ADVERTISEMENT

ബെംഗളൂരു∙ നിർമാണം പൂർത്തിയായിട്ടും കരാറുകാരനുമായുള്ള തർക്കത്തെ തുടർന്ന് തുറക്കാനാകാതെ കലാശിപാളയ ബിഎംടിസി ബസ് ടെർമിനൽ. 4 മാസം മുൻപാണ്  ടെർമിനൽ നിർമാണം പൂർത്തിയായത്. അവസാന മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കി. ബിഎംടിസി 15 കോടിരൂപയാണ് കരാറുകാരന് കുടിശികയായി നൽകാനുള്ളത്.  ടെർമിനൽ നിർമാണം  2016ൽ ആരംഭിച്ചെങ്കിലും ബിഎംടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ  പ്രവൃത്തികൾ ഇടക്കാലത്ത് മുടങ്ങി.

2019ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ടെർമിനലാണ് 6 വർഷങ്ങൾക്ക് ശേഷമാണ് യാഥാർഥ്യമായത്.  4 ഏക്കറിലായി 63 കോടിരൂപ ചെലവഴിച്ചാണ് പുതിയ ടെർമിനൽ നിർമിച്ചത്. ബിഎംടിസി, കർണാടക ആർടിസി എന്നിവയ്ക്ക് പുറമേ സംസ്ഥാനാന്തര  ബസുകൾക്കായി പ്രത്യേകം പ്ലാറ്റ്ഫോമുകൾ,  ഇരിപ്പിടങ്ങൾ, ശുചിമുറി,  ഓട്ടോ സ്റ്റാൻഡ്, ലിഫ്റ്റ്, എസ്കലേറ്റർ, കോഫി ഷോപ്പ്, ഫുഡ് കോർട്ട്, ജീവനക്കാർക്ക് വിശ്രമമുറികൾ എന്നീ സൗകര്യങ്ങളുണ്ട്.   

തിരിച്ചുവരുമോകേരള ആർടിസി കൗണ്ടർ  

കലാശിപാളയ ബസ് ടെർമിനൽ തുറക്കാൻ വൈകുന്നതോടെ കേരള ആർടിസി റിസർവേഷൻ കൗണ്ടറും സർവീസും  ആരംഭിക്കുന്നതിനുള്ള മലയാളി യാത്രക്കാരുടെ കാത്തിരിപ്പും നീളും. ബസ് ടെർമിനൽ പൊളിച്ചപ്പോഴാണ് കേരള ആർടിസിയുടെ റിസർവേഷൻ കൗണ്ടർ മാറ്റിയത്. ഇതോടെ ഇവിടെ നിന്ന് പുറപ്പെട്ടിരുന്ന കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്കുള്ള 10 ബസ് സർവീസുകൾ മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനലിലേക്ക് മാറ്റി. ബസ് ടെർമിനൽ പൂർത്തിയായാൽ റിസർവേഷൻ കൗണ്ടർ പുനഃസ്ഥാപിക്കാൻ കേരള ആർടിസി തയാറാണ്. നിലവിൽ കേരളത്തിലേക്കുള്ള സ്വകാര്യ ബസുകൾ കലാശിപാളയയിൽ നിന്ന് പുറപ്പെടുന്നുണ്ട്.   

bus
കലാശിപാളയത്തെ സ്വകാര്യ ബസ് സ്റ്റാൻഡ്.

ബസുകൾ നിർത്തുന്നത് നടുറോഡിൽ 

 കലാശിപാളയത്ത് ബസ് ടെർമിനൽ പൊളിച്ചതോടെ റോഡരികിലാണ് ബസുകൾ പാർക്ക് ചെയ്യുന്നതും യാത്രക്കാരെ കയറ്റുന്നതും. ഇതോടെ  ഏത് സമയവും കലാശിപാളയ മെയിൻ റോഡ്, അയ്യപ്പ ടെമ്പിൾ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കാണ്. ബെംഗളൂരുവിന്റെ സമീപ ജില്ലകളിലേക്കും തമിഴ്നാട്, ആന്ധ്ര  എന്നിവിടങ്ങളിലേക്കുമുള്ള സ്വകാര്യ ബസുകൾ ബസ് ടെർമിനലിന്റെ മുന്നിൽ നിന്നാണ് പുറപ്പെടുന്നത്. ബിഎംടിസി ബസുകളും റോഡിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.  രാത്രി സംസ്ഥാനാന്തര സർവീസ് നടത്തുന്ന ബസുകൾ കൂടി എത്തുന്നതോടെ ചെറുവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിയില്ല. 

പാഴ്‌വാക്കായിഅടിപ്പാത പ്രഖ്യാപനം 

കെആർ മാർക്കറ്റ് മെട്രോ സ്റ്റേഷനേയും കലാശിപാളയ ബസ് ടെർമിനലിനേയും ബന്ധിപ്പിച്ച് അടിപ്പാത നിർമിക്കുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. ബസ് ടെർമിനൽ നിർമാണ സമയത്ത് തന്നെ ഇതിനുള്ള നടപടികൾ തുടങ്ങിയിരുന്നെങ്കിലും ചെലവ് പങ്കിടുന്നത് സംബന്ധിച്ച് ബിഎംആർസിയും ബിഎംടിസിയും തമ്മിലുള്ള തർക്കം കാരണം തുടർ നടപടികൾ നിലച്ചു. നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ കലാശിപാളയ, കെആർ മാർക്കറ്റ് എന്നിവയോട് ചേർന്നാണ് മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com