ADVERTISEMENT

ബെംഗളൂരു∙  നഗരത്തെ സമീപജില്ലകളുമായി ബന്ധിപ്പിക്കുന്ന  സബേർബൻ റെയിൽ പദ്ധതിക്കു  കേന്ദ്രബജറ്റിൽ  450 കോടിരൂപ അനുവദിച്ചതോടെ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ വേഗത്തിലാക്കാൻ കർണാടക  റെയിൽ ഇൻഫ്രാസ്ട്രക്ചർ കമ്പനി  ലിമിറ്റഡ് ( കെ റൈഡ്). 2023–24 സാമ്പത്തിക വർഷത്തിൽ  1350 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾ നടത്തേണ്ടതിൽ ബാക്കി തുകയായ 900 കോടിരൂപ സ്വകാര്യ ഏജൻസികളിൽ നിന്നു വായ്പയായി കണ്ടെത്തേണ്ടതുണ്ട്.  15767 കോടി രൂപയാണു പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 

148.17 കിലോമീറ്റർ ദൂരം വരുന്ന സബേർബൻ റെയിൽ ശൃംഖല നഗരത്തിന് റോഡ്, നമ്മ മെട്രോ എന്നിവയ്ക്ക് പുറമേ  പുതിയൊരു യാത്രാ സൗകര്യം  കൂടിയാണു നൽകുക. കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിർവഹിച്ച പദ്ധതി 2026ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.  പദ്ധതി തുകയുടെ 20 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാന സർക്കാരും ബാക്കിയുള്ള 60 ശതമാനം മറ്റു ഏജൻസികളിൽ നിന്നുമാണ് കണ്ടെത്തേണ്ടത്.  ഫ്രഞ്ച് വികസന ഏജൻസി, ജർമനിയിൽ നിന്നുള്ള കെഎഫ്ഡബ്ലു വികസന ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് വിദേശവായ്പ എടുക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.  30 വർഷം മുൻപ് വിഭാവനം ചെയ്ത പദ്ധതിക്കു  2019ലാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. 

4 ഇടനാഴികൾ, 57 സ്റ്റേഷനുകൾ 

4 ഇടനാഴികളിലായി നിർമിക്കുന്ന സബേർബൻ റെയിൽ ശൃംഖലയിൽ 57 സ്റ്റേഷനുകളുണ്ട്. ഇതിൽ ആദ്യത്തെ ബയ്യപ്പനഹള്ളി–യശ്വന്ത്പുര–ചിക്കബാനവാര റീച്ചിന്റെ നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 25.57 കിലോമീറ്റർ ദൂരം വരുന്ന പാതയുടെ നിർമാണം കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്.  14 സ്റ്റേഷനുകളാണ് പാതയിൽ. പാത ഇരട്ടിപ്പിക്കൽ, സ്റ്റേഷൻ നിർമാണം എന്നിവയ്ക്കാണ് 157 ഏക്കർ ഭൂമി ദക്ഷിണ പശ്ചിമ റെയിൽവേ കെ റൈഡിന് നേരത്തെ കൈമാറിയിരുന്നു. 

35 വർഷത്തേക്ക് ഏക്കറിന് 1 രൂപയ്ക്കാണ് ഭൂമി കെ റൈഡിന് കൈമാറിയത്. ഹീലലിഗെ–രാജനകുണ്ഡെ (46.24) കിലോമീറ്റർ പാതയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. വിമാനത്താവള സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന കെഎസ്ആർ ബെംഗളൂരു–ദേവനഹള്ളി (41.40 ), കെങ്കേരി–ബെംഗളൂരു കന്റോൺമെന്റ് (35.52) പാതകളാണ് മറ്റുള്ളവ. 

കോച്ചുകൾക്കുള്ള ടെൻഡർ നടപടിയായി

സബേർബൻ റെയിൽ പാതയിൽ ഓടാനുള്ള  ട്രെയിൻ കോച്ചുകൾക്കുള്ള ആഗോള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. 306 എസി കോച്ചുകൾക്ക്  3000 കോടി രൂപയാണ്  വകയിരുത്തിയിരിക്കുന്നത്. 21.6 മീറ്റർ നീളവും 3.2 മീറ്റർ വീതിയുള്ള കോച്ചുകളാണ് നിർമിക്കുന്നത്. കോച്ചുകളുടെ 35 വർഷത്തേക്കുള്ള പരിപാലനവും ബന്ധപ്പെട്ട ഏജൻസി വഹിക്കണം. 2026 ൽ 60 കോച്ചുകളാണ്  ആദ്യഘട്ടത്തിൽ എത്തിക്കേണ്ടത്.

കുറഞ്ഞ ടിക്കറ്റ് നിരക്ക് 13 രൂപ 

സബേർബൻ ട്രെയിനുകളിൽ കുറഞ്ഞ ടിക്കറ്റ് നിരക്ക് 13 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരു നഗര ജില്ലയോട് ചേർന്ന് ബെംഗളൂരു ഗ്രാമജില്ല, രാമനഗര, കോലാർ, ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് കുറഞ്ഞ ചെലവിൽ നഗരത്തിലെത്താനുള്ള സൗകര്യമാണ് സബേർബൻ റെയിൽ ഒരുക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com