ADVERTISEMENT

ബെംഗളൂരു∙ നമ്മ മെട്രോ ബയ്യപ്പനഹള്ളി–കെആർ പുരം പാത 29ന് തുറക്കാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നതായി ബിഎംആർസി. 2.5 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധന ഇന്ന് ആരംഭിക്കും. കമ്മിഷണറുടെ അനുമതി ലഭിക്കുന്നതിന് അനുസരിച്ചാകും ഉദ്ഘാടന തീയതി പ്രഖ്യാപിക്കുകയെന്നും ബിഎംആർസി എംഡി അൻജൂം പർവേസ് പറഞ്ഞു. എന്നാൽ 1.5 കിലോമീറ്റർ ദൂരമുള്ള ചല്ലഘട്ട–കെങ്കേരി പാതയിൽ റെയിൽവേ സുരക്ഷാ കമ്മിഷണറുടെ പരിശോധനയ്ക്കുള്ള തീയതി നിശ്ചയിച്ചിട്ടില്ല. ഇതു വേഗത്തിലാക്കുന്നതിനായി ശ്രമം തുടരുന്നതായും പർവേസ് പറഞ്ഞു.

ചല്ലഘട്ട മുതൽ വൈറ്റ്ഫീൽഡ് വരെ 42.49 കിലോമീറ്റർ ദൂരം ഒറ്റ ട്രെയിനിൽ സഞ്ചരിക്കാൻ അവസരം ഒരുക്കുന്ന ഇരുപാതകളും ഒരുമിച്ചു തുറക്കാനാണ് ബിഎംആർസി ഉദ്ദേശിക്കുന്നത്. ഒരു വശത്തേക്ക് 60 രൂപയാകും ടിക്കറ്റ് നിരക്കായി ഈടാക്കുക. ഒറ്റത്തവണ യാത്ര 76 മിനിറ്റ് കൊണ്ട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാത തുറക്കുന്നതോടെ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 7 ലക്ഷമായി വർധിക്കും.

ബയ്യപ്പനഹള്ളിയിലെ പ്ലാറ്റ്ഫോം തുറക്കും

ഒന്നര വർഷത്തിലധികമായി അടച്ചിട്ട ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ വീണ്ടും തുറക്കും. നിലവിൽ ട്രെയിൻ സർവീസ് അവസാനിപ്പിക്കുന്നതും പുറപ്പെടുന്നതും മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ്. ബയ്യപ്പനഹള്ളി–കെആർപുരം പാതയുടെ നിർമാണത്തിന്റെ ഭാഗമായാണ് പ്ലാറ്റ്ഫോമുകൾ അടച്ചിട്ടത്. ചല്ലഘട്ട–വൈറ്റ്ഫീൽഡ് പാതയ്ക്ക് ഒപ്പമാകും ഇവയും തുറക്കുക. ഇരു പ്ലാറ്റ്ഫോമുകളിലും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയതായി ബിഎംആർസി എക്സിക്യൂട്ടീവ് ഡയറക്ടർ എ.എസ്.ശങ്കർ അറിയിച്ചു. വൈറ്റ്ഫീൽഡിലേക്കുള്ള ട്രെയിനുകൾ ഒന്നാമത്തെ പ്ലാറ്റ്ഫോമിലും ചല്ലഘട്ടയിലേക്കുള്ള ട്രെയിനുകൾ രണ്ടാമത്തെ പ്ലാറ്റ്ഫോമിലുമാകും നിർത്തുക.

മൊബിലിറ്റി കാർഡ് വിൽപനയിൽ വർധന

നമ്മ മെട്രോയിലും ബിഎംടിസിയിലും ഒറ്റ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ അവസരം ഒരുക്കുന്ന നാഷനൽ കോമൺ മൊബിലിറ്റി കാർഡിന്റെ വിൽപന വർധിച്ചതായി ബിഎംആർസി. പ്രതിദിനം ശരാശരി 400 കാർഡുകൾ വിറ്റു പോകുന്നതായി അധികൃതർ അറിയിച്ചു. ഒപ്പം പ്രതിദിനം നാലായിരത്തോളം പേർ മെട്രോ യാത്രയ്ക്കായി ഇവ ഉപയോഗിക്കുന്നുണ്ട്. ആർബിഎൽ ബാങ്കുമായി സഹകരിച്ച് ബിഎംആർസി പുറത്തിറക്കിയ കാർഡിന് 50 രൂപയാണ് വില. എന്നാൽ നിലവിലുള്ള സ്മാർട് കാർഡുകൾ നൽകുന്നവർക്കു തികച്ചും സൗജന്യമായി കോമൺ മൊബിലിറ്റി കാർഡ് സ്വന്തമാക്കാം. മെട്രോ സ്റ്റേഷൻ കസ്റ്റമർ കെയർ കൗണ്ടറുകളിനു പുറമേ ബാങ്ക് ശാഖകളിലും കാർഡുകൾ ലഭിക്കും. രാജ്യത്തെ മറ്റു മെട്രോ ട്രെയിനുകളിലും ഈ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ കഴിയും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളായി ഇവ ഉപയോഗിക്കാം. മാളുകളിൽ ഉൾപ്പെടെ ഷോപ്പിങ് നടത്താം. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനും ടോൾ, പാർക്കിങ് ഫീ എന്നിവ നൽകാനുമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com