ADVERTISEMENT

ബെംഗളൂരു∙ ഡ്രൈവർമാരുടെ ക്രിമിനൽ പശ്ചാത്തലം നോക്കാതെയുള്ള നിയമനത്തിൽ വിശദീകരണം തേടി റാപ്പിഡോ കമ്പനിക്കു പൊലീസ് നോട്ടിസ് അയച്ചു. ബൈക്ക് ടാക്സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിലാണിത്.  കേസിലെ പ്രധാന പ്രതിയായ ബൈക്ക് ഡ്രൈവർ അറാഫത്തിനെ ക്രിമിനൽ കേസിൽ ഉൾപ്പെട്ടതു പരിഗണിക്കാതെ ജോലിയിൽ തുടരാൻ അനുവദിച്ചതിന് എതിരെയാണ് നടപടി. 

2019 മുതൽ റാപ്പിഡോയിൽ ജോലി ചെയ്യുന്ന ഇയാളെ മാസങ്ങൾക്കു മുൻപ് മാരകായുധങ്ങൾ ഉപയോഗിച്ച് അയൽക്കാരനെ ആക്രമിച്ചതിനു ബെന്നാർഘട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസുകളിൽ പ്രതികളാകുന്ന ജീവനക്കാരെ കുറ്റവിമുക്തരാകാതെ ജോലിയിൽ തുടരാൻ അനുവദിക്കരുതെന്ന ചട്ടം പാലിക്കാൻ റാപ്പിഡോ തയാറായില്ലെന്നു പൊലീസ് അറിയിച്ചു. ഇലക്ട്രോണിക് സിറ്റിയിൽ 23 വയസ്സുകാരിയായ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ അറാഫത്ത് ഉൾപ്പെടെ 3 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ടാക്സി, ഓട്ടോ ഡ്രൈവർമാരുടെ വ്യക്തി വിവരങ്ങൾ കമ്പനികൾ പൊലീസിനു കൈമാറണമെന്നാണു നിയമമെങ്കിലും ഇതു കൃത്യമായും പാലിക്കപ്പെടുന്നില്ല. ക്രിമിനലുകൾ ഇത്തരം കമ്പനികളിൽ വലിയ തോതിൽ നുഴഞ്ഞു കയറിയതായി സമീപകാലങ്ങളിലെ സംഭവങ്ങൾ തെളിയിക്കുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ കൂടുതലായി ജോലി െചയ്യുന്നതിനാൽ കൃത്യമായ നടപടികളിലൂടെ കുറ്റവാളികളെ കണ്ടെത്താനാണു പൊലീസ് ശ്രമം.

പ്രവർത്തനം ലൈസൻസില്ലാതെ

റാപ്പിഡോ ബൈക്ക് ടാക്സികൾ പ്രവർത്തിക്കുന്നതു ലൈസൻസില്ലാതെ. 2 വർഷങ്ങൾക്കു മുൻപ് ഇവയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നു കണ്ടെത്തിയ ഗതാഗത വകുപ്പ് ബൈക്കുകൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ കമ്പനി ഹൈക്കോടതിയെ സമീപിച്ചതോടെ അന്തിമ വിധി വരുന്നതുവരെ നടപടി പാടില്ലെന്ന വിധി പുറപ്പെടുവിക്കുകയായിരുന്നു. ഇതോടെ നിയമലംഘനം നോക്കി നിൽക്കേണ്ട അവസ്ഥയിലാണ് അധികൃതർ. 

3 ലക്ഷം ജീവനക്കാരും പ്രതിദിനം 1 ലക്ഷം യാത്രക്കാരും

നഗരത്തിൽ 3 ലക്ഷത്തോളം പേർ റാപ്പിഡോയിൽ ബൈക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ടെന്നാണു കണക്ക്. പ്രതിദിനം ഒരു ലക്ഷത്തോളം പേർ യാത്രയ്ക്കായി ബൈക്ക് ടാക്സികളെ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ ചെലവും കൂടുതൽ വരുമാനവുമാണു കൂടുതൽ പേരെ ബൈക്ക് ഡ്രൈവറായി ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. പാർട്‌ടൈം ജോലിയായി ഇതു ചെയ്യുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാൽ പലരും കൂടുതൽ റൈഡുകളിലൂടെ കൂടുതൽ പണം സമ്പാദിക്കാൻ നിരത്തുകളിൽ നടത്തുന്ന മരണ ഓട്ടം ഇവരുടെയും യാത്രക്കാരുടെയും ജീവനു ഭീഷണിയാണ്.

