ADVERTISEMENT

ബെംഗളൂരു∙ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നമ്മ മെട്രോ  രാത്രി 11നു ശേഷവും വേണമെന്ന ആവശ്യം ശക്തം. നവംബർ 25ന് ഇലക്ട്രോണിക് സിറ്റിക്കു സമീപം നീലാദ്രിനഗറിൽ മലയാളി യുവതിയെ ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം, നഗരം സ്ത്രീസുരക്ഷാ സൗഹൃദമല്ലെന്ന ആശങ്കകൾ ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് പൊതു ഗതാഗത മാർഗങ്ങൾ രാത്രിയിൽ കാര്യക്ഷമമായി പ്രവർത്തിച്ചാൽ ബൈക്ക് ടാക്സി ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത യാത്രാമാർഗം ഒഴിവാക്കാൻ സ്ത്രീകളെ സഹായിക്കുമെന്ന ആശയം ഉയരുന്നത്. 

നീട്ടണം ഒരു മണി വരെയെങ്കിലും 

നിലവിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 5 മുതൽ രാത്രി 11 വരെയാണ് മെട്രോ പ്രവർത്തനസമയം. ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 11 വരെയും. ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണിക്ക് രാത്രിയിൽ ഇടവേള ആവശ്യമുണ്ടെന്നതാണ് സമയം നീട്ടാതിരിക്കാൻ ബിഎംആർസി നൽകുന്ന വിശദീകരണം.എന്നാൽ രാജ്യാന്തര ക്രിക്കറ്റ് മത്സരം നടക്കുമ്പോഴും പുതുവർഷ രാവിലും മറ്റും  1.30 വരെ മെട്രോ പ്രവർത്തിക്കുന്ന സാഹചര്യവുമുണ്ട്.ഇതേ രീതിയിൽ എല്ലാ ദിവസവും ഒരുമണി വരെയെങ്കിലും മെട്രോ ഓടണമെന്ന ആവശ്യമാണ് ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെ കാലങ്ങളായി ഉന്നയിക്കുന്നത്. സിംഗപ്പൂർ, ദുബായ്, മുംബൈ നഗരങ്ങളെപ്പോലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗതാഗത മാർഗങ്ങൾ ഉണ്ടാകേണ്ടത് ബെംഗളൂരുവിന്റെ വികസനത്തിനും നഗരസുരക്ഷയ്ക്കും ആവശ്യമാണ്.

പഞ്ചമി (ഐടി ജീവനക്കാരി, അട്ടിക്കുപ്പെ)

‘‘സ്വകാര്യ ബസുകളിൽ പുലർച്ചെയും മറ്റും  നഗരത്തിലെത്തുന്ന മലയാളികൾ ഉൾപ്പെടെ ബൈക്ക് ടാക്സി പോലുള്ള സംവിധാനങ്ങൾ തിരഞ്ഞെടുക്കുന്നുണ്ട്.രാത്രി 11ന് ശേഷം ഒറ്റയ്ക്കുള്ള വെബ് ടാക്സി യാത്ര പോലും ഭയപ്പെടുത്തുന്നതാണ്. വേറെ മാർഗം ഇല്ലാത്തതിനാലാണ് ഇവയെ ആശ്രയിക്കുന്നത്. ഒട്ടേറെ സ്ത്രീകൾ യാത്ര ചെയ്യുന്ന രാത്രികാലങ്ങളിൽ മെട്രോ അടക്കമുള്ള  പൊതുഗതാഗത മാർഗങ്ങൾ സർവീസ് നീട്ടാൻ തയാറാകാത്തത് ഖേദകരമാണ്.’’

പ്രീതി, വീട്ടമ്മ, ചന്താപുര

‘‘മെട്രോ സമയം നീട്ടുന്നതിനു ഒപ്പം തുടർ യാത്രാസൗകര്യവും ഉറപ്പാക്കണം. എല്ലാ മെട്രോ സ്റ്റേഷനുകളിലും ഫീഡർ ബസ് സർവീസില്ലാത്തത് രാത്രിയിൽ ഉൾപ്പെടെ സുരക്ഷിത യാത്രയ്ക്ക് വെല്ലുവിളിയാണ്. നമ്മ മെട്രോ ആപ്പ് ഉപയോഗിച്ച് ഓട്ടോയും മറ്റും ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം ബിഎംആർസി ഉടൻ നടപ്പിലാക്കണം.’’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com