ADVERTISEMENT

ബെംഗളൂരു∙ നമ്മ മെട്രോ നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ഔട്ടർ റിങ് റോഡിലുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കാൻ നടപടികളുമായി ട്രാഫിക് പൊലീസ്.  മേഖലയിലെ ഗതാഗതക്കുരുക്ക് പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ഐടി കമ്പനികളുടെ കൂട്ടായ്മയായ ഒആർആർസിഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. ട്രാഫിക് കമ്മിഷണർ എം.എ.സലിമുമായി കൂടിക്കാഴ്ച നടത്തിയ കൂട്ടായ്മ കുരുക്ക് അഴിക്കാൻ നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു.

റിങ് റോഡിനു ഇരുവശത്തുമുള്ള സർവീസ് റോഡുകളിൽ വൺവേ സമ്പ്രദായം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗതാഗതക്കുരുക്കിനു പേരുകേട്ട ഹെബ്ബാൾ മേൽപാലം, സിൽക്ക് ബോർഡ് ഭാഗങ്ങളിലേക്കുള്ള സർവീസ് റോഡുകളിലാണു സമ്പ്രദായം നടപ്പിലാക്കുക.‍  പ്രധാന റോഡുകളിലെ ട്രാഫിക് സിഗ്നലുകളിൽ നിന്ന് രക്ഷപ്പെടാൻ യാത്രക്കാർ കൂടുതലായി സർവീസ് റോഡുകളെ ആശ്രയിക്കുന്നത് ഗതാഗതക്കുരുക്കിനു കാരണമാകുന്നതായി പരാതി ഉയർന്നിരുന്നു. 

സർവീസ് റോഡുകളിൽ സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. മാറത്തഹള്ളി പാലത്തിനും യെമലൂറിനും ഇടയിൽ യു ടേണുകൾ നിരോധിക്കും. ഗതാഗത നിയന്ത്രണത്തിന് 50 ട്രാഫിക് മാർഷലുമാരെ നിയോഗിക്കുമെന്നും ട്രാഫിക് കമ്മിഷണർ എം.എ.സലിം പറഞ്ഞു. അനധികൃത പാർക്കിങ്ങുകൾ ഒഴിപ്പിക്കുന്നതും നിയമ ലംഘകരെ കണ്ടെത്തുന്നതുമാകും ഇവരുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. 

ഒപ്പം റോഡ് കയ്യേറി അനധികൃതമായി കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കും.  മെട്രോ നിർമാണം പൂർത്തിയാകുന്നതു വരെ നിയന്ത്രണങ്ങൾ നിലനിൽക്കും.  സിൽക്ക് ബോർഡ് മുതൽ കെആർ പുരം വരെ 18.2 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ നിർമാണം പുരോഗമിക്കുന്നത്. ബെലന്തൂർ, മാറത്തഹള്ളി, ഇബ്‌ളൂർ, വൈറ്റ് ഫീൽഡ്, ഐടിപിഎൽ എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം.  അഗര മേൽപാലം മുതൽ ബെലന്തൂർ വരെയുള്ള 1 കിലോമീറ്റർ ദൂരം പിന്നിടാൻ പലപ്പോഴും അരമണിക്കൂറിൽ കൂടുതൽ സമയം എടുക്കുന്നുണ്ട്. 

ടെക്പാർക്കുകൾ കൂടുതലുള്ള മേഖലയിൽ അപകടങ്ങൾക്കും കുരുക്ക് കാരണമാകുന്നുണ്ട്.  കാടുബീസനഹള്ളി മുതൽ സിൽക്ക്ബോർഡ് വരെയും കെആർ പുരം മുതൽ കാടുബീസനഹള്ളി വരെയും 2 റീച്ചുകളിലായാണ് മെട്രോ നിർമാണം പുരോഗമിക്കുന്നത്. 2024 അവസാനത്തോടെ പാതയുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആശ്വാസമായി ഭാരവാഹന നിയന്ത്രണം

നഗരത്തിലെ പ്രധാന റോഡുകളിൽ പകൽസമയങ്ങളിൽ ഭാരവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഫലം കാണുന്നു. വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാതയിൽ ഹെബ്ബാൾ മേൽപാലം മുതൽ ദേവനഹള്ളി ടോൾപാത വരെയും. തുമക്കൂരു റോഡിലെ പീനിയയിലും ഓൾഡ് മദ്രാസ് റോഡിലെ കെആർ പുരത്തുമാണ് പ്രധാനമായും ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാവിലെയും വൈകിട്ടും ഇവിടങ്ങളിലെ ഗതാഗതക്കുരുക്കിനു നേരിയ ആശ്വാസം കാണാൻ നിയന്ത്രണം സഹായിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ നിയന്ത്രണം ഫലം കണ്ടതോടെ കൂടുതൽ റോഡുകളിലേക്കു വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് അധികൃതർ.

അനുമതിയില്ലാതെ റോഡ് പൊളിച്ചാൽ 25 ലക്ഷം വരെ പിഴ

അനുമതിയില്ലാതെ റോഡ് കുത്തിപ്പൊളിക്കുന്ന ഏജൻസികളിൽനിന്ന് 25 ലക്ഷം രൂപയും വ്യക്തികളിൽ നിന്നു 10 ലക്ഷവും പിഴ ഈടാക്കുമെന്നു ബിബിഎംപി. സർക്കാർ ഏജൻസികളിൽ നിന്ന് ഉൾപ്പെടെ പിഴ ഈടാക്കുമെന്നും ബിബിഎംപി ചീഫ് എൻജിനീയർ ബി.എസ്.പ്രഹ്ലാദ് പറഞ്ഞു. നഗര നിരത്തുകളിലെ ഭൂരിഭാഗം കുഴികളും അടച്ചു. അവശേഷിക്കുന്നവ ഉടൻ നികത്തും. നിർമാണ വസ്തുക്കൾ പാഴാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കർശന നടപടി സ്വീകരിക്കും

ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായ അനധികൃത പാർക്കിങ്ങുകൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കും. നടപ്പാതകളിലെ നിർമാണ പ്രവർത്തനങ്ങൾ നീക്കം ചെയ്യാൻ ബിബിഎംപിയോടു ആവശ്യപ്പെട്ടിട്ടുണ്ട്. കർശന നടപടികളിലൂടെ ഗതാഗതക്കുരുക്കിനു പരിഹാരം കാണും.

എച്ച്.ജെ.തിപ്പെസ്വാമി (എസിപി, വൈറ്റ്‌ഫീൽഡ് ഡിവിഷൻ)

യാത്ര നരകതുല്യം

നഗരത്തിൽ ഏറ്റവും കൂടുതൽ ഐടി കമ്പനികൾ പ്രവർത്തിക്കുന്ന മേഖലയിൽ ഗതാഗതക്കുരുക്ക് തീരാ ശാപമായി മാറിയിരിക്കുകയാണ്. ഇതു പരിഹരിക്കാൻ പല പരിഷ്കാരങ്ങളും നടപ്പിലാക്കിയെങ്കിലും ഫലം കണ്ടില്ല. മെട്രോ നിർമാണം കൂടി തുടങ്ങിയതോടെ ഇതു വഴിയുള്ള യാത്ര നരകമായി. മോശം റോഡും ചെറിയ മഴയിൽ പോലും ഉണ്ടാകുന്ന വെള്ളക്കെട്ടും പരിഹരിക്കാൻ അടിയന്തര നടപടി വേണം.

അനന്തു കൃഷ്ണൻ, ബെലന്തൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com