ബെംഗളൂരു∙ കെആർപുരം –വൈറ്റ്ഫീൽഡ് നമ്മ മെട്രോ സർവീസ് നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ, ചടങ്ങിനു പൊലിമ പകരാനുള്ള ഒരുക്കങ്ങളുമായി ബിഎംആർസിയും നഗരജനതയും. ഉച്ചയ്ക്ക് ഒരുമണിക്ക് സത്യസായി ആശ്രമം മുതൽ വൈറ്റ്ഫീൽഡ് വരെ 1.8 കിലോമീറ്റർ ദൂരം റോഡ്ഷോ നടത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടന വേദിയായ വൈറ്റ്ഫീൽഡ് സ്റ്റേഷനിലെത്തുക.
ഈ പാതയിലെ സ്റ്റേഷനുകളിൽ വൻതോതിലുള്ള ദീപാലങ്കാരമാണ് ബിഎംആർസി ഒരുക്കിയത്. 13.71 കിലോമീറ്റർ പാതയിലെ 12 സ്റ്റേഷനുകളുടെ ദീപാലംകൃത ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വ്യാപകമായി ഏറ്റെടുത്തു കഴിഞ്ഞു. 4250 കോടി രൂപ ചെലവിട്ടാണ് പാതയുടെ നിർമാണം പൂർത്തീകരിച്ചത്. യാത്രക്കാർക്കുള്ള സർവീസ് ഞായറാഴ്ച ആരംഭിക്കും.
2 സ്റ്റേഷനുകൾക്ക് കൂടി പേരുമാറ്റം
ഹൂഡി ജംക്‌ഷന്റെ പേര് ഹൂഡിയെന്നും ചന്നസന്ദ്രയുടേത് ചന്നസന്ദ്ര ഹോപ് ഫാം എന്നാക്കിയും മാറ്റി. ഇതോടെ പ്രദേശവാസികളുടെ അഭ്യർഥന മാനിച്ച് പേരു മാറ്റുന്ന സ്റ്റേഷനുകളുടെ എണ്ണം അഞ്ചായി. വൈറ്റ്ഫീൽഡ്, കാടുഗോഡി, മഹാദേവപുര സ്റ്റേഷനുകളുടെ പേര് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പേരുകൾ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് ബിഎംആർസി നടപടി.
പാതയിലെ പ്രധാന കേന്ദ്രങ്ങൾ
∙ വൈറ്റ്ഫീൽഡ് (കാടുഗോഡി): വൈറ്റ്ഫീൽഡ് റെയിൽവേ സ്റ്റേഷൻ, കാടുഗോഡി ബിഎംടിസി ഡിപ്പോ.
∙ ചന്നസന്ദ്ര (ഹോപ് ഫാം): ഹോപ് ഫാം ജംക്‌ഷൻ
∙ കാടുഗോഡി ട്രീ പാർക്ക്: സലാപൂരിയ ഗ്രീൻ ടെക്പാർക്ക്, ബ്രിഗേഡ് ടെക്പാർക്ക്
∙ പട്ടാന്തൂർ അഗ്രഹാര: ഇന്റർനാഷനൽ ടെക്പാർക്ക് (ഐടിപിബി), പ്രസ്റ്റീജ് ശാന്തിനികേതൻ,
∙ സത്യസായി ഹോസ്പിറ്റൽ : ഒറാക്കിൾ, മാക്കിനോ, എൽടിഐ മൈൻഡ് ട്രീ, ഗോപാലൻ ഗ്ലോബൽ ആക്സിസ്, എസ്.ജെആർ പാർക്ക്, ഫസ്റ്റ് ടെക്നോളജി
∙ നല്ലൂരഹള്ളി: ദിവ്യശ്രീ ടെക്നോപാർക്ക്, ടെസ്കോ, ബ്രിഗേഡ്.
∙ കുന്ദലഹള്ളി: സാപ് ലാബ്, ആർഎംസെഡ് നെക്സറ്റ് കോംപ്ലക്സ്, കാപ്ജെമിനി.
∙ സീതാരാമപാളയ: വിശേശ്വരായ്യ ഇൻഡസ്ട്രിയൽ ഏരിയ, ബാഗ്‌മനെ സോളാരിയം സിറ്റി, പ്രസ്റ്റീജ് ടെക്നോ സ്റ്റാർ.
∙ ഹൂഡി: എയർബസ്, എബിബി ഇന്നവേഷൻ സെന്റർ, നെറ്റ് ആപ്, ബ്രിഗേഡ് സൗത്ത് ഫീൽഡ്സ്.
∙ സിംഗായനപാളയ (മഹാദേവപുര): ഹ്യൂവ് ലിറ്റ് പക്കാർഡ്
∙ ഗരുഡാചർ പാളയ: ബ്രിഗേഡ് മെട്രോപൊളിസ് സമ്മിറ്റ്, നാലപ്പാട് ബ്രിഗേഡ് സെന്റർ.
∙ കെആർപുരം: കെആർ പുരം റെയിൽവേ സ്റ്റേഷൻ