ADVERTISEMENT

ബെംഗളൂരു ∙ മഴയിൽ വെള്ളം കയറിയതോടെ ബെംഗളൂരു– മൈസൂരു 10 വരി എക്സ്പ്രസ് വേയിൽ (എൻഎച്ച്–275) രാമനഗരയ്ക്കും ബി‍‍ഡദിക്കും ഇടയിലെ സംഗബസവനദൊഡ്ഡിയിലൂടെയുള്ള യാത്ര ദുരിതമായി. കഴിഞ്ഞ ‍ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പ്രധാന പാതയിലാണ് വെള്ളം കയറിയത്. 

  തുടർന്ന്, ഇന്നലെ രാവിലെ ഗതാഗതം ഒരു വശത്തുകൂടി മാത്രമായി നിയന്ത്രിക്കേണ്ടി വന്നു. ഉച്ചയോടെ വെള്ളം ഇറങ്ങിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രധാന റോഡ്, ഭൂനിരപ്പിനേക്കാൾ താഴ്ന്ന രീതിയിലാണ് ഇതിലൂടെ കടന്നുപോകുന്നത്. 118 കിലോമീറ്റർ വരുന്ന എക്സ്പ്രസ് വേയിൽ ബെംഗളൂരു മുതൽ നിദ്ദഘട്ട വരെയുള്ള ആദ്യഘട്ടത്തിലെ 55 കിലോമീറ്റർ ദൂരത്തിൽ ടോൾ പിരിവും കഴി‍ഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

വെള്ളക്കെട്ടിൽ കൂട്ടയിടി

വെള്ളം കയറിയ പാതയിൽ കുടുങ്ങിയ കാറിനു പിന്നിൽ വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി ഇടിച്ചു. വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ എക്സ്പ്രസ് വേയിൽ വെള്ളം കയറിയതോടെ യാത്രക്കാർ ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച്എഐ) ഹെൽപ്‌ലൈനിൽ വിളിച്ചെങ്കിലും ആരും എത്തിയില്ല. രാവിലെയാണ് എൻഎച്ച്എഐ ഉദ്യോഗസ്ഥർ ഈ മേഖലയിൽ എത്തിയത്. 

സർവീസ് റോഡിന്റെ ഇരുവശങ്ങളിലും വെള്ളം ഒഴുകി പോകാനുള്ള സ്ഥലം ഒഴിച്ചിട്ടിരുന്നെങ്കിലും പ്രദേശവാസികൾ ഇത് മണ്ണിട്ടുമൂടിയതാണ് വെള്ളക്കെട്ടിന് ഇടയാക്കിയതെന്നാണ് എൻഎച്ച്എഐ അധികൃതരുടെ വിശദീകരണം.

പ്രതിഷേധത്തിരയിൽ മുങ്ങി

കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനത്തിന് പിന്നാലെ എക്സ്പ്രസ് വേയിൽ വെള്ളം കയറിയതോടെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് യാത്രക്കാരും പ്രതിപക്ഷ കക്ഷികളും. വേനൽമഴയിൽ ഇതാണ് സ്ഥിതിയെങ്കിൽ മഴക്കാലത്ത് റോഡ് സ്ഥിരമായി അടച്ചിടേണ്ടിവരുമെന്ന് യാത്രക്കാരിൽ ചിലർ പരഹസിച്ചു. വെള്ളം കയറിയ റോഡിന്റെ ചിത്രങ്ങളും വിഡിയോകളും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ ട്വിറ്റർ പേജുകളിൽ പങ്കുവച്ചാണ് പലരും പ്രതിഷേധം രേഖപ്പെടുത്തിയത്.

മലകളാൽ ചുറ്റപ്പെട്ട രാമനഗരയുടെ താഴ്ന്നപ്രദേശത്തുകൂടി കടന്നുപോകുന്ന റോഡിനായി മഴവെള്ളക്കനാലുകൾ നികത്തിയതാണ് വെള്ളക്കെട്ടിനിടയാക്കിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അശാസ്ത്രീയ നിർമാണത്തിനെതിരെ ജനപ്രതിനിധികൾ ഉൾപ്പെടെ എൻഎച്ച്എഐക്ക് പരാതികൾ നൽകിയെങ്കിലും പരിഹാര നടപടികൾ ഉണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com