ADVERTISEMENT

ബെംഗളൂരു∙ നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയുള്ള കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ നവീകരണം 2024 ഫെബ്രുവരിയോടെ പൂർത്തിയാകുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ.  പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളത്തിനു സമാനമായ സൗകര്യങ്ങൾ റെയിൽവേ സ്റ്റേഷനിൽ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. 442 കോടി രൂപയുടെ ടെൻഡർ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി റെയിൽവേ പിആർഒ അനീഷ് ഹെജ്ഡെ പറഞ്ഞു. നവീകരിക്കുന്ന സ്റ്റേഷന്റെ മാതൃക റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്. 

നിലവിൽ 4 പ്ലാറ്റ്ഫോമുകളാണ് കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലുള്ളത്. ഇത് 6 ആക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതോടെ കൂടുതൽ ട്രെയിനുകളും ഇവിടെ നിന്ന് സർവീസ് ആരംഭിക്കും. 50,000 ചതുരശ്ര അടി വിസ്തീർണമുള്ള എസി ടെർമിനൽ, മൾട്ടി ലവൽ കാർ പാർക്കിങ്, മലിനജല സംസ്കരണ പ്ലാന്റ്, മഴവെള്ള സംഭരണി, സൗരോർജ പ്ലാന്റ് എന്നിവയും നിർമിക്കും. 

അത്യാധുനിക രീതിയിലുള്ള ഭക്ഷണശാലകളും നവീകരിക്കുന്ന സ്റ്റേഷനിൽ ഉണ്ടാകും. നിലവിലുള്ള കവാടങ്ങൾക്കു പുറമേ മില്ലേഴ്സ് റോഡ്, വസന്തനഗർ ഭാഗങ്ങളിൽ പുതിയ കവാടങ്ങളും നിർമിക്കും.

പാരമ്പര്യഭംഗി നിലനിർത്തണം

1864ൽ ബ്രിട്ടിഷ് ഭരണകാലത്ത് പ്രവർത്തനം ആരംഭിച്ച കന്റോൺമെന്റ് റെയിൽവേ സ്റ്റേഷന്റെ പാരമ്പര്യ ഭംഗി നിലനിർത്തി കൊണ്ടു നവീകരണം നടത്തണമെന്ന ആവശ്യം ശക്തം. ബെംഗളൂരു നഗര ചരിത്രത്തിന്റെ ഭാഗമാണ് കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിലെ തടി കൊണ്ടു നിർമിച്ച മേൽപാലം ഉൾപ്പെടെ ബ്രിട്ടിഷ് വാസ്തുശിൽപ വൈവിധ്യത്തിന്റെ ഭംഗി നശിപ്പിക്കരുതെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. നവീകരണത്തിനൊപ്പം സ്റ്റേഷനിലേക്കുള്ള റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവും ശക്തമാണ്. 

ഗതാഗത ഹബ്ബാകും

മെട്രോ, സബേർബൻ പാതകൾ കൂടി വരുന്നതോടെ ഗതാഗത ഹബ്ബായി കന്റോൺമെന്റ് സ്റ്റേഷൻ മാറും. നിർമാണം പുരോഗമിക്കുന്ന ഗൊട്ടിഗരെ– നാഗവാര മെട്രോ പാതയിലാണു കന്റോൺമെന്റ് ഭൂഗർഭ മെട്രോ സ്റ്റേഷൻ ഉൾപ്പെടുന്നത്.  വൈറ്റ്ഫീൽഡ്–കെങ്കേരി സബേർബൻ പാതയും കന്റോൺമെന്റ് സ്റ്റേഷനു സമീപത്തു കൂടിയാണ് കടന്നുപോകുന്നത്. പ്രതിദിനം ഒരു ലക്ഷം യാത്രക്കാർ കന്റോൺമെന്റ് സ്റ്റേഷനെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com