ഹുബ്ബള്ളി∙ മദ്യപനായ മകനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ പിതാവ് ഉൾപ്പെടെ 6 പേർ പിടിയിൽ. ബിസിനസുകാരനായ ഭരത് മഹാജൻസേത്തി (56) ന്റെ മകൻ അഖിൽ മഹാജൻസേത്ത് (26)ന്റെ മൃതദേഹമാണ് ഹുബ്ബള്ളി കലഘട്ടിയിലെ കൃഷിയിടത്തിൽ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
മദ്യത്തിന് അടിമയായ അഖിൽ തന്റെ സമ്പാദ്യം ചൂതാട്ടത്തിനും മറ്റും വിനിയോഗിച്ച് നശിപ്പിക്കുന്നത് പതിവായതോടെയാണ് മകനെ ഇല്ലാതാക്കാൻ ഭരത് 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്. ഭരതിന് പുറമേ ക്വട്ടേഷൻ സംഘാംഗങ്ങളായ മഹാദേവ് നാൽവഡ്, സലീം, സലാലുദീൻ മൗലവി, റഹ്മാൻ, പ്രഭായ ഹിരേമഠ്, മുഹമ്മദ് ഹനീഫ് എന്നിവരെയാണ് ഹുബ്ബള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 1 മുതൽ അഖിലിനെ കാണാതായതായി കാണിച്ച് ഭരത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൊഴികളിൽ സംശയം തോന്നിയ പൊലീസ് ഭരതിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.