ADVERTISEMENT

ബെംഗളൂരു∙ നഗര പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി കനത്ത മഴ തുടരുന്നിനിടെ ഇത്തരം പ്രദേശങ്ങളിൽ ജാഗ്രത പുലർത്താൻ ബിബിഎംപി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ബെംഗളൂരു വികസന ചുമതലുള്ള ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രംഗത്ത്.  അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് രാജ്യാന്തര തലത്തിൽ നഗരത്തിനു ചീത്തപ്പേരുണ്ടാക്കുക കൂടി ചെയ്യുന്ന സാഹചര്യത്തിലാണ് കർശന ജാഗ്രത. പ്രശ്നം വേണ്ടത്ര ഗൗരവത്തോടെയെടുത്ത് പരിഹാരം കണ്ടില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മഴവെള്ളക്കനാലുകളിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് പകുതിയിൽ താഴെ മാത്രമേ പൂർത്തിയായിട്ടുള്ളു എന്ന കണക്കുകൾ പുറത്തുവന്നത് കഴി​ഞ്ഞ ദിവസമാണ്. 

വലച്ച് മഴക്കെടുതി

ഇന്നലെ ഉച്ചയോടെ പെയ്തിറങ്ങിയ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം വ്യാപകമായുണ്ടായി. ശിവാനന്ദ സർക്കിൾ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ വാഹനങ്ങൾ മുങ്ങി. ഒഴുക്കിൽപെട്ട ബൈക്ക് യാത്രക്കാരൻ പണിപ്പെട്ട് വീണ്ടെടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. സാങ്കി റോഡ് അടിപ്പാത മുങ്ങിയതിനെ തുടർന്ന് വാഹനങ്ങൾ പ്രവേശിക്കുന്നതു തടയാൻ ട്രാഫിക് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. ഓൾഡ് മൈസൂരു റോഡിലും വിവിധയിടങ്ങളിലായി വെള്ളക്കെട്ടുണ്ടായി. ലിംഗരാജപുരം അടിപ്പാതയിൽ മൂന്നടി ഉയരത്തിലുണ്ടായ വെള്ളക്കെട്ടിൽ ഓട്ടോകളും ഇരുചക്രവാഹനങ്ങളും കുടുങ്ങി. 

ശാന്തിനഗർ, ജയനഗർ, കെആർ മാർക്കറ്റ്, വിജയനഗർ, ഗാന്ധിനഗർ, രാജാജിനഗർ, ജെപി നഗർ, യശ്വന്ത്പുര, വിമാനത്താവളം, വൈറ്റ്ഫീൽഡ് തുടങ്ങിയിടങ്ങളിൽ കനത്ത മഴ ജനത്തെ വലച്ചു. കമല നഗർ മെയിൻ റോഡിൽ വൻ മരം കടപുഴകിയുണ്ടായ അപകടത്തിൽ നിന്ന്  ഓട്ടോ ഡ്രൈവറും ബൈക്ക് യാത്രികനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതുൾപ്പെടെ 5 വൻ മരങ്ങളാണ് ബിബിഎംപി പരിധിയിൽ കടപുഴകിയത്. റോഡുകളിൽ വെള്ളം നിറഞ്ഞതോടെ വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു വീണു. 

ചോർന്നൊലിച്ച് വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷൻ

ഉദ്ഘാടനം ചെയ്തു 2 മാസം മാത്രം പിന്നിട്ട വൈറ്റ്ഫീൽഡ് മെട്രോ സ്റ്റേഷൻ മഴയിൽ വീണ്ടും ചോർന്നൊലിക്കുന്നു. അര മണിക്കൂർ മഴ പെയ്താൽ സ്റ്റേഷന്റെ മേൽക്കൂര ചോർന്ന് വെള്ളം പ്ലാറ്റ് ഫോമിൽ കുത്തിയൊലിക്കും.  പ്ലാറ്റ്ഫോമിൽ വെള്ളം നിറഞ്ഞതിന്റെ ചിത്രങ്ങൾ യാത്രക്കാർ  പങ്കുവച്ചു.  പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്ന് ബിഎംആർസി എംഡി അൻജൂം പർവേസ് അറിയിച്ചു. മാർച്ച് 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സ്റ്റേഷൻ ദിവസങ്ങൾക്കകം ചോർന്നതു വിവാദമായിരുന്നു. എന്നാൽ പരിഹരിക്കാൻ വേണ്ട നടപടികളുണ്ടായില്ല എന്നതിനാലാണ്  വീണ്ടും ചോർച്ച ആവർത്തിച്ചതെന്ന ആക്ഷേപം യാത്രക്കാർ ഉന്നയിച്ചു.

യെലോ അലർട്ട് 5 ദിവസം 

അടുത്ത 5 ദിവസം നഗരത്തിൽ കനത്ത മഴ പ്രവചിച്ച  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റും  വീശാം. തീവ്രത കുറഞ്ഞ ഇടിമിന്നലും ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com