ADVERTISEMENT

ബെംഗളൂരു ∙ കെംപെഗൗഡ വിമാനത്താവള സ്റ്റേഷനുമായി (കെഐഎ ഹാൾട്ട്)  ബന്ധിപ്പിക്കുന്ന യെലഹങ്ക– ദേവനഹള്ളി റെയിൽപാത ഇരട്ടിപ്പിക്കാനുള്ള പരിശോധന ആരംഭിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. കെഐഎ ഹാൾട്ട് സ്റ്റേഷനുമായി ബന്ധിപ്പിച്ച് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ പാത ഇരട്ടിപ്പിക്കലും സിഗ്‌നൽ നവീകരണവും അടിയന്തരമായി നടപ്പിലാക്കാൻ കഴിഞ്ഞ ആഴ്ച സ്റ്റേഷൻ സന്ദർശിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർദേശിച്ചിരുന്നു. തുടർന്നാണ് ബെംഗളൂരു ഡിവിഷനിലെ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തിയത്. 

  റിപ്പോർട്ട് ഉടനെ റെയിൽവേ ബോർഡിന് കൈമാറും. ബയ്യപ്പനഹള്ളി–ചന്നസന്ദ്ര–യശ്വന്ത്പുര റൂട്ടിലും ഒറ്റപ്പാതയിലൂടെയാണ് ട്രെയിനുകൾ കടന്നുപോകുന്നത്.  ക്രോസിങ്ങിനായി മെമു, പാസഞ്ചർ ട്രെയിനുകൾ പിടിച്ചിടുന്നതോടെ സമയക്രമം പലപ്പോഴും പാലിക്കാകാതെ വരുന്നു. കെഎസ്ആർ ബെംഗളൂരു, കന്റോൺമെന്റ്, യശ്വന്ത്പുര, യെലഹങ്ക എന്നിവിടങ്ങളിൽ നിന്ന് 8 മെമു ട്രെയിനുകളാണ് 6 മാസം മുൻപ് സർവീസ് ആരംഭിച്ചത്. 

ചരിത്രമേറെയുണ്ട്

1915ൽ ബ്രിട്ടിഷുകാർ സ്ഥാപിച്ച ബെംഗളൂരു– ചിക്കബെല്ലാപുര ലൈനിൽ ഉൾപ്പെടുന്നതാണ് യെലഹങ്ക– ദേവനഹള്ളി പാതയും. 62 കിലോമീറ്റർ വരുന്ന മീറ്റർഗേജ് പാത പിന്നീട് ബ്രോഡ്ഗേജാക്കിയെങ്കിലും പുതിയ ട്രെയിൻ സർവീസുകളൊന്നും ഇല്ലാത്തതിനാൽ യാത്രക്കാരുടെ എണ്ണം കാര്യമായി ഉയർന്നില്ല. 2 വർഷം മുൻപ് കെഐഎ ഹാൾട്ട് സ്റ്റേഷൻ സ്ഥാപിച്ചതിന് പിന്നാലെയാണ് യെലഹങ്ക മുതൽ ദേവനഹള്ളി വരെയുള്ള 23 കിലോമീറ്റർ ദൂരത്തെ വൈദ്യുതീകരണം ദ്രുതഗതിയിൽ പൂർത്തിയാക്കിയത്.  

  നന്ദിഹിൽസ്, ടിപ്പുസുൽത്താന്റെ ജന്മദേശമായ ദേവനഹള്ളി എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള പാതയിലൂടെ കൂടുതൽ ട്രെയിനുകൾ വരുന്നത് വിനോദസഞ്ചാര മേഖലയ്ക്കും ഗുണകരമാകും. അറ്റകുറ്റപ്പണികൾ നടത്താതെ കിടന്നിരുന്ന 4 റെയിൽവേ സ്റ്റേഷനുകൾ പൈതൃക സ്റ്റേഷനുകളാക്കി മാറ്റുന്നതിനുള്ള പ്രവൃത്തികളും അവസാനഘട്ടത്തിലാണ്. ദൊഡ്ഡജാല, ദേവനഹള്ളി, നന്ദിഹാൾട്ട്, അവതിഹള്ളി സ്റ്റേഷനുകളാണ് കോർപറേറ്റ് കമ്പനികളുടെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി  നവീകരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com