ബെംഗളൂരു∙ കർണാടക സന്ദർശനം കഴിഞ്ഞു മടങ്ങിയിട്ടും കന്നഡ ഭാഷയോടുള്ള ഇഷ്ടം കൈവിടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്നഡ മനോഹരമായ ഭാഷയാണെന്നു വിശേഷിപ്പിച്ച് ചിത്രരൂപേണയുള്ള അക്ഷരമാല അദ്ദേഹം ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച തുമക്കൂരുവിൽ നടന്ന പൊതു റാലിയിൽ ചെറുധാന്യങ്ങളുടെ കന്നഡ പേരുകൾ മോദി അക്കമിട്ടു നിരത്തിയപ്പോൾ ജനം കയ്യടിച്ചിരുന്നു. കേന്ദ്ര ബജറ്റ് പ്രസംഗത്തിൽ ചെറു ധാന്യങ്ങളെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ‘ശ്രീ അന്ന’മെന്നു വിളിച്ചത് കർണാടകയിൽ നിന്നുള്ള പേരു കടംകൊണ്ടാണെന്നും മോദി പറഞ്ഞിരുന്നു.
തുടർന്ന് ഡൽഹിയിലേക്കു മടങ്ങിയ ശേഷമാണ് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനു വേണ്ടി തെരുവു ചിത്രകാരനായ ബാദൽ നഞ്ചുണ്ടസ്വാമി വരച്ച കന്നഡ ലിപി ചിത്രങ്ങൾ മോദി പങ്കുവച്ചത്. കന്നഡ ക്രിയാത്മകമായി പഠിക്കാനുള്ള ചിത്രലിപികളാണിത്. ഇതേത്തുടർന്ന് ബാദൽ നഞ്ചുണ്ടസ്വാമി മോദിക്ക് നന്ദി അറിയിച്ചു. ബെംഗളൂരുവിലെയും മൈസൂരുവിലേയും നിരത്തിലെ അപകടക്കുഴികളെ കുറിച്ചുള്ള ബോധവൽകരണത്തിനായി ഇവയ്ക്കു ചുറ്റം ചിത്രരചന നടത്തി ജനശ്രദ്ധ നേടിയ ചിത്രകാരൻ കൂടിയാണ് ഇദ്ദേഹം.
നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന കർണാടകയിൽ മോദി ഇതിനോടകം ഒരു മാസത്തിനിടെ 3 സന്ദർശനങ്ങളാണ് നടത്തിയത്. 13ന് ബെംഗളൂരുവിലെ യെലഹങ്ക വ്യോമസേനാ താവളത്തിൽ അരംഭിക്കുന്ന എയ്റോ ഇന്ത്യ വ്യോമ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ വീണ്ടുമെത്തും. 27ന് ശിവമൊഗ്ഗയിലെ വിമാനത്താവളവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.