ADVERTISEMENT

ബെംഗളൂരു∙ നമ്മ മെട്രോ ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ് പാതയിൽ പരീക്ഷണയോട്ടം ഈ മാസം മൂന്നാം വാരം നടക്കും. വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷന്റെ പ്രവേശന കവാടങ്ങളിലേക്കുള്ള റോഡുകളുടെ നിർമാണം പൂർത്തിയായി. അടുത്ത കൊല്ലം മാർച്ചോടെ പാതയുടെ പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ബിഎംആർസി എംഡി അൻജൂം പർവേസ് പറഞ്ഞു. 

പുതുതായി നിർമിച്ച ട്രെയിനുകൾ സ്റ്റേഷനുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബറിൽ പാതയുടെ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും കനത്ത മഴ നിർമാണത്തെ ബാധിക്കുകയായിരുന്നു. പാത കടന്നുപോകുന്ന ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പണി പൂർണമായും നിർത്തിവയ്ക്കേണ്ടി വന്നു. പർപ്പിൾ ലൈനിന്റെ ഭാഗമായ ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് വൈറ്റ്ഫീൽഡ് ബസ് ടെർമിനൽ വരെ 15.25 കിലോമീറ്റർ വരുന്ന പാതയിൽ 13 സ്റ്റേഷനുകളുണ്ട്. കൂടാതെ കാടുഗോഡിയിൽ മെട്രോ ഡിപ്പോയുമുണ്ട്.

ബെനിംഗനഹള്ളി, കെആർ പുരം, മഹാദേവപുര, ഗരുഡാചർപാളയ, ഹൂഡി ജംക്‌ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗല, പട്ടാണ്ടൂർ അഗ്രഹാര, കാടുഗോഡി, ചന്നസന്ദ്ര, വൈറ്റ്ഫീൽഡ് എന്നിവയാണ് സ്റ്റേഷനുകൾ. കെആർപുരം, വൈറ്റ്ഫീൽഡ് ഭാഗത്തെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐകിയ മേൽപാല നിർമാണം തുടങ്ങി

നാഗസാന്ദ്ര മെട്രോ സ്റ്റേഷനെ ഐകിയ മാളുമായി ബന്ധിപ്പിക്കുന്ന മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചു. മെട്രോ യാത്രക്കാരെ ഐകിയ മാളിന്റെ ഒന്നാം നിലയിൽ എത്തിക്കുന്നതാണു മേൽപാലം.  സ്റ്റേഷൻ കവാടങ്ങളിലെ തിരക്ക് കുറയ്ക്കാൻ മേൽപാലം സഹായിക്കും.

യശ്വന്തപുരിലെ മേൽപാലം ഇനിയും വൈകും

യശ്വന്ത്പുരയിൽ റെയിൽവേ–മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന മേൽപാലത്തിന്റെ നിർമാണം ഉടനുണ്ടാകില്ല. 400 കോടി രൂപ മുടക്കിയുള്ള റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതിയെ തുടർന്നാണിത്. ആയിരക്കണക്കിനു യാത്രക്കാരാണ് പ്രതിദിനം യശ്വന്ത്പുരയിൽ റെയിൽവേ–മെട്രോ സ്റ്റേഷനുകളിൽ എത്തുന്നത്. ഇരു സ്റ്റേഷനുകളെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന മേൽപാലത്തിന്റെ അഭാവം ലഗേജുകളുമായി എത്തുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്

പരാതികളെ തുടർന്ന് 2016ൽ ഇവിടെ മേൽപാലം നിർമിക്കാനുള്ള നടപടികൾക്കു ബിഎംആർസി തുടക്കം കുറിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കൽ തർക്കങ്ങളുമായി ബന്ധപ്പെട്ട് മുടങ്ങി. കഴിഞ്ഞ വർഷം അവസാനം നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടിരുന്നു. എന്നാൽ 2024ൽ പൂർത്തിയാകുന്ന സ്റ്റേഷന്റെ നവീകരണത്തിനു ശേഷം മേൽപാലം നിർമിച്ചാൽ മതിയെന്നാണ് റെയിൽവേയുടെ നിലപാട്. മേൽപാലം നവീകരണ പദ്ധതിയുടെ ഭാഗമാക്കാനും ആലോചനയുണ്ട്. എന്നാൽ അടിയന്തര പ്രശ്നം പരിഹരിക്കുന്നതിനായി മേൽപാലം ഉടൻ നിർമിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com