ADVERTISEMENT

ബെംഗളൂരു ∙ നഗരത്തിൽ വൈദ്യുതി വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതോടെ ചാർജിങ് സ്റ്റേഷനുകൾക്ക് പുറമേ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങളും വ്യാപകമാകുന്നു. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ചുരുങ്ങിയ സമയം കൊണ്ട് ബാറ്ററി മാറ്റി ഉപയോഗിക്കാവുന്ന സ്വാപ്പിങ് കേന്ദ്രങ്ങൾ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണു പ്രവർത്തനം ആരംഭിക്കുന്നത്.

ട്രിനിറ്റി, കബ്ബൺ പാർക്ക് ഉൾപ്പെടെ പ്രധാന മെട്രോ സ്റ്റേഷനുകളിൽ ഇവ പ്രവർത്തനം തുടങ്ങിയിട്ടുണ്ട് കാത്തുനിൽക്കാതെ യാത്ര തുടരാനാകുമെന്നതാണു ഇതിന്റെ പ്രത്യേകത. നേരത്തേ മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും സ്ഥലപരിമിതി ഉൾപ്പെടെ തടസ്സമായിരുന്നു. ഇതോടെയാണ് സ്വാപ്പിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സ്വകാര്യ കമ്പനികളുമായി കൈകോർക്കാൻ ബിഎംആർസി തയാറായത്. 

ഇ–ഓട്ടോകൾക്ക് ഗുണകരം

മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഇലക്ട്രിക് ഓട്ടോകൾക്കു സ്വാപ്പിങ് കേന്ദ്രങ്ങൾ വ്യാപകമാകുന്നത് ഗുണം ചെയ്യും. മെട്രോ റൈഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഇ–ഓട്ടോ സർവീസുകൾ നടത്തുന്നത്. ആപ് ഉപയോഗിച്ച് എളുപ്പത്തിൽ ബുക്ക് ചെയ്യാനാകുന്ന ഇവ കുറഞ്ഞ നിരക്കിൽ കുലുക്കമില്ലാത്ത സുഗമമായ യാത്ര ഉറപ്പാക്കുന്നവയാണ്. യുലു, ബൗൺസ് തുടങ്ങിയ സ്കൂട്ടർ ഷെയറിങ് കമ്പനികളും ബാറ്ററി സ്വാപ്പിങ്ങിനെ കൂടുതലായി ആശ്രയിക്കുന്നുണ്ട്.

ബാറ്ററി സ്വാപ്പിങ് എങ്ങനെ ?

ഇലക്ട്രിക് വാഹന ഉടമകൾക്ക് ചാർജ് കുറഞ്ഞ ബാറ്ററികൾക്കു പകരം ചാർജുള്ള ബാറ്ററികൾ മാറ്റിയെടുക്കാവുന്ന സംവിധാനമാണ് ബാറ്ററി സ്വാപ്പിങ്. ചാർജ് കുറഞ്ഞ ബാറ്ററി മെഷീനിലെ പ്രത്യേക സ്ലോട്ടിൽ വച്ചെന്ന് ഉറപ്പാകുന്നതോടെ ചാർജുള്ള ബാറ്ററിയുള്ള സ്ലോട്ട് തുറക്കും.   നഗരങ്ങളിലെ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനുള്ള സ്ഥലപരിമിതി മറികടക്കാൻ സംവിധാനം സഹായിക്കും. ബാറ്ററി സ്റ്റേഷൻ നിർമിക്കാൻ 8 ലക്ഷത്തോളം രൂപ മാത്രമാണ് ചെലവ് എന്നിരിക്കെ കൂടുതൽ സ്റ്റാർട്ടപ്പ് കമ്പനികളും ഈ മേഖലയിലേക്കു കടന്നുവരുന്നുണ്ട്.

തിരക്കിട്ടുള്ള യാത്രയ്ക്കിടെ സ്വാപ്പിങ് തന്നെ സൗകര്യം

‘ഇലക്ട്രിക് സ്കൂട്ടർ വാങ്ങി 6 മാസം പിന്നിട്ടു. ചാർജിങ് സ്റ്റേഷനുകളുടെ അഭാവം പലപ്പോഴും യാത്രയെ ബാധിക്കുന്നുണ്ട്. നഗരത്തിലെ ചാർജിങ് സ്റ്റേഷനുകൾ ഭൂരിഭാഗവും മാളുകൾക്ക് ഉള്ളിലും മറ്റുമാണുള്ളത്. തിരക്കേറിയ സമയങ്ങളിൽ ഇവിടെ വണ്ടി നിർത്തി ചാർജ് ചെയ്യുന്നത് പ്രായോഗികമല്ല. സ്വാപ്പിങ് സ്റ്റേഷനുകൾ ഈ പ്രശ്നത്തിനു പരിഹാരമാകും.’

യശ്വന്ത് ഗൗഡ, അൾസൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com