ADVERTISEMENT

ബെംഗളൂരു∙ ഭാരവാഹനങ്ങൾക്കു കടുത്ത നിയന്ത്രണത്തിനൊപ്പം സിഗ്നൽ സംവിധാനവും കർശനമാക്കിയതോടെ ഗതാഗത തടസ്സമുണ്ടാകുന്ന സ്ഥിരം മേഖലകളിൽ കഴിഞ്ഞ 10 ദിവസത്തിനിടെ യാത്രാസമയം  പകുതിയായി കുറഞ്ഞു. തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾ ഗതാഗതക്കുരുക്കിനു കാരണമാകുന്നതായി പരാതി വ്യാപകമായതിനെ തുടർന്ന് ട്രാഫിക് പൊലീസ് നടത്തിയ ഇടപെടലാണു വിജയം കണ്ടത്. ഇതോടെ വിമാനത്താവള റോഡിൽ അമൃതഹള്ളിയിൽ നിന്ന് ഹെബ്ബാൾ വരെ എത്താൻ 18 മിനിറ്റ് വേണ്ടിയിരുന്നത് 8 മിനിറ്റായി കുറഞ്ഞു. 

വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാതയിൽ ഹെബ്ബാൾ മേൽപാലം മുതൽ ദേവനഹള്ളി ടോൾപാത വരെയാണു നിയന്ത്രണമുള്ളത്. സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയ തുമക്കൂരു റോഡിലെ പീനിയ, ഓൾഡ് മദ്രാസ് റോഡിലെ കെആർ പുരം ഉൾപ്പെടെ ഗതാഗതക്കുരുക്കിനു നേരിയ ആശ്വാസം കണ്ടിട്ടുണ്ട്.

മെട്രോ നിർമാണത്തിനായുള്ള വസ്തുക്കൾ കൊണ്ടു പോകുന്നത് അടക്കം കൂറ്റൻ ഭാരവാഹനങ്ങൾ തിരക്കേറിയ സമയങ്ങളിൽ റോഡുകളിലൂടെ പോകുന്നത് ഗതാഗതം ഇഴഞ്ഞു നീങ്ങാൻ കാരണമാകുന്നുണ്ട്. ഇരുചക്രവാഹനങ്ങൾ അടക്കം ഇവയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നത് അപകടങ്ങളുമുണ്ടാക്കി. മെട്രോ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ വീതി കുറഞ്ഞ റോഡുകളിൽ പകൽ സമയങ്ങളിൽ ഇവയ്ക്കു നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

നിയന്ത്രണങ്ങൾ നടപ്പിലാക്കിയത് യശ്വന്ത്പുര റെയിൽവേ സ്റ്റേഷനിൽ നിന്നും ജയനഗർ ഫോർത്ത് ബ്ലോക്ക് വരെയുള്ള യാത്രാസമയത്തിൽ 13 മിനിറ്റിന്റെ കുറവുണ്ടാക്കി. ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചതോടെ കെങ്കേരിയിൽ നിന്നു സിറ്റി മാർക്കറ്റിലേക്കുള്ള യാത്രാസമയം 46 മിനിറ്റിൽ നിന്നു 35 ആയി കുറഞ്ഞു. അനധികൃത പാർക്കിങ്ങുകൾ ഒഴിപ്പിച്ചതോടെ ട്രിനിറ്റി ചർച്ച് മുതൽ റിച്ച്മോണ്ട് സർക്കിൾ വരെയുള്ള യാത്രയിൽ 10 മിനിറ്റോളം ലാഭിക്കാൻ കഴിഞ്ഞു. ബാനസവാഡി മേൽപാലത്തിൽ വൺവേയാക്കിയതോടെ കസ്തൂരി നഗറിലെ ഗതാഗതക്കുരുക്കിനും ആശ്വാസമുണ്ടായതായി.  

സീറോ ടോളറൻസ് ജം‌ക്‌ഷനുകളിലും കുരുക്ക് അഴിയുന്നു

നഗരത്തിലെ സീറോ ടോളറൻസ് ജം‌ക്‌ഷനുകളിലെ സിഗ്നലുകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതും ഫലം കാണുന്നു. കൂടുതൽ സമയം വാഹനം നിർത്തിയിടാനോ പാർക്ക് ചെയ്യാനോ പാടില്ലാത്ത ഇത്തരം ജം‌ക്‌ഷനുകളിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും പിഴ ഈടാക്കുന്നത് അടക്കം നിയമ ലംഘകർക്ക് എതിരായ നടപടികൾ കർശനമാക്കുകയുമാണു ചെയ്തത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതം നിയന്ത്രിക്കുന്ന ഇവിടങ്ങളിൽ നിയമ ലംഘകരെ കണ്ടെത്താൻ സിസിടിവി നിരീക്ഷണം കർശനമാണ്. കബ്ബൺ പാർക്ക്, ട്രിനിറ്റി സർക്കിൾ, ഓൾഡ് മദ്രാസ് റോഡ്, ഇന്ദിരാനഗർ ഉൾപ്പെടെയുള്ള സീറോ ടോളറൻസ് ജം‌ക്‌ഷനുകളിൽ കുരുക്കിനു പരിഹാരം കാണാൻ നിയന്ത്രണങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. 

