സിഗ്‌നൽ രഹിത ഇടനാഴിയുടെ ഭാഗമായ ഓൾഡ് എയർപോർട്ട് റോഡിലെ എച്ച്എഎൽ സുരഞ്ജൻദാസ് അടിപ്പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. പരീക്ഷണാടിസ്ഥാനത്തിലാണ് അടിപ്പാത തുറന്നുകൊടുത്തത്. ഉദ്ഘാടനം പിന്നീട് നടക്കും. ഡൊംലൂർ മുതൽ മാറത്തഹള്ളി വരെയുള്ള ഭാഗത്തെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ കുറയ്ക്കാൻ അടിപ്പാത വന്നതോടെ സാധിക്കും.
വെള്ളാറ ജംക്‌ഷൻ മുതൽ ഹോപ്ഫാം ജംക്‌ഷൻ വരെയുള്ള 17.5 കിലോമീറ്റർ സിഗ്‌നൽ രഹിത ഇടനാഴിയിൽ ഉൾപ്പെടുന്നത്. 3 അടിപ്പാതകളാണ് പാതയുടെ ഭാഗമായുള്ളത്. ഇതിൽ കുന്ദലഹള്ളി, സുരഞ്ജൻദാസ് അടിപ്പാതകളുടെ നിർമാണം പൂർത്തിയായി. വിൻഡ് ടണൽ അടിപ്പാതയാണ് ഇനി പൂർത്തീകരിക്കാനുള്ളത്. 2019ലാണ് 3 അടിപ്പാതകളുടെ നിർമാണം ആരംഭിച്ചത്.