ADVERTISEMENT

ബെംഗളൂരു∙ നമ്മ മെട്രോ കെആർപുരം– വൈറ്റ്ഫീൽഡ് പാതയിൽ 10 മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ബിഎംആർസി. 6 കോച്ചുകൾ വീതമുള്ള 10 ട്രെയിനുകളാണ്  സർവീസ് നടത്തുക. 2 ഘട്ടങ്ങളിലായാണ് പാതയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസ് ആരംഭിക്കുക. കെആർ പുരം മുതൽ വൈറ്റ്ഫീൽഡ് വരെ 13.5 കിലോമീറ്റർ പാത മാർച്ചിൽ സർവീസ് തുടങ്ങും. കെആർപുരം മുതൽ ബയ്യപ്പനഹള്ളി വരെ 2 കിലോമീറ്റർ പാത ജൂണിലാകും പ്രവർത്തനം തുടങ്ങുക. നിലവിൽ ട്രെയിനുകൾ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്. റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ സുരക്ഷാ പരിശോധന ഈ മാസം പൂർത്തിയാകും.

ബെനിംഗനഹള്ളി, കെആർ പുരം, മഹാദേവപുര, ഗരുഡാചർപാളയ, ഹൂഡി ജംക്‌ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗല, പട്ടാണ്ടൂർ അഗ്രഹാര, കാടുഗോഡി, ചന്നസന്ദ്ര, വൈറ്റ്ഫീൽഡ് എന്നിവയാണ് സ്റ്റേഷനുകൾ. കൂടാതെ കാടുഗോഡിയിൽ മെട്രോ ഡിപ്പോയുമുണ്ടാകും.

പരമാവധി നിരക്ക് വർധിക്കും

നിലവിലെ പരമാവധി നിരക്ക് 60 രൂപയിൽ നിന്നു ഉയർത്തുന്നതു സംബന്ധിച്ച് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കുമെന്ന് ബിഎംആർസി എംഡി അൻജൂം പർവേസ് പറഞ്ഞു. 15 കിലോമീറ്റർ കൂടി സർവീസ് വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ പരമാവധി നിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ നിരക്കായ 10 രൂപയിൽ മാറ്റമുണ്ടാകില്ല. പുതിയ സ്റ്റേഷനുകളിലേക്കുള്ള നിരക്ക് സംബന്ധിച്ചും സമിതി അന്തിമ തീരുമാനം പ്രഖ്യാപിക്കും.

നഗരത്തിന് പുറത്തേക്കും മെട്രോ

നമ്മ മെട്രോ ബെംഗളൂരു നഗരത്തിനു പുറത്തേക്കും സർവീസ് നീട്ടുന്നു. നാലാം ഘട്ടത്തിൽ നഗര അതിർത്തിയും വ്യവസായ മേഖലയുമായി ബിഡദി, ബെംഗളൂരു ഗ്രാമ ജില്ലയിലെ മാഗഡി എന്നിവിടങ്ങളിലേക്കാണ് സർവീസ് വ്യാപിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു.  ഇതിനായുള്ള വിശദ പദ്ധതി രേഖ തയാറാക്കി ഉടൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

 നേരത്തേ ഔട്ടർ റിങ് റോഡിൽ കെംപാപുരയിൽ നിന്നു ജെപിനഗർ ഫോർത്ത് ഫെയ്സ് വരെ 32.16 കിലോമീറ്ററും മാഗഡി റോഡിൽ ഹൊസഹള്ളിയിൽ നിന്നു കഡബെഗെരെ വരെ 12.82 കിലോമീറ്ററും ഉൾപ്പെടുന്ന മൂന്നാം ഘട്ടത്തിനു കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com