ബെംഗളൂരു ∙ 5 ജില്ലാന്തര റൂട്ടുകളിലേക്കു കൂടി കർണാടക ആർടിസിയുടെ ഇലക്ട്രിക് ബസ് സർവീസുകൾ ആരംഭിക്കുന്നു. ജനുവരിയിൽ ബെംഗളൂരു– മൈസൂരു റൂട്ടിൽ സർവീസ് തുടങ്ങിയ ഇവി പവർ പ്ലസ് വിജയകരമായതിന് പിന്നാലെയാണ് മടിക്കേരി, വിരാജ്പേട്ട്, ദാവനഗരെ, ശിവമൊഗ്ഗ, ചിക്കമഗളൂരു എന്നിവിടങ്ങളിലേക്ക് കൂടി സർവീസുകൾ തുടങ്ങുന്നത്.
50 ഇലക്ട്രിക് ബസുകളാണ് ഹൈദരാബാദ് ആസ്ഥാനമായ ഒലെക്ട്ര ഗ്രീൻ ടെക് ലിമിറ്റഡ്10 വർഷത്തെ വാടക കരാറിൽ കെഎസ്ആർടിസിക്കായി ഓടിക്കുന്നത്. ഇതിൽ 25 ബസുകളുടെ ഫ്ലാഗ് ഓഫ് വിധാൻസൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നിർവഹിച്ചു. 5 ഡിപ്പോകളിലും ചാർജിങ് സ്റ്റേഷൻ ഉൾപ്പെടെയുള്ളവയുടെ നിർമാണം പൂർത്തിയായി. ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുന്ന ബസിന്റെ പരമാവധി വേഗം 160 കിലോമീറ്ററാണ്.
∙ ബിഎംടിസിയുടെ ഏറ്റവും ദൈർഘ്യമേറിയ എസി ബസ് സർവീസ് നാളെ മജസ്റ്റിക്കിൽ നിന്ന് ചിക്കബെല്ലാപുരയിലേക്ക് പുറപ്പെടും.
കെംപെഗൗഡ ബസ് ടെർമിനലിൽ നിന്ന് വി–298 എംഎൻ റൂട്ട് നമ്പറുള്ള 6 ബസുകളാണ് സർവീസ് നടത്തുക. ഹെബ്ബാൾ, യെലഹങ്ക, ദേവനഹള്ളി വഴിയാണ് സർവീസ്. രാവിലെ 10.25, 11, വൈകിട്ട് 5.30, 5.45, രാത്രി 9.15, 9.35 സമയങ്ങളിൽ കെംപെഗൗഡ ടെർമിനലിൽ നിന്ന് പുറപ്പെടും. ചിക്കബെല്ലാപുരയിൽ നിന്ന് രാവിലെ 8.10, 8.20,12.35, 01.05, വൈകിട്ട് 7.15, 7.35 എന്നീ സമയങ്ങളിലും സർവീസുണ്ട്.