ബയ്യപ്പനഹള്ളി ടെർമിനലിൽ എസ്കലേറ്ററുകളും മറ്റും പണിമുടക്കുന്നു; എന്തിനാണ് ഈ സൗകര്യങ്ങൾ?

Baiyappanahalli-terminal
ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ ടെർമിനലിലെ പ്ലാറ്റ്ഫോം.
SHARE

ബെംഗളൂരു∙ വിമാനത്താവള മാതൃകയിൽ നിർമിച്ച ബയ്യപ്പനഹള്ളി വിശ്വേശ്വരായ റെയിൽവേ ടെർമിനൽ (എസ്എംവിടി) പ്രവർത്തനം തുടങ്ങി 6 മാസം പിന്നിട്ടപ്പോഴേക്കും, എസ്കലേറ്ററുകളും ഓട്ടമാറ്റിക് വാതിലുകളും പണിമുടക്കുന്നത് പതിവാകുന്നു. പൂർണമായും ശീതീകരിച്ച ടെർമിനലിലേക്ക് പ്രവേശിക്കാൻ സെൻസർ അധിഷ്ഠിത ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകളാണുള്ളത്. കൂടുതൽ യാത്രക്കാർ വരുന്നതോടെ വാതിലുകൾ തകരാറിലാകുന്നത് പതിവാണ്. അകത്തേക്ക് പ്രവേശിക്കുന്നതും പുറത്തേയ്ക്ക് വരുന്നതിനും  ഒരു കവാടത്തിൽ കൂടി മാത്രമാക്കുന്നതോടെ തിരക്കും കൂടും. പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ ടെർമിനലിന്റെ ഒന്നാം നിലയിലേക്ക് കയറണം.  എസ്കലേറ്ററും ലിഫ്റ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ഓഫ് ചെയ്തിട്ടിരിക്കും. 

ലഗേജുകളുമായി കോണി കയറി വേണം പിന്നീട് പ്ലാറ്റ്ഫോമിലെത്താൻ.  7 പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിച്ച് മേൽപാലത്തിലേക്ക് പ്രവേശിക്കാൻ അടിപ്പാതയും ഉണ്ടെങ്കിലും ഇത് ഉപയോഗിക്കുന്നവർ കുറവാണ്. അടിപ്പാത സംബന്ധിച്ച സൂചന ബോർഡുകൾ ടെർമിനൽ കവാടത്തിലെങ്ങും സ്ഥാപിച്ചിട്ടില്ല. നിലവിൽ 30 ദീർഘദൂര ട്രെയിനുകൾ എസ്എംവിടിയിൽ നിന്നാണ് പുറപ്പെടുന്നത്.  കേരളത്തിലേക്ക് ആഴ്ചയിൽ 3 ദിവസമുള്ള എസ്എംവിടി എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12683/12684), ആഴ്ചയിൽ 2 ദിവസം വീതമുള്ള കൊച്ചുവേളി–എസ്എംവിടി ഹംസഫർ എക്സ്പ്രസ് ( 16319/ 16320) ട്രെയിനുകളാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്. 

ഐഒസി ജംക്‌ഷനിൽ കുരുക്ക് രൂക്ഷം

കൂടുതൽ ട്രെയിനുകൾ ബയ്യപ്പനഹള്ളി എസ്എംവിടിയിലേക്ക് മാറ്റുമ്പോഴും  ഇവിടേക്ക്  എത്താനുള്ള റോഡുകളിലെ കുരുക്ക് രൂക്ഷമാകുകയാണ്. ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ടെർമിനലിലേക്ക് റോഡ് മാർഗമാണ് കൂടുതൽ പേർ എത്തുന്നത്. 

ബാനസവാടി റോഡിലെ  മാരുതി സേവാനഗർ ഐഒസി മേൽപാലത്തിൽ കൂടി വേണം െടർമിനലിലെത്താൻ. ഗതാഗതക്കുരുക്ക് പതിവായ വീതികുറഞ്ഞ മേൽപാലത്തിലേക്ക് റെയിൽവേ സ്റ്റേഷനിലേക്കുള്ള വാഹനങ്ങൾ കൂടി എത്തിയതോടെ സ്ഥിതി കൂടുതൽ രൂക്ഷമായി.  ഐഒസി ജംക്‌ഷൻ മേൽപാലത്തെ ബന്ധിപ്പിച്ച് എസ്എംവിടി ടെർമിനലിൽ  നിന്ന് നേരിട്ട് മേൽപാലം നിർമിക്കാനുള്ള ബിബിഎംപിയുടെ പദ്ധതിക്ക്  ദക്ഷിണ പശ്ചിമ റെയിൽവേ അനുമതി നൽകിയിരുന്നു. 

