ADVERTISEMENT

ബെംഗളൂരു∙ 10 വരിയായി വികസിപ്പിച്ച മൈസൂരു–ബെംഗളൂരു ദേശീയപാതയിലെ (എൻഎച്ച് –275) ആദ്യഘട്ടത്തിലെ ടോൾ പിരിവ് ഫെബ്രുവരി 15ന് ആരംഭിക്കും. ബെംഗളൂരു കുമ്പൽഗോഡ് മുതൽ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റർ പാതയിലെ  ടോൾ പിരിവാണ് ആരംഭിക്കുക. നഗരാതിർത്തിയായ ബിഡദി കണമിനിക്കെയിൽ  ടോൾ പ്ലാസ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന നിദ്ദഘട്ട–മൈസൂരു 61 കിലോമീറ്റർ ദൂരത്തെ ടോൾ പിരിവ് പിന്നീട് ആരംഭിക്കും. ഈ പാതയിൽ ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലാണ് ടോൾ പ്ലാസ നിർമിച്ചിരിക്കുന്നത്. 

ടോൾ പ്ലാസകളിൽ 11 ഗേറ്റുകൾ 

ഓരോ ടോൾ പ്ലാസയിലും ഫാസ്ടാഗ് സംവിധാനത്തോടെയുള്ള 11 ഗേറ്റുകളുണ്ട്. ടോൾ നിരക്ക് അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു.  ബിഒടി അടിസ്ഥാനത്തിൽ നവീകരിച്ച ദേശീയപാതകളിൽ കിലോമീറ്ററിന് 1.5 രൂപ മുതൽ 2 രൂപവരെയാണ് നിരക്ക് ഈടാക്കുന്നത്. 

റോഡിന്റെ നീളം, പാലങ്ങൾ, അടിപ്പാതകൾ എന്നിവ പരിഗണിച്ചാണ് ടോൾ നിശ്ചയിക്കുന്നത്. 118 കിലോമീറ്റർ വരുന്ന ബെംഗളൂരു– മൈസൂരു ദേശീയപാതയിൽ 9 വലിയ പാലങ്ങളും 42 ചെറിയ പാലങ്ങളും 64 അടിപ്പാതകളും 11 മേൽപാലങ്ങളും  5 ബൈപാസുകളുമാണ് പുതുതായി നിർമിച്ചത്. 

ബെംഗളൂരു–മൈസൂരു യാത്രയ്ക്ക് ഒരുമണിക്കൂർ 10 മിനിറ്റ്!

ബെംഗളൂരു–മൈസൂരു ദേശീയപാതയിൽ ടോൾ പിരിവ് ആരംഭിക്കുന്നതോടെ യാത്രാ ചെലവ് ഏറുമെങ്കിലും ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാസമയം ഒരു മണിക്കൂർ 10 മിനിറ്റായി ചുരുങ്ങും. നിലവിൽ തിരക്കേറിയ സമയങ്ങളിൽ 3 മുതൽ നാലര മണിക്കൂർ വരെ സമയം വേണം. തിരക്കേറിയ ടൗണുകളെ ഒഴിവാക്കി ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ  ബൈപാസ് റോഡുകൾ തുറന്നതോടെ കുരുക്കിൽപെടാതെ പോകാം.

 സ്വകാര്യ വാഹനങ്ങൾക്ക് പുറമേ  മലബാർ മേഖലയിലേക്കും തെക്കൻ കേരളത്തിലേക്ക് വയനാട്, ഗൂഡല്ലൂർ വഴിയുള്ള കേരള, കർണാടക ആർടിസി, സ്വകാര്യ ബസ് സർവീസുകളും  ബെംഗളൂരു–മൈസൂരു പാതയിലൂടെയാണ് കടന്നുപോകുന്നത്. ടോൾ പിരിവ് ആരംഭിക്കുന്നതോടെ ബസുകളിലെ ടിക്കറ്റ് നിരക്കും കൂടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com