ബെംഗളൂരു∙ ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനിലേക്കുള്ള (എസ്എംവിടി ബെംഗളൂരു) പ്രവേശനം സുഗമമാക്കാൻ ഐഒസി ജംക്‌ഷനിൽ 345 കോടി രൂപ ചെലവിട്ട് 4 മേൽപാല റാംപുകൾ ബിബിഎംപി നിർമിക്കും. ബനസവാടി റോഡിലെ ഐഒസി മേൽപാലത്തിൽ നിന്ന് ടെർമിനലിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇവയുടെ നിർമാണം.
പാലം നിർമാണത്തിനുള്ള അനുമതിക്ക് ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് നഗരവികസന വകുപ്പിന് രൂപരേഖ സമർപ്പിച്ചു. സ്ഥലമേറ്റെടുപ്പിന് മാത്രം 68 കോടി രൂപയാണ് വകയിരുത്തിയത്. മാരുതി സേവാനഗർ, കമ്മനഹള്ളി, ബാനസവാടി, ബയ്യപ്പനഹള്ളി ഭാഗങ്ങളിൽ നിന്ന് വരുന്നവർക്ക് റെയിൽവേ ടെർമിനലിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിലാണ് റാംപ് നിർമാണം.ദക്ഷിണ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള സ്ഥലത്ത് കൂടെ പാലം നിർമിക്കുന്നതിന് നേരത്തെ ബെംഗളൂരു ഡിവിഷൻ അധികൃതർ അനുവാദം നൽകിയിരുന്നു. 2 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
കുരുക്കൊഴിയാതെ എസ്എംവിടി ടെർമിനൽ
കഴിഞ്ഞ വർഷം ജൂൺ ആദ്യവാരം പ്രവർത്തനം തുടങ്ങിയ ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിലേക്കുള്ള റോഡുകൾ ഇടുങ്ങിയതായതിനാൽ കുരുക്ക് പതിവായിരുന്നു. ബാനസവാടി മേഖലയിൽ നിന്നു വരുന്ന വാഹനങ്ങൾ മാരുതിസേവ നഗർ ഐഒസി ജംക്‌ഷനിലെ മേൽപാലത്തിൽ നിന്ന് ടെർമിനലിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിന് വീതിയില്ലാത്തതാണ് പ്രധാന തടസ്സം.
പാലം ഇറങ്ങി യു ടേൺ ചെയ്തുവേണം ടെർമിനൽ റോഡിലേക്കു വാഹനങ്ങൾക്ക് പ്രവേശിക്കാൻ. ഓൾഡ് മദ്രാസ് റോഡിൽ നിന്ന് വരുന്നവർക്ക് ജീവനഹള്ളി മേൽപാലം വഴി ടെർമിനലിന് മുന്നിൽ പുതുതായി നിർമിച്ച നാലുവരി റോഡിലേക്ക് നേരിട്ട് എത്താമെന്ന സൗകര്യമുണ്ട്. കേരളത്തിലേക്കുള്ള 2 ട്രെയിനുകൾ ഉൾപ്പെടെ 32 ദീർഘദൂര ട്രെയിനുകളാണു എസ്എംവിടി ടെർമിനലിലേക്ക് ഇതിനകം മാറ്റിയത്.കെഎസ്ആർ, യശ്വന്ത്പുര, കന്റോൺമെന്റ് സ്റ്റേഷനുകളിൽ നിന്നു പുറപ്പെടുന്ന കൂടുതൽ ട്രെയിനുകൾ ഇവിടേക്കാകുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും.
കബ്ബൺ പാർക്കിനെ വാണിജ്യ കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന് വോക്കേഴ്സ് അസോ.
ബെംഗളൂരു∙ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കബ്ബൺ പാർക്കിനുള്ളിൽ അനധികൃത നിർമാണ പ്രവൃത്തികൾക്ക് അനുമതി നൽകാനുള്ള നീക്കത്തിൽ നിന്ന് ഹോർട്ടികൾചർ വകുപ്പ് പിൻവാങ്ങണമെന്ന് വോക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മിൽക്ബൂത്ത്, പച്ചക്കറി സ്റ്റാൾ, ഫുഡ്കോർട്ട്, എന്നിവയാണ് പാർക്കിനുള്ളിൽ സ്ഥാപിക്കുന്നതിനാണ് അനുമതി നൽകിയത്. ആദ്യം 245 ഏക്കറുണ്ടായിരുന്ന പാർക്ക് വിവിധ സ്ഥാപനങ്ങൾക്ക് കെട്ടിട നിർമാണത്തിന് അനുമതി നൽകിയതോടെ 167 ഏക്കറായി ചുരുങ്ങി. കബൺ പാർക്കിനെ വാണിജ്യ കേന്ദ്രമാക്കി മാറ്റുന്നത് അനുവദിക്കില്ലെന്ന് പ്രസിഡന്റ് ഉമേഷ് കുമാർ പറഞ്ഞു.