മാർട് കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വീണ്ടും വർധന. പ്രതിദിന യാത്രക്കാരിൽ 62.33 ശതമാനം പേരാണ് സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നത്. ചില്ലറ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും ടിക്കറ്റ് കൗണ്ടറുകളിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കാമെന്നതുമാണ് സ്മാർട് കാർഡിനെ ജനകീയമാക്കിയത്. ക്യുആർ കോഡ് ടിക്കറ്റ് സംവിധാനം അടുത്ത മാസം നിലവിൽ വരുമെങ്കിലും സ്മാർട് കാർഡും ടോക്കൺ ടിക്കറ്റും നിലവിലെ രീതിയിൽ തുടരും.

വേണം ഫീഡർ ബസുകൾ

യാത്രക്കാരുടെ തിരക്കേറിയതോടെ മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ബിഎംടിസി ഫീഡർ സർവീസുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ബയ്യപ്പനഹള്ളി, സ്വാമി വിവേകാനന്ദ റോഡ്, കെങ്കേരി, രാജ രാജേശ്വരി നഗർ എന്നീ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണു കൂടുതൽ ഫീഡർ ബസുകൾ ഓടിക്കുന്നത്. നേരത്തേ ഫീഡർ ബസുകൾ ഓടിച്ചിരുന്ന സ്റ്റേഷനുകളിൽ യാത്രക്കാർ കുറഞ്ഞതോടെയാണു സർവീസ് നിർത്തിയത്.

മാറത്തഹള്ളിയിലേക്ക് മൂന്നാം ഘട്ടത്തിലും മെട്രോയില്ല

മെട്രോ മൂന്നാംഘട്ട പാതയും മാറത്തഹള്ളിയിലേക്ക് എത്തില്ല. കഴിഞ്ഞ ദിവസം സമർപ്പിച്ച മൂന്നാം ഘട്ടത്തിന്റെ വിശദ പദ്ധതി രേഖയിൽ മാറത്തഹള്ളിയെ ഉൾപ്പെടുത്തിയിരുന്നില്ല. 2016ൽ ഹൊസെക്കരഹള്ളിയെയും മാറത്തഹള്ളിയെയും ബന്ധിപ്പിച്ച് 21 കിലോമീറ്റർ പാത നിർമിക്കുന്നതിനുള്ള പഠനങ്ങൾ ബിഎം‌ആർസി ആരംഭിച്ചിരുന്നു. എന്നാൽ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള എച്ച്എഎൽ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കാണു മെട്രോ പദ്ധതി ലക്ഷ്യം കാണാത്തതിനു പിന്നിൽ. കോറമംഗല, കെആർ മാർക്കറ്റ്, ഡൊംലൂർ, മുരുകേശ പാളയ, മാറത്തഹള്ളി ഭാഗങ്ങളിലെ ഗതാഗതത്തിരക്ക് കുറയ്ക്കാൻ സഹായിക്കുന്ന പദ്ധതിയാണു പാതിവഴിയിൽ നിലച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com