ഇവിടെ കാറ്റിന് കാപ്പിമണം

Mail This Article
ബെംഗളൂരു ∙ കാപ്പിക്കുരുവിനെ മാത്രം ആശ്രയിച്ചുള്ള ഉൽപാദനം കാലത്തിനനുസരിച്ച് മാറുകയാണ്. കാപ്പിയുടെ തണ്ടും ഇലയും ഉൾപ്പെടെ മൂല്യവർധിത ഉൽപന്നങ്ങളാണ്. രാജ്യത്തെ കാപ്പി ഉൽപാദനത്തിൽ മുന്നിട്ട് നിൽക്കുന്ന കർണാടകയിലെ മലനാട് മേഖലയിൽ നിന്ന് വ്യത്യസ്തമായ കാപ്പി വിഭവങ്ങളാണ് ആഗോള കാപ്പി പ്രദർശനത്തിൽ അവതരിപ്പിക്കുന്നത്. കാപ്പിക്കുരു ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളും ചിത്രങ്ങളുമാണു വനിതാ കൂട്ടായ്മകളുടെ സ്റ്റാളുകളിൽ വേറിട്ടു നിൽക്കുന്നത്.

വെറുതേയൊരു കാപ്പി കുടിക്കുന്നതും ആസ്വദിച്ച് കുടിക്കുന്നതും തമ്മിലുള്ള വ്യത്യാസമാണ് രാജ്യാന്തര കാപ്പി ശൃംഖലകളുടെ സ്റ്റാളുകളെ ആകർഷകമാക്കുന്നത്. കർണാടകയിലെ പ്രധാന കാപ്പി ഉൽപാദന മേഖലകളായ കുടക്, ചിക്കമഗളൂരു, ഹാസൻ എന്നിവിടങ്ങളിൽ നിന്നുള്ള വൻകിട, ചെറുകിട തോട്ടം ഉടമകൾ പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായ കാപ്പിരുചികളാണ് അവതരിപ്പിക്കുന്നത്. ഫിൽറ്റർ, ഇൻസ്റ്റന്റ് കാപ്പികൾക്കു പുറമേ ചൂടുവെള്ളത്തിൽ നേരിട്ട് ഉപയോഗിക്കാവുന്ന വിവിധ ഫ്ലേവറുകളിലുള്ള ഡിക്കോഷനുകളും എനർജി ഡ്രിങ്കുകളുമാണു കാലത്തിനനുസൃതമായി വിപണിയിൽ എത്തുന്നത്.
മേളയിൽ തിളങ്ങി കേരള പവിലിയൻ

കേരളത്തിന്റെ വാണിജ്യ വ്യവസായ പ്ലാന്റേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ പവിലിയനിലേക്കു വയനാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ള കർഷകരും ഉൽപാദകരുമാണു വൈവിധ്യമേറിയ കാപ്പി വിഭവങ്ങളുമായി എത്തിയിരിക്കുന്നത്. തേയില ഉൽപാദനത്തിനു പേരുകേട്ട മൂന്നാർ മലനിരകളിലെ കാന്തല്ലൂർ കീഴാറ്റൂർ കാപ്പിക്ക് സ്ത്രീശാക്തീകരണത്തിന്റെ വിജയഗാഥ കൂടിയുണ്ട്. കോട്ടയം മണർകാട് ആസ്ഥാനമായ പ്ലാന്റ് റിച്ച് അഗ്രിടെക് പ്രൈവറ്റ് ലിമിറ്റഡാണ് കാപ്പി വിപണിയിലെത്തിക്കുന്നത്. 5000 വനിതകൾ കൂട്ടായ്മയിലുണ്ട്.

വയനാടൻ മലനിരകളിൽ നിന്നുള്ള റോബസ്റ്റ, അറബിക്ക ബീൻസുകളുമായാണ് ബത്തേരി ബീനാച്ചിയിൽ നിന്നുള്ള നൂട്രീക്കോ കോഫി ഇന്ത്യ എംഡി വസന്ത്കുമാർ എത്തിയിരിക്കുന്നത്. കോപ്പി ടേസ്റ്റിങ് മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വസന്ത്കുമാർ 2 വർഷം മുൻപാണ് സംരംഭകനായത്.
വെല്ലുവിളിയായി കാലാവസ്ഥാ വ്യതിയാനം
കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക അസ്ഥിരതയുമാണ് രാജ്യത്തെ കാപ്പിമേഖല നേരിടുന്ന വെല്ലുവിളികളെന്ന് ആഗോള കോഫി സമ്മേളനം അഭിപ്രായപ്പെട്ടു. വനനശീകരണം, മണ്ണിന്റെ ഗുണമേന്മ എന്നിവയും കാപ്പി ഉൽപാദനത്തിന് പ്രതിസന്ധിയാകുന്നുണ്ടെന്ന് ഫയർഫ്ലൈ ലൈഫ് സയൻസ് ഡയറക്ടർ നന്ദിത അബ്റോ പറഞ്ഞു. കാലംതെറ്റിയുള്ള മഴയും മഞ്ഞുവീഴ്ചയും കാപ്പിയുടെ വിളവെടുപ്പിനെ ബാധിക്കുന്നു. രാജ്യത്ത് കാപ്പി ഉൽപാദിപ്പിക്കുന്നവരിൽ ഭൂരിഭാഗവും കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ പരമ്പരാഗത ചെറുകിട കർഷകരാണ്.