ബെംഗളൂരു ∙ വൈറ്റ്ഫീൽഡ്– കെആർ പുരം മെട്രോ പാതയിൽ ഒരു ദിശയിലേക്ക് 10 മിനിറ്റ് ഇടവേളയിൽ 7 ട്രെയിനുകൾ ഓടിക്കും. 13.5 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 12 സ്റ്റേഷനുകളാണുള്ളത്. തൊട്ടടുത്ത സ്റ്റേഷനിലേക്ക് യാത്ര ചെയ്യാൻ കുറഞ്ഞ നിരക്ക് 10 രൂപയും വൈറ്റ്ഫീൽഡ് മുതൽ കെആർ പുരം വരെ യാത്ര ചെയ്യാൻ 35 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ട്രിപ്പുകളുടെ ഇടവേള 5 മിനിറ്റ് വരെയായി കുറയ്ക്കും. 25നു പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യസായി ആശ്രമം മുതൽ വൈറ്റ്ഫീൽഡ് വരെ 1.8 കിലോമീറ്റർ ദൂരം റോഡ്ഷോ നടത്തിയാണ് ഉദ്ഘാടന വേദിയായ വൈറ്റ്ഫീൽഡ് സ്റ്റേഷനിലെത്തുക. ഉദ്ഘാടനത്തിന് ശേഷം മോദി മെട്രോയിൽ യാത്ര ചെയ്യും. ഇതിനുവേണ്ട സുരക്ഷ പരിശോധനകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കെആർ പുരം, മഹാദേവപുര, ഗരുഡാചർപാളയ, ഹൂഡി ജംക്‌ഷൻ, സീതാരാമപാളയ, കുന്ദലഹള്ളി, നല്ലൂരഹള്ളി, സാദരമംഗല, പട്ടാന്തൂർ അഗ്രഹാര, കാടുഗോഡി, ചന്നസന്ദ്ര, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളാണ് പാതയിലുള്ളത്.
വാണിജ്യ സർവീസ് 26 മുതൽ
കെആർ പുരം– വൈറ്റ്ഫീൽഡ് പാതയിൽ പൊതുജനങ്ങൾക്കായുള്ള മെട്രോ സർവീസ് 26നു രാവിലെ 7നു ആരംഭിക്കും. രാത്രി 11 വരെയായിരിക്കും സർവീസ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 11 വരെയായിരിക്കും സർവീസ്.