ADVERTISEMENT

ബെംഗളൂരു∙ സ്മാർട്ട് സിറ്റി പദ്ധതിയിൽ നഗരം പുതുമോടി അണിയുമ്പോഴും  അപകടക്കെണിയൊരുക്കി നഗരത്തിലെ തകർന്ന നടപ്പാതകൾ. പ്രധാന റോഡുകളിലും ഇടറോഡുകളിലും കാൽനടയാത്രക്കാരെ വീഴ്ത്താൻ പാകത്തിൽ സ്ലാബുകൾ തകർന്ന നടപ്പാതകൾ പതിവുകാഴ്ചയായിട്ടും നടപടി ഉണ്ടാകുന്നില്ല. മഴയിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന നടപ്പാതകളിൽ  വീണ് കാൽനടയാത്രക്കാർക്ക് പുറമേ ഇരുചക്രവാഹനയാത്രക്കാർക്കും പരുക്കേൽക്കുന്നുണ്ട്.

മഴക്കാലത്തിന് മുൻപുള്ള ഓട ശുചീകരണത്തിന്റെ ഭാഗമായി സ്ലാബുകൾ നീക്കം ചെയ്ത ഇടങ്ങളിൽ ഇവ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും വൈകുകയാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ കോൺക്രീറ്റ് കട്ടകൾ പാകിയാണ് നടപ്പാത നിർമിക്കുന്നത്. പഴയ റോഡുകളിൽ  കോൺക്രീറ്റ്, കരിങ്കൽ  സ്‌ലാബുകൾ ഉപയോഗിച്ചാണ് ഓടകൾ മൂടിയിരിക്കുന്നത്. കഴിഞ്ഞ വർഷം മേയിൽ ദൊഡ്ഡകല്ലസന്ദ്ര മെട്രോ സ്റ്റേഷന് സമീപം സ്ലാബ് തകർന്ന ഓടയിൽ വീണു കന്നഡ ഗായകനും മലയാളിയുമായ അജയ് വാരിയരുടെ കാലിന് പരുക്കേറ്റിരുന്നു.  

ശുചീകരണ തൊഴിലാളിക്ക് പരുക്ക് 

നന്ദിനി ലേഔട്ടിൽ അഴുക്ക് ചാലിന് മുകളിലെ നടപ്പാതയുടെ സ്ലാബ് തകർന്നുവീണു ബിബിഎംപി വനിതാ ശുചീകരണ തൊഴിലാളിക്ക്  ഗുരുതര പരുക്ക്. രത്‌നമ്മ (45) യ്ക്കാണ് പരുക്കേറ്റത്. നടപ്പാത വൃത്തിയാക്കുന്നതിനിടെ  6 അടി താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബ് തകർന്ന ഇവിടെ പഴയ പ്ലൈവുഡ് ഷീറ്റ് ഉപയോഗിച്ചാണ് താൽക്കാലികമായി അടച്ചിരുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിന് കോടികൾ മുടക്കുമ്പോഴും നടപ്പാതകളുടെ സ്ഥിതി ശോചനീയമായി തുടരുകയാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഇന്റർലോക്ക് ഇഷ്ടികകൾ പാകിയ നടപ്പാതകളിൽ പലയിടങ്ങളിലും മഴയ്ക്ക് പിന്നാലെ  ഇടിഞ്ഞിട്ടുണ്ട്. തെരുവുവിളക്കുകൾ പോലും കത്താത്ത ഇടങ്ങളിൽ തകർന്ന നടപ്പാതകളിലൂടെ ജീവൻ പണയം വച്ചാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്.

– കെ. പ്രദീപ്,  ഇൻഷുറൻസ് ഏജന്റ്, ശിവാജിനഗർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com