ADVERTISEMENT

ബെംഗളൂരു∙ നമ്മ മെട്രോയുടെ നിർമാണത്തിലിരിക്കുന്ന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിനെയും ട്രെയിനിനെയും വേർതിരിച്ച് അപകടം ഒഴിവാക്കാൻ സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ടെൻഡർ ക്ഷണിച്ച് ബിഎംആർസി. 

ഗോട്ടിക്കരെ–നാഗവാര പാതയിലെ 12 ഭൂഗർഭ സ്റ്റേഷൻ ഉൾപ്പെടെ 18 സ്റ്റേഷനുകൾ, കെആർപുരം–സെൻട്രൽ സിൽക്ക് ബോർഡ്  പാതയിൽ 16 സ്റ്റേഷനുകൾ, കെആർപുരം–വിമാനത്താവള പാതയിലെ ഒരു ഭൂഗർഭ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിക്കുക. പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തുന്നതിനു പിന്നാലെ മാത്രം തുറക്കുന്ന സുരക്ഷാ വാതിലുകൾ ഉൾപ്പെടെയുള്ള സ്ക്രീനാണിത്. ഇവ സ്ഥാപിക്കാനും 5 വർഷം പരിപാലിക്കാനുമാണ് ടെൻഡർ ക്ഷണിച്ചത്. 

സുരക്ഷാ ജീവനക്കാരെ കുറയ്ക്കാം

വൈദ്യുതീകരിച്ച പാളങ്ങൾ യാത്രക്കാർക്ക് അപകടഭീഷണി ആയതിനാലാണ് സ്ക്രീനുകൾ സ്ഥാപിക്കുന്നത്. ട്രെയിൻ കാത്തുനിൽക്കുന്നവർ നിലവിൽ സുരക്ഷാ രേഖ (മഞ്ഞ വര) മറികടക്കുന്നത് പരിശോധിക്കാൻ ബിഎംആർസി സുരക്ഷാ ജീവനക്കാരെ  നിയോഗിച്ചിട്ടുണ്ട്. മെട്രോ സർവീസുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ സുരക്ഷാ ജീവനക്കാരുടെ ‌എണ്ണം കുറയ്ക്കാനും സ്ക്രീനുകൾ ഉപകരിക്കും. കൂടാതെ സ്റ്റേഷനുകളിലെ എസിയിലെ തണുപ്പ് നിലനിർത്താനും സഹായിക്കും. ഡൽഹി, ചെന്നൈ മെട്രോകളിൽ നിലവിൽ ഇത്തരം സ്ക്രീൻ ഡോറുകളുണ്ട്. 

മജസ്റ്റിക്കിലും വേണം, സ്ക്രീൻ 

ഇന്റർചെയ്ഞ്ച് സ്റ്റേഷനായ മജസ്റ്റിക്  ഉൾപ്പെടെ തിരക്കേറിയ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ വേണമെന്ന ആവശ്യം ശക്തം. ഈ സ്റ്റേഷനുകളിൽ രാവിലെയും വൈകിട്ടും ട്രെയിൻ കയറാൻ നീണ്ട നിരയാണ്. ജൂണിൽ ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ് പാത കൂടി യാഥാർഥ്യമാകുന്നതോടെ തിരക്കു കൂടും. ഈ സാഹചര്യത്തിൽ അപകടം ഒഴിവാക്കാൻ ട്രെയിൻ നിർത്തിയാൽ മാത്രം തുറക്കുന്ന സ്ക്രീൻ ഡോറുകൾ സഹായിക്കും. 

മൊബൈൽ ചിത്രീകരണം തടയും

മെട്രോ ട്രെയിനുകളിലും സ്റ്റേഷനുകളിലും മൊബൈൽ റീൽ ചിത്രീകരണങ്ങളും മറ്റും കണ്ടെത്തി പിഴ ചുമത്താൻ മാർഷലുമാരെ നിയോഗിച്ചു. ഇത്തരം ചിത്രീകരണങ്ങൾ സ്വകാര്യതയെ ബാധിക്കുന്നെന്ന് യാത്രക്കാരുടെ പരാതിയിലാണ് നടപടി. സാഹസിക റീൽ  ചിത്രീകരണം അപകടങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ മെട്രോ സ്റ്റേഷനിൽ ഇതിനു ബിഎംആർസി വിലക്കേർപ്പെടുത്തി. ഇതു പാലിക്കാൻ എല്ലാവരും തയാറാകണമെന്നും നിയമലംഘനം കണ്ടാൽ യാത്രക്കാർക്ക് അറിയിക്കാമെന്നും ബിഎംആർസി അറിയിച്ചു.

വരുമാനം കൂട്ടാൻ ബിഎംആർസി; സ്റ്റേഷൻ പേരിനൊപ്പം ബ്രാൻഡ് നാമം കൂടി ചേർക്കാൻ അവസരം

ടിക്കറ്റിതര വരുമാനം കൂട്ടാൻ കോർപറേറ്റ് ഫണ്ടിങ്ങിനായി പാക്കേജ് ഒരുക്കി ബിഎംആർസി. സ്റ്റേഷന്റെ പേരിനൊപ്പം ബ്രാൻഡിന്റെ പേര് ചേർക്കാൻ 65 കോടി രൂപയാണ് ചെലവ്. പാക്കേജിന്റെ ഭാഗമായി സൂചനാ ബോർഡുകളിലും മെട്രോ ഭൂപടങ്ങളിലും ട്രെയിനിലെയും സ്റ്റേഷനിലെയും അനൗൺസ്മെന്റിലും കമ്പനിയുടെ പേര് ഉൾപ്പെടുത്തും. പ്രവേശനകവാടങ്ങളിൽ പരസ്യം പതിക്കാൻ 1000 ചതുരശ്ര അടിയും വാണിജ്യ കേന്ദ്രങ്ങൾ നടത്താൻ 3000 ചതുരശ്ര അടിയും ലഭിക്കാനുള്ള പാക്കേജിനു 25 കോടി രൂപ നൽകണം.

 മെട്രോ സ്റ്റേഷനിൽ നിന്നും നേരിട്ട് ഐടി പാർക്കുകളിലേക്കുള്ള നടപ്പാതയ്ക്ക് 10 കോടിയും ബിഎംആർസിക്ക് നൽകണം. 30 വർഷമാണ് പാക്കേജുകളുടെ കാലാവധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com