സിഗ്നലുകൾ ജപ്പാനാകും

29 പ്രധാന ജംക്‌ഷനുകളിൽ വഴിക്കുരുക്ക് അഴിക്കാൻ ജപ്പാൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്മാർട് സിഗ്നൽ സംവിധാനം നടപ്പിലാക്കാൻ ട്രാഫിക് പൊലീസ്. സെൻസറുകളുടെ സഹായത്തോടെ കാലതാമസം ഒഴിവാക്കി കൃത്യസമയത്ത് സിഗ്നലുകൾ പ്രവർത്തിപ്പിക്കുന്നതാണു സംവിധാനം. നിലവിൽ ട്രാഫിക് സിഗ്നലുകളിൽ കാത്തുനിൽക്കുന്ന സമയം 30 ശതമാനം വരെ കുറയ്ക്കാൻ ഇതു സഹായിക്കും. ഇതിനായി ജപ്പാൻ കമ്പനിയായ നാഗോയ ഇലക്ട്രിക് വർക്കിന് 70 കോടി രൂപയുടെ കരാർ നൽകിയിട്ടുണ്ട്. ഉപകരണങ്ങൾ കമ്പനി നൽകിയതായും ഇവ ജംക്‌ഷനുകളിൽ സ്ഥാപിക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. 2023 ജൂണിൽ പദ്ധതി പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

നിയന്ത്രണങ്ങൾ ഫലപ്രദം

തിരക്കേറിയ സമയങ്ങളിൽ ഭാരവാഹനങ്ങൾ വിലക്കിയത് ഉൾപ്പെടെ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കിയതിലൂടെ ഉദ്ദേശിച്ച ഫലം ലഭിക്കുന്നുണ്ട്. തിരക്കേറിയ ജം‌ക്‌ഷനുകളിൽ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കുരുക്ക് അഴിക്കാൻ നിർദേശിച്ച നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ ബിബിഎംപിയുമായി ചേർന്ന് പ്രവർത്തിക്കും.  എം.എ.സലിം (ട്രാഫിക് കമ്മിഷണർ)പ്രതിഷേധവുമായി ഭാരവാഹന പെട്രോൾ പമ്പ് ഉടമകൾ

നിയന്ത്രണങ്ങൾ പ്രവർത്തനങ്ങളെ ബാധിക്കുന്നെന്ന പരാതിയുമായി ഭാരവാഹന, പെട്രോൾ പമ്പ് ഉടമകൾ രംഗത്ത്. ഡീസലുമായെത്തുന്ന ലോറികൾ ഉൾപ്പെടെ നഗരത്തിലേക്കു പ്രവേശിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയതോടെ ഇന്ധനം ലഭിക്കുന്നതിൽ പ്രതിസന്ധി നേരിടുന്നു, ഗോഡൗണുകളിൽ നിന്നു ചന്തകളിലേക്കു സാധനം എത്തിക്കുന്നതിനു തടസ്സമാകുന്നു എന്നിങ്ങനെയാണ് ആരോപണം.  കൂടിയാലോചന നടത്താതെയാണു നിയന്ത്രണങ്ങൾ നടത്തിയതെന്ന് ഇരുവിഭാഗവും പരാതിപ്പെടുന്നു.

സ്കൂളുകൾ 8.30ന് മുൻപ് തുറക്കണം

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ സ്കൂളുകൾ രാവിലെ 8.30നു മുൻപ് പ്രവർത്തനം ആരംഭിക്കണമെന്നു ട്രാഫിക് പൊലീസ്. ഈ സമയത്തിനുശേഷം സ്കൂളുകൾക്കു സമീപം നിർത്തിയിടുന്ന സ്കൂൾ ബസുകൾക്കു പിഴ ചുമത്തും. സ്കൂളുകൾ കൂടുതലുള്ള ജം‌ക്‌ഷനുകളിൽ രാവിലെ 8 മുതൽ 8.30 വരെ ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാരെ നിയോഗിക്കും. സ്കൂളുകളിൽ കുട്ടികളെ കൊണ്ടുവരാനും തിരികെ പോകാനും രക്ഷിതാക്കൾക്കായി പ്രത്യേക ഗേറ്റുകൾ നിശ്ചയിക്കുമെന്നും അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com