കെആർ മാർക്കറ്റിലും ചിക്ക്പേട്ടിലും ദുരവസ്ഥ; മഴ, കുഴി, ദുരിതയാത്ര...

Mail This Article
ബെംഗളൂരു∙ മഴ തുടരുന്നതിനിടെ തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളായ കെആർ മാർക്കറ്റിലും ചിക്ക്പേട്ടിലും ദുരിതയാത്ര. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ നവീകരണം ഒരു ഭാഗത്ത് തുടരുമ്പോൾ തകർന്ന റോഡുകളും മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്കും മാറ്റമില്ല. ഉത്സവ സീസണുകളിൽ ഉൾപ്പെടെ ആയിരങ്ങൾ എത്തുന്ന നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെ ദുരവസ്ഥ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
അവന്യൂ റോഡ്, കോട്ടൺപേട്ട്, സുൽത്താൻപേട്ട് എന്നിവിടങ്ങളിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡ് നവീകരണം ഏറക്കുറെ പൂർത്തിയായെങ്കിലും ചിക്ക്പേട്ട്, ബിവികെ അയ്യങ്കാർ റോഡ് എന്നിവിടങ്ങളിലെ റോഡുകൾ തകർന്നുകിടക്കുകയാണ്. കുഴികൾ നിറഞ്ഞ റോഡിലൂടെ വാഹനയാത്രയും ദുഷ്കരമാണ്.
സ്മാർട്ടാകാതെ കെആർ മാർക്കറ്റ്
സ്മാർട്ട് സിറ്റി പദ്ധതിയിൽ കോടികൾ ചെലവഴിച്ച് നവീകരിച്ചെങ്കിലും കെആർ മാർക്കറ്റിൽ ഇപ്പോഴും മൂക്കുപൊത്താതെ നടക്കാൻ കഴിയില്ല. കുന്നുകൂടിക്കിടക്കുന്ന മാലിന്യം മഴ പെയ്താൽ റോഡിലേക്ക് ഒലിച്ചിറങ്ങുന്നതോടെ കാൽനടയാത്ര പോലും അസാധ്യമാണ്. ഉത്സവ സീസണുകളിൽ പതിവിലേറെ കുന്നുകൂടുന്ന മാലിന്യം ദിവസങ്ങൾക്കു ശേഷമാണ് നീക്കം ചെയ്യുന്നത്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾ വ്യാപകമായിട്ടും പ്രധാന വ്യാപാര കേന്ദ്രത്തിന്റെ ദുരവസ്ഥ മാറ്റാൻ അധികൃതർക്കായിട്ടില്ല.
പാഴാക്കുന്നത് കോടികൾ; ഫലം സംപൂജ്യം
ഒരു കാലത്തും ശാപമോക്ഷം ലഭിക്കാത്ത റോഡുകളാണ് ചിക്ക്പേട്ടിലേത്. പൊട്ടിയൊലിക്കുന്ന സീവേജ് പൈപ്പുകളും തകർന്ന ആൾനൂഴികളും പതിവു കാഴ്ചയാണ്. വിവിധ പദ്ധതികളുടെ പേരിൽ കോടികൾ പാഴാക്കുന്നതല്ലാതെ ഫലം കാണുന്നില്ല. ചെറിയ ചാറ്റൽ മഴ പെയ്താൽ പോലും കടകളിലേക്ക് വെള്ളം കയറും.
നവാസ് ഹുസൈൻ (വ്യാപാരി, ചിക്ക്പേട്ട്)