ബെംഗളൂരു∙ കുറഞ്ഞ നിരക്കിൽ കൂടുതൽ വേഗത്തിൽ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിൽ എത്താമെന്നതിനാൽ കർണാടക ആർടിസി ഇലക്ട്രിക് ബസിനു പ്രിയമേറുന്നു. യാത്രക്കാരിൽ നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് റൂട്ടിൽ 8 ബസുകൾ കൂടി ഉടൻ സർവീസ് നടത്തുമെന്ന് കർണാടക ആർടിസി പ്രഖ്യാപിച്ചു.
കർണാടക ആർടിസിയുടെ ആദ്യ ജില്ലാന്തര ഇ–ബസ് സർവീസായ മൈസൂരിലേക്കുള്ള ഇവി പവർ പ്ലസ് ജനുവരി 16നാണ് സർവീസ് ആരംഭിച്ചത്. നിലവിൽ 2.45 മണിക്കൂർ കൊണ്ട് മൈസുരൂവിലെത്തും. റൂട്ടിൽ സർവീസ് നടത്തുന്ന ഐരാവത് മൾട്ടി ആക്സിൽ, രാജഹംസ ബസുകളെക്കാൾ വേഗത്തിലെത്തും. ബെംഗളൂരു–മൈസൂരു ദേശീയപാത പൂർണമായി തുറക്കുന്നതോടെ ഇവി പവർ പ്ലസിന്റെ യാത്രാസമയം 2.15 മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷ. 300 രൂപയാണ് നിരക്ക്. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള അംബാരി ഡ്രീം ക്ലാസ് എസി ബസുകളിൽ 361 രൂപ വാങ്ങുന്ന സ്ഥാനത്താണിത്. ശബ്ദ രഹിതവും സുഗമമായ യാത്രയുമാണ് ഇ– ബസുകളെ പ്രിയങ്കരമാക്കുന്നത്. ട്രെയിനിനെ അപേക്ഷിച്ച് കൃത്യസമയം പാലിക്കുമെന്നത് സ്ഥിരം യാത്രക്കാർ ഉൾപ്പെടെ ഒട്ടേറെ പേർ ഇ– ബസ് തിരഞ്ഞെടുക്കാൻ കാരണമാകുന്നു.
സിസിടിവി ക്യാമറകൾ, സ്ത്രീ സുരക്ഷയ്ക്കായുള്ള പാനിക് ബട്ടണുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ബസിലുണ്ട്. ലിഥിയം അയൺ ഫോസ്‌ഫേറ്റ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബസ് 3 മണിക്കൂർ കൊണ്ട് ഫുൾ ചാർജാകും. മജെസ്റ്റിക്ക് കെംപെഗൗഡ, മൈസൂരു ബസ് ടെർമിനലുകളിലാണ് നിലവിൽ ചാർജിങ് സ്റ്റേഷനുകളുള്ളത്.
കൂടുതൽ നഗരങ്ങളിലേക്ക് ഇവി പവർപ്ലസ്
മൈസൂരുവിനു പുറമേ 5 റൂട്ടുകളിലേക്കു കൂടി ഈ മാസം അവസാനത്തോടെ ഇവി പവർപ്ലസ് സർവീസ് വ്യാപിപ്പിക്കും. ദേവനഗരെയിലേക്കാണ് കൂടുതൽ ബസുകൾ ഓടുക. 15 എണ്ണം. ശിവമൊഗ്ഗ(8), മടിക്കേരി(7), ചിക്കമഗളൂരു(5), വിരാജ്പേട്ട്(5) എന്നിവിടങ്ങളിലേക്കും സർവീസുണ്ട്. ഇതിൽ 25 എണ്ണം ഈ മാസാവസാനവും ബാക്കിയുള്ളവ അടുത്ത മാസവും സർവീസ് ആരംഭിക്കും.
ഇവിടങ്ങളിൽ ചാർജിങ് സ്റ്റേഷൻ ഉൾപ്പെടെ അടിസ്ഥാന വികസന സൗകര്യങ്ങളുടെ നിർമാണം അവസാന ഘട്ടങ്ങളിലാണ്. കേന്ദ്രസർക്കാരിന്റെ ഫെയിം പദ്ധതി പ്രകാരം ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാവുന്ന 50 എസി ബസുകളാണ് കർണാടക ആർടിസി വാങ്ങിയത്.
യാത്രാസമയം
മജെസ്റ്റിക്കിൽ നിന്നു രാവിലെ 6.45ന് പുറപ്പെടുന്ന ബസ് 9.30ന് മൈസൂരുവിൽ എത്തും. മൈസൂരുവിൽ നിന്നും ഉച്ചയ്ക്ക് 12ന് മടങ്ങി 2.45ന് ബെംഗളൂരുവിൽ തിരിച്ചെത്തും. നിലവിൽ ബസിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല. മറ്റു ഇ– ബസുകൾ കൂടി സർവീസ് ആരംഭിച്ച ശേഷമാകും ബുക്കിങ് തുടങ്ങുക.