ADVERTISEMENT

ബെംഗളൂരു∙ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് റോബട്ടിക് സർജറി യൂണിറ്റുമായി മഗരാത്ത് റോഡിലെ ഹൊസ്മാറ്റ് ആശുപത്രി. മൂന്നാം തലമുറയിൽ ഉൾപ്പെടുന്ന ക്യുവിസ് റോബർട്ട് ഉപയോഗിച്ചാണു ശസ്ത്രക്രിയകൾ നടത്തുന്നത്. ഇതോടെ കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ ഇത്തരം റോബട്ടിനെ ഉപയോഗിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ആശുപത്രിയായി ഹൊസ്മാറ്റ്. സന്ധിവാതം, മുട്ട് തേയ്മാനം,

അപകടങ്ങളിലും മറ്റും മുട്ടിനു രൂപമാറ്റം സംഭവിക്കുക ഉൾപ്പെടെയുള്ള സാഹചര്യങ്ങളിലാണ് ഇത്തരം ശസ്ത്രക്രിയകൾ നടത്തേണ്ടി വരുന്നത്. ആശുപത്രിവാസം കുറയ്ക്കാം, വളരെ വേഗം സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്താം, രക്തം കട്ടപിടിക്കുന്നതും അണുബാധയും അടക്കമുള്ളവ ഒഴിവാക്കാം എന്നിവയാണ് റോബട്ടിനെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയയുടെ നേട്ടം. വേദന, രക്ത നഷ്ടം എന്നിവ കുറയ്ക്കാനുമാകും. 

രോഗിയുടെ കാൽമുട്ടിന്റെ ത്രീഡി സിടി സ്കാൻ, എക്സ്റേ എന്നിവ റോബട്ടിക് സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്ത് കൃത്യമായ ആസൂത്രണത്തോടെയാണു ശസ്ത്രക്രിയ നടക്കുന്നതെന്ന് ഹൊസ്മാറ്റ് ആശുപത്രി എംഡിയും ചെയർമാനുമായ ഡോ. തോമസ് ചാണ്ടി പറഞ്ഞു. പൂർണമായും സർജന്റെ മേൽനോട്ടത്തിലാകും ഇതു നടക്കുക. ഇതിനകം 15 ശസ്ത്രക്രിയകൾ സാങ്കേതികവിദ്യ ഉപയോഗിച്ച് വിജയകരമായി നടത്തി. നൂതന സാങ്കേതികവിദ്യകൾ ചികിത്സാരംഗത്ത് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാരായ എം.എസ്.കൃഷ്ണ കുമാർ, പ്രസാദ് അന്താപുർ, അനന്യ പുട്ടരാജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com