ADVERTISEMENT

ബെംഗളൂരു∙ നഗരത്തിലെ രാത്രിജീവിതം സജീവമാക്കാൻ ഹോട്ടലുകൾക്ക് മുഴുവൻ സമയവും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്ന ആവശ്യം വീണ്ടും സജീവമായി. 30 ദിവസത്തിനുള്ളിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് പി.സി.റാവു നിവേദനം നൽകി. 

രാത്രി ജീവിതത്തിന് ഏറെ പ്രാധാന്യമുള്ള നഗരത്തിൽ ഭക്ഷണശാലകൾ 24 മണിക്കൂറും പ്രവർത്തിക്കേണ്ടതുണ്ട്. കുറഞ്ഞത് വാണിജ്യമേഖലകളായ മല്ലേശ്വരം, ഇന്ദിരാനഗർ, ഹെബ്ബാൾ എന്നിവിടങ്ങളിലെങ്കിലും ഇതു നടപ്പിലാക്കണമെന്നും  നിവേദനത്തിൽ ആവശ്യപ്പെടുന്നു. 

വിലക്കയറ്റവും കോവിഡും ഉൾപ്പെടെ പ്രതിസന്ധിയിലാക്കിയ ഹോട്ടലുകൾക്കു തീരുമാനം ഗുണകരമാകുമെന്നാണ് വാദം. രാത്രി ജോലി ചെയ്യുന്നവർക്കും യാത്ര ചെയ്യുന്നവർക്കും ഉപകരിക്കുകയും ചെയ്യും.  ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാനും നടപടി സഹായിക്കുമെന്നും നിവേദനത്തിൽ പറയുന്നു. 

നിലവിൽ രാത്രി ഒരുമണി വരെയാണ് ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് രാത്രി 11 വരെയുണ്ടായിരുന്നത് 2 മണിക്കൂർ കൂടി നീട്ടാൻ പൊലീസ് അനുമതി നൽകിയത്. എന്നാൽ, പലയിടത്തും ഈ സമയം വരെ പ്രവർത്തിക്കാൻ പൊലീസ്  അനുവദിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

മദ്യവിൽപന ശാലകൾ സമയം പാലിക്കണം

മദ്യപിച്ചും മറ്റും എത്തുന്ന സംഘങ്ങൾ വാഹനങ്ങൾ തോന്നും പോലെ പാർക്ക് ചെയ്യുന്നതും മദ്യക്കുപ്പികളും മാലിന്യങ്ങളും വീടുകളിലേക്ക് വലിച്ചെറിയുന്നതും ഉൾപ്പെടെയുള്ള സംഭവങ്ങളാണ്  നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അധികൃതരെ പ്രേരിപ്പിക്കുന്നത്. എന്നാൽ മദ്യവിൽപന ശാലകൾ നിശ്ചയിച്ചിട്ടുള്ള സമയം കഴിഞ്ഞും പ്രവർത്തിക്കുന്നതു പലയിടത്തും പൊലീസ് കണ്ടില്ലെന്നു നടിക്കുന്നുവെന്ന പരാതി വ്യാപകമാണ്. ഇതു പരിഹരിച്ചാൽ സമാധാനപരമായ രാത്രി ജീവിതം സാധ്യമാണെന്നു പലരും ചൂണ്ടിക്കാട്ടുന്നു.

സുരക്ഷ ഉറപ്പാക്കണമെന്ന് പാർപ്പിട മേഖലകൾ

ഹോട്ടലുകൾ രാത്രി മുഴുവൻ പ്രവർത്തിക്കാൻ അനുമതി നൽകുമ്പോൾ സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികളും  ഉറപ്പാക്കണമെന്ന് റസിഡന്റ്സ് അസോസിയേഷനുകൾ ആവശ്യപ്പെടുന്നു. രാത്രി കച്ചവടം ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സമാകുന്നതായുള്ള പരാതികൾ നേരത്തേ ഉയർന്നിരുന്നു. തുടർന്ന് പാർപ്പിട മേഖലകളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ നേരത്തെ അടയ്ക്കാൻ പൊലീസ് നിർദേശം നൽകിയിരുന്നു.

ഐടി ജീവനക്കാർ ഉൾപ്പെടെ രാത്രി ജീവിതം ഇഷ്ടപ്പെടുന്ന ഒട്ടേറെ പേരുള്ളതിനാൽ മുഴുവൻ സമയവും ഹോട്ടലുകൾ തുറന്നു പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ, ഗുണ്ടാ സംഘങ്ങൾ രാത്രി  ഹോട്ടലുകളിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണ്. അതിനാൽ, ഇതു നടപ്പിലാക്കും മുൻപ് ശക്തമായ സുരക്ഷ ഉറപ്പാക്കണം.

ബിനു ഏബ്രഹാം, ടീ ടൈം കഫേ, മാരുതി നഗർ, മഡിവാള

ഗതാഗതക്കുരുക്ക് ഇല്ലാത് തിനാലും പാർക്കിങ് സൗകര്യം ലഭിക്കുമെന്നതിനാലും രാത്രികാലങ്ങളിൽ ഹോട്ടലുകൾ കൂടുതൽ സമയം പ്രവർത്തിക്കുന്നത്  പ്രയോജനകരമാണ്. പലപ്പോഴും രാത്രി ജോലി അവസാനിക്കുമ്പോൾ ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ട്. ഓൺലൈൻ ആയി ഓർഡർ ചെയ്താൽ കൊള്ളവില നൽകേണ്ടി  വരും.

എസ്. ആര്യൻ, ഐടി ജീവനക്കാരൻ, മത്തിക്കെരെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com