വേണം സ്ത്രീ ബൈക്ക് ഡ്രൈവർമാർ

വിമാനത്താവളത്തിലേക്ക് സ്ത്രീകൾക്കായി സ്ത്രീകൾ ഓടിക്കുന്ന പിങ്ക് ടാക്സി സർവീസിന്റെ മാതൃകയിൽ ബൈക്ക് സർവീസുകൾ ആരംഭിക്കേണ്ടതുണ്ട്. സ്ത്രീകൾക്കു രാത്രിയാത്രയിൽ ഉൾപ്പെടെ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ ഇതു സഹായിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതിനെ തുടർന്ന് കർണാടക ടൂറിസം വികസന കോർപറേഷനാണു സ്ത്രീകൾക്കായുള്ള പിങ്ക് ടാക്സി സർവീസുകൾ ആരംഭിച്ചത്.  രാവിലെ 6 മുതൽ രാത്രി 12 വരെയാണ് ഇവയുടെ സർവീസ്.

വെബ് ടാക്സികളിലും സ്ത്രീകൾക്ക് ഭീഷണി

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഉൾപ്പെടെ പ്രധാന ആശ്രയമായ വെബ് ടാക്സികളിലും സ്ത്രീകളുടെ രാത്രി യാത്ര വെല്ലുവിളി നിറഞ്ഞത്. ഡ്രൈവർ അപമര്യാദയായി പെരുമാറിയാൽ കാറിനുള്ളിൽ സ്ഥാപിച്ച പാനിക് ബട്ടണോ മൊബൈൽ ഫോണിലെ എസ്ഒഎസ് ഓപ്ഷനോ അമർത്തിയാണു കമ്പനിയെ വിവരം അറിയിക്കുന്നത്. എന്നാൽ പലപ്പോഴും കസ്റ്റമർ കെയറിൽ നിന്നു വിളിക്കാൻ കാലതാമസം എടുക്കുന്നതായി പരാതിയുണ്ട്. ചില ഡ്രൈവർമാർ കമ്പനിക്ക് നൽകേണ്ട കമ്മിഷൻ തുക ലാഭിക്കാൻ വേണ്ടി ആപ് ഉപയോഗിച്ച് ബുക്ക് ചെയ്ത യാത്ര റദ്ദാക്കണമെന്നും പകരം കുറഞ്ഞ ചെലവിൽ ആവശ്യപ്പെട്ട സ്ഥലത്ത് എത്തിക്കാമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്രൈവർമാർ ഫോൺ ഓഫ് ചെയ്യുന്നതോടെ കാറിന്റെ സഞ്ചാരപഥം കണ്ടെത്താൻ കമ്പനികൾക്കു കഴിയില്ല.

സ്കൂൾ ബസിനുള്ളിൽ വീട്ടമ്മയെ പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു∙ നായന്തഹള്ളിയിൽ സ്വകാര്യ സ്കൂൾ ബസിനുള്ളിൽ വീട്ടമ്മയെ പീഡിപ്പിച്ച ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവകുമാറാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാൻ നയന്തനഹള്ളി ജംക്‌ഷനിൽ ബസ് കാത്തുനിൽക്കുകയായിരുന്നു വീട്ടമ്മയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഇയാൾ ആളൊഴിഞ്ഞ ബസിൽ കയറ്റി. തുടർന്ന് യാത്രാമധ്യേ വിജനമായ പ്രദേശത്തു വച്ച് പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ ഫോണിൽ പതിഞ്ഞ ബസിന്റെ ചിത്രം ഉപയോഗിച്ച് മകനും സുഹൃത്തുക്കളുമാണ് ശിവകുമാറിനെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com