ADVERTISEMENT

ബെംഗളൂരു∙ സൈക്കിൾ യാത്രക്കാർക്ക് സൗജന്യ റിപ്പയറിങ് സൗകര്യമൊരുക്കിയുള്ള  പെഡൽ പോർട്ട് കിയോസ്കുകൾ കൂടുതൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നു. തുടർ യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരഗതാഗത ഡയറക്ടറേറ്റ് (ഡൽറ്റ്), ബിഎംആർസിയുമായി സഹകരിച്ചാണ്  പെഡൽ പോർട്ട് സ്ഥാപിക്കുന്നത്. 

ആദ്യത്തെ പെഡൽ പോർട്ട് കഴിഞ്ഞ വർഷം ജനുവരിയിൽ വിധാൻസൗധ മെട്രോ സ്റ്റേഷന് സമീപം സ്ഥാപിച്ചിരുന്നു. 12 പെഡൽ പോർട്ടുകളാണ് 2 മാസത്തിനുള്ളിൽ സ്ഥാപിക്കുന്നത്. സെൻട്രൽ മാനുഫാക്ചറിങ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (സിഎംടിഐ) ആണ് രൂപകൽപന ചെയ്തത്. 

പെഡൽ പോർട്ട് എന്ന മിനി വർക്‌ഷോപ്

നഗരത്തിൽ സൈക്കിൾ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് വിദേശരാജ്യങ്ങളിലെ പോലെ  സ്വയം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സൗജന്യ പെഡൽ പോർട്ട് (മിനി വർക്‌ഷോപ്) വ്യാപകമാക്കുന്നത്.  സൈക്കിൾ പമ്പ്, വിവിധ വലുപ്പത്തിലുള്ള സ്പാനറുകൾ എന്നിവയാണ് പോർട്ടിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തനം മനസ്സിലാക്കാൻ ക്യുആർ കോഡും സ്ഥാപിക്കും. 

സൈക്കിൾ പാർക്കിങ് സൗകര്യം വിപുലമാക്കണം

നഗരത്തിൽ  സൈക്കിൾ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തണമെന്ന് കൂട്ടായ്മകൾ. ചുരുക്കം മെട്രോ സ്റ്റേഷനുകളിൽ മാത്രമാണ് സൈക്കിൾ പാർക്കിങ്ങിന് സൗകര്യമുള്ളത്. സ്മാർട്ട് സിറ്റി പദ്ധതിയിൽ നവീകരിച്ച റോഡുകളിൽ സൈക്കിൾ ട്രാക്ക് നിർമിച്ചെങ്കിലും പാർക്കിങ് സൗകര്യം ഇല്ല. 

വ്യാപാര കേന്ദ്രമായ ചർച്ച് സ്ട്രീറ്റിൽ മാത്രമാണ് നടപ്പാതയോട് ചേർന്ന്  സൗജന്യമായി സൈക്കിൾ നിർത്തി ലോക്ക്  ചെയ്യാനുള്ള സൗകര്യമുള്ളത്. നേരത്തെ സൈക്കിൾ ഷെയറിങ് പദ്ധതിയുടെ ഭാഗമായി യുലു, ബൗൺസ് തുടങ്ങിയ കമ്പനികൾക്ക് ഡോക്കിങ് സ്റ്റേഷൻ അനുവദിച്ചിരുന്നു. എന്നാൽ പദ്ധതി വിജയിക്കാതെ വന്നതോടെ സൈക്കിളുകൾ ഉൾപ്പെടെ കമ്പനികൾ തിരിച്ചെടുത്തിരുന്നു. ചില ഷോപ്പിങ് മാളുകളിലും അപ്പാർട്മെന്റ് കോംപ്ലക്സുകളിലും സൈക്കിൾ പാർക്കിങ് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

 സ്വകാര്യ സ്ഥാപനങ്ങളും സഹകരിക്കും

പരിസ്ഥിതി സൗഹാർദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  വ്യത്യസ്തമായ പദ്ധതികൾക്കാണ് ഡൽറ്റ് രൂപം നൽകുന്നത്. മെട്രോ സ്റ്റേഷനുകൾക്ക് പുറമേ ബസ്ടെർമിനലുകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലും പെഡൽ പോർട്ടുകൾ സ്ഥാപിക്കും. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ∙വി.മഞ്ജുള (കമ്മിഷണർ, ഡൽറ്റ്) 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com