ADVERTISEMENT

ബെംഗളൂരു∙ ഉച്ചയൂണ് സമയത്ത് കബ്ബൺ പാർക്കിലെ മത്സ്യദർശിനിയിലേക്ക് കടന്നു ചെല്ലുന്നവരെ വരവേൽക്കുന്നത് നീണ്ട ക്യൂവാണ്.  തീരദേശ രീതിയിൽ (കാരാവലി സ്റ്റൈലിൽ) പാകം ചെയ്ത രുചികരമായ മീൻകറിയും ചോറും രാഗിമുദ്ദയും മോരു കറിയും ഉൾപ്പെടുന്ന ഫിഷ് മീൽസ് കഴിക്കാനെത്തുന്നവരുടെ തിരക്കാണ് ഇവിടെ. പരമ്പരാഗത രീതിയിൽ മുത്തുഗദ ഇലയിലാണ് വിഭവങ്ങൾ വിളമ്പുന്നത്. ന്യായ വിലയ്ക്ക് മത്സ്യം ലഭിക്കുന്ന വിൽപന കേന്ദ്രവും കന്റീനു സമീപമുണ്ട്.

മീൻ വിഭവങ്ങൾക്കു പൊതുവേ ക്ഷാമമുള്ള നഗരത്തിനു ആശ്വാസമാണ് മത്സ്യദർശിനി. രുചിക്കൊപ്പം കൃത്രിമ ചേരുവകളില്ലാതെ വിഭവങ്ങളാണ് കർണാടക മത്സ്യ വകുപ്പ് നടത്തുന്ന കന്റീൻ ഉറപ്പാക്കുന്നത്. 150ലധികം പേർക്ക് ഒരേ സമയം ഇവിടെ ഇരുന്ന് ഭക്ഷണം കഴിക്കാം. പാഴ്സലിനായി പ്രത്യേക സൗകര്യവുമുണ്ട്. കന്റീനു ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുത്ത് നഗരത്തിലെ 100 ഇടങ്ങളിൽ കൂടി ഇവയുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് മത്സ്യ വകുപ്പ് പ്രഖ്യാപിച്ചു. ബെംഗളൂരുവിനു പുറമേ മംഗളൂരു, ശിവമൊഗ്ഗ, ബെള്ളാരി എന്നിവിടങ്ങളിലും മത്സ്യദർശിനി കന്റീനുകൾ പ്രവർത്തിക്കുന്നുണ്ട്. 

മത്സ്യംകൊണ്ട് നൂറുനൂറ് വിഭവങ്ങൾ

ഫിഷ് മീൽസ് ഉൾപ്പെടെ 24 വിഭവങ്ങളാണ് കന്റീനിലുള്ളത്.ഫിഷ് മീൽസിന്റെ വില 130 രൂപ. ഫിഷ് ബിരിയാണിയാണ് മറ്റൊരു പ്രധാന വിഭവം– 240 രൂപ.

ചെമ്മീൻ, അയല, ആവോലി മീനുകളുടെ ഫ്രൈ, ഫിഷ് കബാബ്, ഫിഷ് കട്‌ലറ്റ്, ഫിഷ് സോസജ്, ഫിഷ് ചില്ലി, ഫിഷ് മഞ്ജൂരി ഉൾപ്പെടെ  മത്സ്യവിഭവങ്ങളുടെ നിര നീളുകയാണ്. കെആർ സർക്കിളിനു സമീപം സെഞ്ച്വറി ക്ലബിനു എതിർവശത്തായാണ് കന്റീൻ. ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട്  4 വരെയാണ് പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com