ബംഗാൾ രാജ്ഭവനിൽ വിശ്വഭാരതി യാത്രാ സംഘത്തിന് സ്വീകരണം നൽകി
Mail This Article
കൊൽക്കത്ത∙ മമതയുള്ളയിടത്ത് ആനന്ദവും ആനന്ദമുള്ളയിടത്ത് മമതയുണ്ടാകുമെന്നും ഇതാണ് ഇന്നത്തെ ബംഗാളിന്റെ മുഖമെന്നും ഗവർണർ സി.വി.ആനന്ദ് ബോസ്. കേരളത്തിൽനിന്ന് രബീന്ദ്രടഗോർ സ്ഥാപിച്ച വിശ്വഭാരതിയിലേക്ക് പോകൂന്ന 'യാത്ര' എന്ന സഞ്ചാരികളുടെ കൂട്ടായ്മക്ക് രാജ്ഭവനിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിന്രെയും സംസ്കാരത്തിന്റെയും ഭാഗമായ പ്രദേശങ്ങളും സ്മാരകളും സന്ദർശിക്കുന്ന യാത്ര എന്ന സംഘത്തിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ബംഗാൾ സന്ദർശനം. പുതു വിജ്ഞാനധാരയെ യാത്രകളുമായി ബന്ധപ്പെടുത്തി സാംസ്കാരിക വിനിമയരംഗത്ത് സവിശേഷമായ പ്രവർത്തനശൈലിയിൽ നീങ്ങുന്ന യാത്ര സംഘത്തിന് 25000 രൂപയുടെ പുരസ്കാരം ഗവർണർ പ്രഖ്യാപിച്ചു.
അധ്യാപകരും സമൂഹത്തിന്രെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച 50 പേരാണ് യാത്ര സംഘത്തിലുള്ളത്. ബംഗാളിലെ സർവകലാശാലകളിലെ സെനറ്റിലേക്ക് യാത്രാ സംഘത്തിൽ നിന്ന് രണ്ടു പേരെ നാമനിർദ്ദേശം ചെയ്യുമെന്ന് ചാൻസലർ കൂടിയായ ഗവർണർ പറഞ്ഞു.
'വിശ്വഭാരതി'യിലേക്ക് എന്ന യാത്രാകാവ്യം ബാലകൃഷ്ണൻ അഞ്ചത്ത് ഗവർണർക്ക് സമർപ്പിച്ചു.ഗവർണർ തൻറെ പുസ്തകങ്ങൾ സംഘാംഗങ്ങൾക്ക് സമ്മാനമായി നൽകി. യാത്ര സംഘത്തിന് വിരുന്നു സൽക്കാരവും നൽകി. 'യാത്ര'യുടെ കോഡിനേറ്റർ കെ രാജൻ ,ഗവർണറുടെ പ്രസ്സ് സെക്രട്ടറിയും എഴുത്തുകാരനുമായ അജിത്ത് വെണ്ണിയൂർ എന്നിവർ പ്രസംഗിച്ചു.