എന്നാൽ നിലവിലെ പാലം വീതികൂട്ടാതെ ഇതിലേക്ക് വീണ്ടുമൊരു പാലം കൂടി വന്നു വരുന്നത് ഗുണം ചെയ്യില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഓൾഡ് മദ്രാസ് റോഡിൽ നിന്ന് വരുന്നവർ  ജീവനഹള്ളി മേൽപാലം വഴിയാണ് ടെർമിനലിലെത്തുന്നത്. ഇവിടെ നിന്ന്  ടെർമിനലിനെ ബന്ധിപ്പിച്ച് പുതിയ റോഡ് നേരത്തെ നിർമിച്ചിരുന്നു.

കൂടുതൽ ഫീഡർ ബസുകൾ വന്നില്ല

എസ്എംവിടി ടെർമിനലിനെ ബന്ധിപ്പിച്ച് ബിഎംടിസി കൂടുതൽ ഫീഡർ സർവീസുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനവും പാഴ്‌വാക്കായി.  10 ഫീഡർ സർവീസുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നത്. സ്വാമി വിവേകാനന്ദ മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ്കൂടുതൽ ഫീഡർ സർവീസുകൾ.കൂടുതൽ ട്രെയിനുകൾ മാറ്റിയപ്പോഴും ഇതിനനുസരിച്ച് ഫീഡർ സർവീസുകൾ ക്രമീകരിച്ചിട്ടില്ല. പ്ലാറ്റ്ഫോമുകളിൽ ഫീഡർ ബസിനെ കുറിച്ചുള്ള വിവരങ്ങളും പ്രദർശിപ്പിച്ചിട്ടില്ല. 

ഭക്ഷണശാലകൾ അടഞ്ഞുതന്നെ 

7 പ്ലാറ്റ്ഫോമുകളുള്ള റെയിൽവേ സ്റ്റേഷനിൽ ഭക്ഷണവും വെള്ളവും ഒന്നാം പ്ലാറ്റ്ഫോമിൽ മാത്രമാണ് ലഭിക്കുന്നത്.  എല്ലാ പ്ലാറ്റ്ഫോമുകളിലും 2 ലഘുഭക്ഷണ ശാലകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രവർത്തനം തുടങ്ങിയിട്ടില്ല. പ്ലാറ്റ്ഫോമിൽ  വിൽപനയും അനുവദിച്ചിട്ടില്ല. പ്ലാറ്റ്ഫോമുകളിലെ ശുചിമുറികളും അടഞ്ഞുകിടക്കുകയാണ്. യാത്രക്കാർ  വിശ്രമമുറിയിലേയും പുറത്തെ പാർക്കിങ് കേന്ദ്രത്തിലെ ശുചിമുറികളെയുമാണ് ആശ്രയിക്കുന്നത്. 

ഏറെ പ്രതീക്ഷയോടെ ആരംഭിച്ച എസ്എംവിടി ടെർമിനലിൽ ട്രെയിൻ ഇറങ്ങി വരുന്നവർക്കുള്ള  തുടർ യാത്രാസൗകര്യം ഇപ്പോഴും കാര്യക്ഷമമല്ല.   പുലർച്ചെയെത്തുന്ന എറണാകുളം സൂപ്പർഫാസ്റ്റ് ട്രെയിനിലെ യാത്രക്കാരിൽ നിന്ന്  മൂന്നിരട്ടിവരെ അധിക നിരക്കാണ് ഓട്ടോക്കാർ ഈടാക്കുന്നത്. ടെർമിനലിനകത്തെ എസ്കലേറ്റർ ഉൾപ്പെടെ പലപ്പോഴും പ്രവർത്തനരഹിതമാണ്. ബാനസവാടി റോഡിൽ നിന്ന് വരുന്നവർക്ക് ഏറെ ചുറ്റിതിരിഞ്ഞ് വേണം ടെർമിനലിലെത്താൻ. നിലവിലെ മേൽപാലം വീതികൂട്ടുകയോ പുതിയ പാലം നിർമിക്കുകയോ ചെയ്താൽ മാത്രമേ ഈ പ്രശ്നം  പരിഹരിക്കാൻ സാധിക്കുകയുള്ളൂ.   

 കെ.ജെ ബൈജു (വൈസ് പ്രസിഡന്റ്, സുവർണ കർണാടക കേരളസമാജം) 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS