ADVERTISEMENT

ബെംഗളൂരു/പത്തനംതിട്ട ∙ കേരളത്തിൽ നിന്നു ബെംഗളൂരുവിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാൻ ദക്ഷിണ റെയിൽവേ സമർപ്പിച്ച ശുപാർശകളിൽ നടപടിയെടുക്കാതെ ദക്ഷിണ പശ്ചിമ റെയിൽവേ. കൊച്ചുവേളി–ബെംഗളൂരു ഹംസഫർ എക്സ്പ്രസ് ആഴ്ചയിൽ മൂന്നു ദിവസമാക്കുക, കൊച്ചുവേളി – യശ്വന്ത്‌പുര ഗരീബ്‌രഥിന്റെ ദിവസങ്ങൾ മാറ്റുക, എറണാകുളം–ബെംഗളൂരു എക്സ്പ്രസ് ശിവമൊഗ്ഗയിലേക്കു നീട്ടുക എന്നീ ആവശ്യങ്ങളിൽ ആദ്യത്തേത് രണ്ടും ബെംഗളൂരുവിൽ പുതിയ റെയിൽവേ ടെർമിനൽ തുറക്കുമ്പോൾ പരിഗണിക്കാമെന്നാണു ദക്ഷിണ റെയിൽവേയെ അറിയിച്ചിരുന്നത്. 

7 പ്ലാറ്റ്ഫോമുകളുള്ള വിശേശ്വരയ്യ ടെർമിനൽ 2022 ജൂണിലാണു ബെംഗളൂരുവിൽ തുറന്നത്. പുതിയ ടെർമിനൽ‌ തുറന്ന് 8 മാസമായിട്ടും കൊച്ചുവേളി–ബെംഗളൂരു ഹംസഫർ എക്സ്പ്രസ് ഇപ്പോഴും ആഴ്ചയിൽ 2 ദിവസം മാത്രമാണു ഓടുന്നത്. മുൻപ് ഇത് ആഴ്ചയിൽ മൂന്നാക്കാൻ ശുപാർശ ചെയ്തപ്പോൾ ബെംഗളൂരുവിൽ പ്ലാറ്റ്ഫോം ലഭ്യമല്ലാത്തതിനാൽ സാധ്യമല്ലെന്നായിരുന്നു ദക്ഷിണ പശ്ചിമ റെയിൽവേ നിലപാട്. എന്നാൽ സൗകര്യം വന്ന ശേഷവും അതേ നില തുടരുകയാണ്. പുതിയ ടെർമിനലിലേക്ക് യശ്വന്ത്പുരയിൽ യാത്ര അവസാനിപ്പിക്കുന്ന ഒട്ടേറെ ട്രെയിനുകൾ മാറ്റിയതോടെ കൊച്ചുവേളി–യശ്വന്ത്പുര ഗരീബ്‌രഥിന്റെ ദിവസങ്ങൾ മാറ്റാൻ കഴിയുമെങ്കിലും അതിനും നടപടിയില്ല. 

ആഴ്ചയിൽ 3 ദിവസമുള്ള എറണാകുളം–ബെംഗളൂരു എക്സ്പ്രസ് (12683) രാവിലെ 3.55 മുതൽ വൈകിട്ട് 7 വരെ ബെംഗളൂരുവിൽ െവറുതെ കിടക്കുകയാണ്. ഈ ട്രെയിൻ ശിവമൊഗ്ഗയിലേക്കു നീട്ടണമെന്നാവശ്യപ്പെട്ട് എംപിമാർ കത്തു നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ബെംഗളൂരുവിലെ പുതിയ ടെർമിനലും വൈകാതെ ട്രെയിനുകൾ കൊണ്ടു നിറയുമെന്നതിനാൽ കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ ഇപ്പോൾ നടപ്പായില്ലെങ്കിൽ പിന്നീടൊരിക്കലും സാധ്യമാകില്ലെന്നു റെയിൽവേ ഉദ്യോഗസ്ഥരും തുറന്നു സമ്മതിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com