അടിപ്പാതകളിൽ വെള്ളക്കെട്ട്; നന്നാക്കുമെന്ന വാഗ്ദാനം വെള്ളത്തിലെ വര പോലെ

Mail This Article
ബെംഗളൂരു∙ അടിപ്പാതകളിലെ വെള്ളക്കെട്ടിനു പരിഹാരം കാണാനാകാതെ ബിബിഎംപി. ഇടവിട്ട് പെയ്യുന്ന മഴയിൽ പാണത്തൂരിൽ കാർ മുങ്ങിയ ദൃശ്യങ്ങൾ ട്രാഫിക് പൊലീസുമായി പങ്കുവച്ച് ജനം. പാണത്തൂരിനെയും കാടുബീസനഹള്ളിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ അടിപ്പാതയിലാണ് കാർ മുങ്ങിയത്. ഇതോടെ ബാരിക്കേഡുകൾ ഉപയോഗിച്ചു റോഡ് അടച്ച ട്രാഫിക് പൊലീസ് വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. വെള്ളക്കെട്ട് സ്ഥിരമായതോടെ നവീകരിക്കുന്നതിനായി അടച്ച അടിപ്പാത മാസങ്ങൾക്കു മുൻപാണ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. എന്നിട്ടും വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. രാജാജിനഗറിലെ ശ്രീരാമപുര അടിപ്പാതയും മുങ്ങിയതോടെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. ചാമരാജ്പേട്ട്, മജസ്റ്റിക്, മല്ലേശ്വരം, ഗാന്ധിബസാർ എന്നിവിടങ്ങളിലും റോഡുകളിൽ വെള്ളപ്പൊക്കമുണ്ടായി.
സിസിടിവി ക്യാമറ സ്ഥാപിക്കൽ വൈകുന്നു
മേയ് 21ന് കെആർ സർക്കിൾ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി 22 വയസ്സുള്ള ഐടി ജീവനക്കാരി മരിച്ചിരുന്നു. പിന്നാലെ നഗരത്തിലെ 53 അടിപ്പാതകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് ബിബിഎംപി പ്രഖ്യാപിച്ചെങ്കിലും നടപടിക്രമങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. ഹിക് കണക്ട് എന്ന സ്വകാര്യ കമ്പനിയുമായി ചേർന്നാണ് ബിബിഎംപി പദ്ധതി നടപ്പിലാക്കുന്നത്. ഹിക് കണക്ട് ആപ്പിലൂടെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും പരിശോധിക്കാൻ കഴിയും.
മുങ്ങാതിരിക്കാൻ മണ്ണിട്ട് ഉയർത്തും
ജെപി നഗർ സെവൻത് ഫേസിൽ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങൾ മണ്ണിട്ട് ഉയർത്താൻ പദ്ധതിയുമായി ബെംഗളൂരു വികസന അതോറിറ്റി(ബിഡിഎ). ആലഹള്ളി തടാകത്തിനു സമീപമുള്ള ലേഔട്ടിൽ ബിഡിഎ കമ്മിഷണർ ജി. കുമാർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. മെയിൻ റോഡുമായി താരതമ്യപ്പെടുത്തുമ്പോൾ 5 അടി താഴ്ചയിലാണ് ലേഔട്ട് സ്ഥിതി ചെയ്യുന്നതെന്നും ചെറുമഴയിൽ പോലും ഇവിടെ വെള്ളപ്പൊകമുണ്ടാകുന്നതായും കുമാർ പറഞ്ഞു.
മുങ്ങാൻ കുറച്ച് വെള്ളം മതി
നഗരത്തിൽ ഒരു സെന്റീമീറ്റർ മഴ പെയ്താൽ പോലും വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശങ്ങളുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പണത്തൂർ മെയിൻ റോഡിലും തുബരഹള്ളിയിലെ വിബ്ജിയോർ ഹൈസ്കൂൾ റോഡിലും ഒരു സെന്റീമീറ്റർ മഴ പെയ്താൽ വെള്ളക്കെട്ടുണ്ടാകും. കല്യാൺനഗർ റിങ് റോഡിൽ വെള്ളം പൊങ്ങാൻ 3 സെന്റീമീറ്റർ മഴ മതി. 4 സെന്റീമീറ്ററിൽ കൂടുതൽ മഴ പെയ്താൽ കെആർപുരം, മഹാദേവപുര, വിഗ്നാൻ നഗർ, ഐടിപിബി മെയിൻ റോഡ്, ടിൻ റോഡ് എന്നിവിടങ്ങൾ വെള്ളത്തിൽ മുങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവ ഉൾപ്പെടെ വെള്ളപ്പൊക്ക സാധ്യതയുള്ള 226 ഇടങ്ങൾ കണ്ടെത്തി ബിബിഎംപിക്കു സമർപ്പിച്ചു.