ADVERTISEMENT

ബെംഗളൂരു∙ വെള്ളക്കെട്ടിനു പ്രധാനകാരണമായി തടാകക്കയ്യേറ്റവും ചൂണ്ടിക്കാട്ടുന്ന നഗരത്തിൽ, ഇത്തരം 10 പ്രധാന തടാകങ്ങളുടെ 90 ഏക്കർ തണ്ണീർത്തടം കയ്യേറിയതായി ഉപഗ്രഹ പഠനം. ബെലന്ദൂർ, ബേഗൂർ, ഹുളിമാവ്, അഗര, സാരക്കി, ഹൊസക്കെരെഹള്ളി, അരീക്കെരെ, ഗൊട്ടിഗെരെ, ഉത്തരഹള്ളി, പുട്ടെനഹള്ളി തടാകങ്ങളാണ് സ്വകാര്യ വ്യക്തികൾ വ്യാപകമായി കയ്യേറിയത്. ഇതിനു പുറമേ റോഡ് നവീകരണത്തിന്റെ ഭാഗമായി തടാകങ്ങളിൽ മണ്ണിട്ടു നികത്തിയതായും ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു.  ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇൻക്യുബേഷൻ ഇന്നവേഷൻ റിസർച് ആൻഡ് കൺസൽറ്റൻസിയാണ് പഠനത്തിനു പിന്നിൽ.

അനധികൃത കയ്യേറ്റങ്ങളിൽ ബലന്ദൂർ തടാകമാണ് കൂടുതൽ ശോഷിച്ചത്. തടാകത്തിന്റെ 40 ഏക്കറോളം ഭൂമി നഷ്ടപ്പെട്ടു.15 ഏക്കർ നഷ്ടപ്പെട്ട ജെപി നഗറിലെ സാരക്കി തടാകമാണ് രണ്ടാമത്. അഗര(8.9 ഏക്കർ), ഹുളിമാവ്(5.9), ഹൊസക്കെരെഹള്ളി(4.7) തടാകങ്ങളും വ്യാപക കയ്യേറ്റത്തിനു വിധേയമായി.

ബലന്ദൂർ മാലിന്യ മുക്തമാകാൻ

ബലന്ദൂർ തടാകം 2024 ഡിസംബറിനകം മാലിന്യ മുക്തമാക്കുമെന്ന് വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. തടാക സംരക്ഷണത്തെ കുറിച്ച് ചർച്ച ചെയ്യാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ബിബിഎംപി, ജലവിതരണ വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച മന്ത്രി നടപടികൾ ഊർജിതമാക്കാൻ നിർദേശം നൽകി. മലിനജലം എത്തുന്നത് തടയണമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശം പാലിക്കാത്തതിനു ഉദ്യോഗസ്ഥർ വിശദീകരണം നൽകണം. ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.  900 ഏക്കർ തടാകത്തിൽ വിഷപ്പത പൊങ്ങി തീപിടിച്ചതു രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

കൂട്ടായ്മകൾ ഇടപെടണം

നഗരത്തിൽ ഏറ്റവും ജനവാസം കൂടിയ മേഖലകളിൽ സ്ഥിതി ചെയ്യുന്നവയാണ് ഈ 10 തടാകങ്ങളും. മലിനീകരണം, ഭൂഗർഭ ജലലഭ്യതയിലെ കുറവ്, ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കു തടാക കയ്യേറ്റം വഴിവയ്ക്കും. ഇവയെ സംരക്ഷിക്കാൻ സന്നദ്ധ സംഘടനകളും, പ്രാദേശിക കൂട്ടായ്മകളും മുന്നോട്ടുവരേണ്ടത് അത്യന്താപേക്ഷിതമാണെന്നും പഠനം പറയുന്നു. നഗരത്തിലെ 42 തടാകങ്ങൾ പൂർണമായും നശിച്ചതായി സംസ്ഥാന സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒപ്പം നഗരത്തിലെ 6 തടാകങ്ങളിൽ മാത്രമാണ് ശുദ്ധജലമുള്ളതെന്നു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും കണ്ടെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com